പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍ മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം
Email: info@nrklegal.com
ചോദ്യം: പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ 2016 ഞാന്‍ ജോയിന്‍ ചെയ്തു. ഇപ്പോഴും ക്ഷേമനിധിയിലേക്ക് തുക അടച്ചു കൊണ്ടിരിക്കുന്നു .
1. എത്ര വര്‍ഷമാണ് തുടര്‍ച്ചയായി അടയ്‌ക്കേണ്ടത്?
2. എത്ര വയസ്സുവരെയാണ് തുടര്‍ച്ചയായി അടക്കേണ്ടത്?
3. 30 വയസ്സില്‍ ജോയിന്‍ ചെയ്യുന്ന ഒരാള്‍ 60 വയസ്സുവരെ തുടര്‍ച്ചയായി അടയ്ക്കുമ്പോള്‍, നിലവില്‍ അവര്‍ക്ക് മാക്‌സിമം പെന്‍ഷന്‍ ലഭിക്കുന്നത് 7000 രൂപയാണ് എന്നാണ് അറിയുന്നത് . തീര്‍ച്ചയായിട്ടും ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യപെടന്നു.
വര്‍ഗ്ഗീസ് ജോര്‍ജ്ജ്, സൗദി അറേബ്യ
ഉത്തരം: നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് 18 വയസ്സില്‍ ഒരാള്‍ ക്ഷേമനിധിയില്‍ ചേരുകയാണെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ തുടര്‍ച്ചയായി മാസവരി അടക്കണം. എന്നാലേ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ കിട്ടുകയുള്ളു. കുടിശ്ശിക വരുത്തിയാല്‍ പലിശ കൊടുക്കേണ്ടിവരും. ഇത് പ്രവാസികള്‍ക്ക് വല്ലാത്ത ബാധ്യതയാണ് വരുത്തുന്നത്. പെന്‍ഷന്‍ സ്‌കീമില്‍ ചേരുന്ന ഓരോ പ്രവാസിക്കും ക്ഷേമനിധി ബോര്‍ഡ് കൊടുക്കുന്ന സംഭാവന ആദ്യ 5 വര്ഷം അടക്കുന്ന തുകയുടെ 2 ശതമാനം ആണ്. 5 വര്‍ഷത്തിനുശേഷം അടക്കുന്ന തുകക്ക് ബോര്‍ഡ് ഒന്നും സംഭാവന ചെയ്യുന്നില്ല.
ഇപ്പോഴത്തെ ചട്ടങ്ങള്‍ അനുസരിച്ച് (ചട്ടങ്ങള്‍ കൂടെക്കൂടെ മാറാം എന്നതുകൊണ്ട് ഇവിടെക്കൊടുത്തിരിക്കുന്ന തുകകള്‍ സാങ്കല്പികമാണ്) 350 രൂപ വീതം പ്രതിമാസം 60 മാസത്തേക്ക് 21,000 അടക്കുകയാണെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 3500 രൂപ പ്രതിമാസം പെന്‍ഷനായി കിട്ടും. ഇതിനുപുറമേ നിങ്ങള്‍ നേരത്തേ പറഞ്ഞ 21000 രൂപ യോടൊപ്പം അധികമായി അടച്ച തുകയുടെ 3 ശതമാനവും അധിക പെന്‍ഷനായി ലഭിക്കും. എന്നാല്‍ ഈ തുക ഒരു കാരണവശാലും 3500 രൂപയില്‍ കൂടാന്‍ പാടില്ലെന്നാണ് ചട്ടം.
അതായത് ഒരാള്‍ 18 വയസ്സില്‍ ക്ഷേമനിധിയില്‍ ചേര്‍ന്ന് 60 വയസ്സുവരെ പ്രതിമാസം 350 രൂപവച്ചു മാസവരി അടച്ചാല്‍ അയാള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള പരമാവധി പെന്‍ഷന്‍ പ്രതിമാസം 7000 രൂപയായിരിക്കും എന്നര്‍ത്ഥം. ഒരു പ്രവാസി, തനിക്ക് മിനിമം പെന്‍ഷന്‍ മാത്രം മതി എന്ന ഉദ്ദേശത്തോടെ നിലവിലുള്ള നിരക്കനുസരിച്ച് 5 വര്ഷം മാസവരി കൊടുത്തിട്ട് മിണ്ടാതിരുന്നാല്‍ അയാള്‍ക്ക് ഒരിക്കലും പെന്‍ഷന്‍ കിട്ടില്ല; 60 വയസ്സുവരെ തുടര്‍ച്ചയായി അടച്ചുകൊണ്ടേയിരിക്കണം.
പെന്‍ഷന്‍ കിട്ടണമെങ്കില്‍ ചട്ടപ്രകാരം അടക്കാനുള്ള തുകയും അതിന്റെ പലിശയും ബോര്‍ഡിന് കൊടുക്കേണ്ടിവരും. സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഈ ചട്ടം 2008-ലെ പ്രവാസി കേരളീയ (THE NON-RESIDENT KERALITES’ WELFARE ACT, 2008) നിയമത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ബോര്‍ഡിന്റെ ചട്ടങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു നിവേദനം ക്ഷേമനിധി ബോര്‍ഡിനും നോര്‍ക്ക വകുപ്പിനും (നോര്‍ക്ക റൂട്‌സിനല്ല, സര്‍ക്കാറിന് ) കൊടുക്കണം. അതോടൊപ്പം തന്നെ എന്‍.ആര്‍. ഐ കമ്മീഷനെയും സമീപിക്കാവുന്നതാണ്. അവിടെയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പിന്നെ കോടതിയെ സമീപിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com
content highlights: How many consecutive years should be paid to get non-resident pension?