അമിത് ഷായ്ക്ക് 120, യോഗിയ്ക്ക് 283: കേരളത്തില്‍ തങ്ങളുടെ എത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നുപോലും ഇവര്‍ക്ക് അറിയില്ലെന്ന് മുന്‍ ബി.ജെ.പി നേതാവ്
India
അമിത് ഷായ്ക്ക് 120, യോഗിയ്ക്ക് 283: കേരളത്തില്‍ തങ്ങളുടെ എത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നുപോലും ഇവര്‍ക്ക് അറിയില്ലെന്ന് മുന്‍ ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th October 2017, 11:56 am

കണ്ണൂര്‍: കേരളത്തിലെ സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി നേതൃത്വം ഉന്നയിക്കുന്ന പ്രധാന ആരോപണം അവര്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നുവെന്നാണ്. എന്നാല്‍ ഈ ആരോപണത്തില്‍ തന്നെ നേതാക്കള്‍ക്ക് ഒരു വ്യക്തതയുമില്ലെന്ന് തുറന്നുകാട്ടിയിരിക്കുകയാണ് ബി.ജെ.പിയുടെ ജനരക്ഷാ യാത്ര.

ജനരക്ഷാ യാത്രയുടെ ആദ്യ ദിനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരില്‍ പറഞ്ഞത് കേരളത്തില്‍ 120 ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്.

എന്നാല്‍ പിറ്റേദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ണൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സിനുമുമ്പില്‍ സംസാരിച്ചപ്പോള്‍ കൊല്ലപ്പെട്ട ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം 283 ആയി. ” കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ 283 ബി.ജെ.പി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.” എന്നാണ് യോഗിയുടെ പരാമര്‍ശം. ഇരുനേതാക്കളും ഏതുകാലയളവിലെ കണക്കുകളാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

കേരളത്തില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുകയാണെന്ന് 2014ല്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ബി.ജെ.പിയുടെ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വാസു പറയുന്നു.

“അവരുടെ പാര്‍ട്ടിയില്‍ നിന്നും കൊല്ലപ്പെട്ടവരുടെ എണ്ണം പോലും അവര്‍ക്ക് അറിയില്ല. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂമിയാക്കി ചിത്രീകരിക്കുകയെന്നതു മാത്രമാണ് ജനപക്ഷാ യാത്രയുടെ ലക്ഷ്യമെന്നാണ് ഇത് കാണിക്കുന്നത്.” അദ്ദേഹം പറഞ്ഞു.