|

ഓടിനടന്ന മമതയെക്കാള്‍ ബി.ജെ.പി ഭയക്കേണ്ടത് ഒടിഞ്ഞകാലുമായി നന്ദിഗ്രാമിലെത്തിയ മമതയെ; എളുപ്പമാകില്ല ബി.ജെ.പിക്ക് ജയിച്ചുകയറാന്‍

അളക എസ്. യമുന

”ഞാന്‍ നിരവധി യുദ്ധങ്ങള്‍ നേരിട്ടിട്ടുണ്ട്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ തലകുനിച്ചിട്ടില്ല, ഒടിഞ്ഞ കാലുമായി ആശുപത്രി വിട്ടശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞ വാക്കുകളാണിത്. ഇനി ഒരു മൂന്ന് ദശാബ്ദക്കാലം പിന്നോട്ട് പോകാം.

1990 ഓഗസ്റ്റ് 16, അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമത ബാനര്‍ജിക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മമത ആക്രമിക്കപ്പെട്ടു. മമതയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ദിവസങ്ങളോളം അവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.

അവിടംകൊണ്ടൊന്നും മമതയുടെ പോരാട്ടം അവസാനിച്ചില്ല. 90 കള്‍ മമതയുടെ പോരാട്ടത്തിന്റെ കാലം കൂടിയായിരുന്നു. കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1997 ല്‍ അവര്‍ പാര്‍ട്ടി വിടുകയും 1998 ജനുവരി ഒന്നിന് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു.

ഇനി 2021 മാര്‍ച്ച് 12 ലേക്ക് പോകാം, ഒടിഞ്ഞ കാലില്‍ പ്ലാസ്റ്റര്‍ ഇട്ട് എസ്.എസ്.കെ.എം ആശുപത്രിയില്‍ നിന്നും ബംഗാളിലെ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് ഇറങ്ങിവരുന്ന മമത.

പ്ലാസ്റ്ററിട്ട കാലുമായി ആശുപത്രിക്കിടക്കയില്‍ നിന്നും വീല്‍ചെയറില്‍ മമത ഇറങ്ങിവന്നത് ബംഗാളിലെ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് മാത്രമല്ല, ബംഗാള്‍ അങ്ങ് സ്വന്തമാക്കിക്കളയാമെന്ന ബി.ജെ.പിയുടെ ആഗ്രഹത്തിനോ അല്ലെങ്കില്‍ അത്യാഗ്രഹത്തിനോ മുകളിലേക്ക് കൂടിയാണ്.

2021 ലെ ബംഗാള്‍ തെരഞ്ഞെടുപ്പിന് വേണ്ടി ബി.ജെ.പി ഉറക്കമൊഴിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബംഗാള്‍ കയ്യിലെടുക്കാം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുപാട് നാളുകള്‍ക്ക് മുന്‍പ് ബി.ജെ.പി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ ‘ബുദ്ധി കേന്ദ്ര’വുമായ അമിത് ഷായുടെ മേല്‍നോട്ടത്തിലായിരുന്നു ബംഗാളില്‍ ബി.ജെ.പിയുടെ ഓരോ നീക്കങ്ങളും.

ബി.ജെ.പി ചരടുവലിച്ചു തുടങ്ങിയപ്പോള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസിന് ഉണ്ടായ നഷ്ടങ്ങള്‍ ഒട്ടും ചെറുതല്ലായിരുന്നു. മമതയുടെ വലം കയ്യായ സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പിക്ക് വളരെ എളുപ്പത്തില്‍ തന്നെ സാധിച്ചു.

പാര്‍ട്ടിയില്‍ നിന്ന് തുടര്‍ച്ചയായി നേതാക്കള്‍ കൊഴിഞ്ഞുപോകുമ്പോഴും പോകുന്നവര്‍ക്ക് പോകാം തൃ
ണമൂലിന് ഒന്നും സംഭവിക്കില്ലെന്ന നിലപാടായിരുന്നു മമത സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ മമത കാണിച്ച അതേ മനക്കരുത്താണ് പാര്‍ട്ടിയിലെ പ്രതിസന്ധി നേരിടാനും അവര്‍ കാണിച്ചത്.

കോണ്‍ഗ്രസ് വിട്ട് സ്വന്തമായി പാര്‍ട്ടി രൂപികരിക്കുകയും ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആധിപത്യം തകര്‍ത്ത് അധികാരത്തിലേറുകയും ചെയ്ത മമതയ്ക്ക് ഇത്തവണയും വലിയ ആശങ്കകളൊന്നും ഉണ്ടായിട്ടില്ലാ എന്നുതന്നെ വേണം കരുതാന്‍. എന്നാല്‍ ബി.ജെ.പിയുടെ കാര്യം അങ്ങനെ അല്ലായിരുന്നു.

തൃണമൂലിനെതിരെയുള്ള ഓരോ നീക്കങ്ങളും ബി.ജെ.പിക്ക് ചെറുതല്ലാത്ത പ്രതീക്ഷയാണ് ഉണ്ടാക്കിയത്. ബി.ജെ.പിയുടെ പ്രതീക്ഷയ്ക്ക് കാരണങ്ങള്‍ ഇല്ലെന്നും പറയാന്‍ പറ്റില്ല. ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ച കണക്ക് വെച്ചു നോക്കുമ്പോള്‍ തള്ളിക്കളയാനും കഴിയില്ല.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 16 ശതമാനം വോട്ടും മൂന്ന് ലോക്‌സഭാ സീറ്റുകളുമായിരുന്നു ലഭിച്ചത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനിടയില്‍ ബി.ജെ.പി ബംഗാളില്‍ ഉണ്ടാക്കിയ വളര്‍ച്ച ചെറുതല്ല. 16 ശതമാനത്തില്‍ നിന്നും 24 ശതമാനം വോട്ടുകള്‍ നേടുകയും 18 പാര്‍ലമെന്റ് സീറ്റുകള്‍ ബി.ജെ.പി സ്വന്തമാക്കുകയും ചെയ്തു. ബി.ജെ.പിയെ സംബന്ധിച്ച് ബംഗാളിലെ ഈ നേട്ടം അടയാളപ്പെടുത്തേണ്ടതുതന്നെയാണ്.

ഈ ഒരു സാഹചര്യം വരുംകാലങ്ങളിലും പ്രയോജനപ്പെടുത്താമെന്നുതന്നെയാണ് ബി.ജെ.പി ലക്ഷ്യമിട്ടതും അതുമുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതും.

എന്നാല്‍, ബി.ജെ.പി ബംഗാളില്‍ എഴുതിയ തിരക്കഥയിലെ ട്വിസ്റ്റ് സംഭവിക്കുന്നത് മാര്‍ച്ച് പത്തിനാണ്. നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകുംവഴി മമതാ ബാനര്‍ജിക്കെതിരെ ആക്രമണം നടക്കുന്നു. ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ച് പേര്‍ വന്ന് തള്ളിയെന്നും കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചു എന്നുമാണ് സംഭവത്തെക്കുറിച്ച് മമത പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ കാലിന് പരിക്കേറ്റ മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമൊണെന്നും കാലിനും തോളെല്ലിനും സാരമായിത്തന്നെ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. മമത ബാനര്‍ജിയെ അക്രമിച്ചതാരാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്നാല്‍ മമതയ്‌ക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും പിന്നില്‍ ബി.ജെ.പിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു.

എന്നാല്‍, നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നു.

മമതയ്ക്ക് നേരെ നടന്ന ആക്രമണം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ഒരു വിഭാഗം പറഞ്ഞു, അല്ല തൃണമൂലിന്റെ നാടകമാണെന്ന് ബി.ജെ.പി ഉള്‍പ്പെടെയുള്ള മറ്റൊരു വിഭാഗം പറഞ്ഞു. എന്തായാലും മമതയ്ക്ക് നേരെയുള്ള ആക്രമണം വലിയ രീതിയില്‍ തന്നെ ബംഗാള്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ചു.

ആക്രമണം നടന്നോ ഇല്ലയോ എന്ന തര്‍ക്കം ഒരു ഭാഗത്ത് ചൂടുപിടിക്കുമ്പോള്‍ പ്ലാസ്റ്ററിട്ട കാലുമായി ആശുപത്രി വിട്ട മമത ബംഗാളിനെ വീണ്ടും ഇളക്കിമറിച്ചു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി മമത എത്തിയത് നന്ദിഗ്രാമിലെ വെടിപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനായിരുന്നു. പരിക്കേറ്റ കടുവ ചത്ത കടുവയെപ്പോലെയല്ല, അത് കൂടുതല്‍ അപകടകാരിയായിരിക്കും എന്ന് വീല്‍ ചെയറില്‍ ഇരുന്ന് മമത പറഞ്ഞു.
ഒടിഞ്ഞ കാലുമായി താന്‍ ബംഗാളില്‍ ചുറ്റിക്കറങ്ങുമെന്നും ഒരു കളിക്ക് താന്‍ തയ്യാറാണെന്നും മമത പ്രഖ്യാപിച്ചു. നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ മത്സരിക്കുന്ന ബി.ജെ.പിയുടെ സുവേന്തു അധികാരിക്കുള്ള മറുപടിയായിരുന്നു മമത നല്‍കിയത്.

” ഞാന്‍ നിരവധി യുദ്ധങ്ങള്‍ നേരിട്ടിട്ടുണ്ട്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ തലകുനിച്ചിട്ടില്ല. 15 ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ . ഞാന്‍ വിശ്രമിക്കുകയാണെങ്കില്‍, ബംഗാളിലെ ജനങ്ങളിലേക്ക് ആര് എത്തിച്ചേരും? അങ്ങനെ സംഭവിച്ചാല്‍ ഗൂഢാലോചനക്കാര്‍ വിജയിക്കും’ റാലിയില്‍വെച്ച് മമത പറഞ്ഞ വാക്കുകള്‍ കയ്യടിയോടയാണ് ജനക്കൂട്ടം സ്വീകരിച്ചത്.

തൃണമൂലിന്റെ ലേബലില്‍ സുവേന്തു അധികാരി ജയിച്ചു കയറി മണ്ഡലം പുഷ്പം പോലെ നേടിയെടുക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കാണ് ഇവിടെ മങ്ങലേറ്റത്. നന്ദിഗ്രാമില്‍ മമത മത്സിക്കുമെന്ന വാര്‍ത്ത തന്നെ ബി.ജെ.പിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയായിരുന്നു. എന്നാല്‍ അതിനെക്കാള്‍ ഇരട്ടി പ്രഹരമാണ് ഒടിഞ്ഞ കാലുമായി നന്ദിഗ്രാമിലെത്തിയ മമത ബി.ജെ.പിക്ക് നല്‍കിയിരിക്കുന്നത്.

ഓടിനടന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച മമതയെക്കാളും ബി.ജെ.പി ഭയക്കേണ്ടത് ഓടിഞ്ഞകാലുമായി വീല്‍ചെയറില്‍ ഇരുന്ന് ഒരു കളിക്ക് താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച മമതയെ തന്നെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: How Mamata Banerjee’s plastered leg effects Bengal election

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.