| Tuesday, 16th January 2018, 2:47 pm

'അഡ്ജസ്റ്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകളാണ് ഒരു നടി ഇവിടെ കേള്‍ക്കുന്നത്'; സിനിമാ മേഖലയിലെ വിവേചനവും സ്ത്രീവിരുദ്ധതയും എണ്ണിപ്പറഞ്ഞ് റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ രംഗത്ത് നിലനില്‍ക്കുന്ന വിവേചനവും സ്ത്രീവിരുദ്ധതയും തുറന്നുപറഞ്ഞ് നടി റിമാ കല്ലിങ്കല്‍. സ്ത്രീകളോട് എപ്പോഴും തലകുനിച്ചു നില്‍ക്കാനാണ് സിനിമാ മേഖല ആവശ്യപ്പെടുന്നതെന്നാണ് റിമ പറഞ്ഞത്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“ഞാന്‍ സിനിമാ മേഖലയിലെത്തിയപ്പോള്‍, അഡ്ജസ്റ്റ്, കോംപ്രമൈസ്, ഷെല്‍ഫ്-ലൈഫ്” തുടങ്ങിയ വാക്കുകളാണ് എന്നെ സ്വീകരിച്ചത്. പലപ്പോഴും തലകുനിച്ചുനില്‍ക്കാന്‍” റിമ പറയുന്നു.

സ്ത്രീകള്‍ അത്തരത്തില്‍ തലകുനിച്ചു നില്‍ക്കുന്നതുകൊണ്ടാണ് ഓരോവര്‍ഷവും വരുന്ന 150ഓളം നടിമാര്‍ക്ക് ഇവിടെയുള്ള പത്ത് നടന്മാരുടെ പെയറായി അഭിനയിക്കേണ്ടിവരുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

“എത്രകാലം നമ്മള്‍ ഇങ്ങനെ തലകുനിച്ചുനില്‍ക്കും? എത്രകാലം ഇങ്ങനെ മിണ്ടാതിരിക്കും?” റിമ ചോദിക്കുന്നു.

സിനിമാ മേഖലയില്‍ പ്രതിഫലം നല്‍കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരെയും റിമ തുറന്നടിച്ചു. ” ഇപ്പോഴും പുരുഷനടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ. സാറ്റലൈറ്റ് റൈറ്റിലും ബോക്‌സ് ഓഫീസ് കലക്ഷനിലും നമ്മളെക്കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് ഞങ്ങളോട് പറയാറുള്ളത്.”

കേരളത്തിന്റെ ആരോഗ്യകരമായ സ്ത്രീപുരുഷ അനുപാതം സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നില്ലയെന്ന വിമര്‍ശനവും റിമ മുന്നോട്ടുവെക്കുന്നുണ്ട്. “ഏതൊരു സെറ്റിലെയും സ്ത്രീ പുരുഷ അനുപാതം 1:30 ആണ്” അവര്‍ പറയുന്നു.

ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയാനായി വിശാഖ കേസില്‍ സുപ്രീം കോടതി മുന്നോട്ടവെച്ച നിര്‍ദേശങ്ങള്‍ 40% വിനോദ നികുതി നല്‍കുന്ന സിനിമാ മേഖലയില്‍ പാലിക്കപ്പെടുന്നില്ലെന്നും റിമ ചൂണ്ടിക്കാട്ടുന്നു.

സിനിമാ മേഖലയിലെ പുരുഷന്മാര്‍, അവര്‍ ഏതുപ്രായക്കാരായാലും അവരെ മുന്നില്‍ കണ്ടുകൊണ്ടുതന്നെ കഥകള്‍ തയ്യാറാക്കുകയും അവര്‍ക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുനല്‍കുമ്പോള്‍ സ്വന്തമായി തീരുമാനമെടുത്തുവെന്നതിന്റെ പേരില്‍ പോലും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതാണ് സിനിമാ മേഖലയില്‍ ചെയ്യുന്നതെന്നും റിമ ചൂണ്ടിക്കാട്ടുന്നു.

” 20നും 70നും ഇടയില്‍ പ്രായമുള്ള നടന്‍, വിവാഹിതനായാലും അല്ലെങ്കിലും, കുട്ടികളുണ്ടായാലും ഇല്ലെങ്കിലും കൊച്ചുമക്കളുണ്ടായാലും അയാള്‍ക്ക് കഴിവ് പുറത്തെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. അയാള്‍ക്കുവേണ്ടി, പ്രത്യേകം കഥകള്‍ തന്നെയെഴുതുന്നു: അവരെ വളര്‍ത്താനും, കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനും. അതാണ് അതിന്റെ ശരി. ഒരു കലാകാരിയെന്ന നിലയില്‍ അവരുടെ കാര്യത്തില്‍ ഞാനും സന്തുഷ്ടയാണ്. പക്ഷേ സ്വന്തം ജീവിതത്തിലെ എല്ലാ തീരുമാനവും സ്വയം എടുക്കുന്ന നടിയ്ക്ക് ഇത് ലഭിക്കുന്നില്ല. അവരുടെ കരിയറിനെ അത് ബാധിക്കുന്നു: വിവാഹിതയായാല്‍, വിവാഹമോചനം ചെയ്താല്‍, കുട്ടിയുണ്ടായാലൊക്കെ. അതെല്ലാം അവരുടെ കരിയറിനെ ബാധിക്കും.” റിമ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more