ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കല്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി.
മുഫ്തിയുടെ തടങ്കല്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് സുപ്രീം കോടതി ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
മുഫ്തിയുടെ തടവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കോടതിയുടെ രണ്ട് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കി ബോധിപ്പിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
ഒരു വ്യക്തിയെ തടവിലിടാന്‍ കഴിയുന്ന പരമാവധി കാലയളവ് എത്രയാണെന്നും മുഫ്തിയെ എത്രകാലം തടവില്‍ വെക്കാനാണ് സര്‍ക്കാറിന്റെ ഉദ്ദേശമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്. 2020 ഫെബ്രുവരിയില്‍ തടവ് അവസാനിക്കാനിരിക്കെ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക