ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, അനുരാഗ് കശ്യപ്, പ്രിയ ആനന്ദ് എന്നിങ്ങനെ വലിയ താരനിരയാണ് ലിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ബാബു ആന്റണി, മഡോണ സെബാസ്റ്റിയന്‍, മാത്യു തോമസ് എന്നീ മലയാളി സാന്നിധ്യങ്ങളും ലിയോയില്‍ ഉണ്ടായിരുന്നു.
ഇതില്‍ മാത്യുവിനും മഡോണക്കും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ തന്നെയാണ് ലിയോയില്‍ നല്‍കിയിരുന്നത്. വിജയ് അവതരിപ്പിച്ച പാര്‍ത്ഥിപന്റെ മകനായാണ് മാത്യു ചിത്രത്തിലെത്തിയത്. വളരെ കുറച്ച് സമയം മാത്രമാണ് മഡോണ ചിത്രത്തിലുള്ളതെങ്കിലും ആ കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന ടേണിങ് ഉണ്ടാക്കുന്നത്.
അതേസമയം ലിയോ കാണുന്ന മലയാളികള്‍ക്ക് ബാബു ആന്റണിയെ ചിത്രത്തിലേക്ക് വിളിച്ചത് എന്തിനാണ് എന്ന് തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആന്റണി ദാസിന്റെ വലംകയ്യായ ഗുണ്ട എന്നതിനപ്പുറം ഈ കഥാപാത്രത്തിന് ഒരു പ്രാധാന്യവുമില്ല. ചിത്രം കണ്ടിറങ്ങുമ്പോള്‍ ബാബു ആന്റണി പറഞ്ഞ ഒരു ഡയലോഗ് പോലും പ്രേക്ഷകന് നേരാംവണ്ണം ഓര്‍മയുണ്ടാവില്ല.
അങ്ങനെയൊരു പ്രധാന്യവുമില്ലാത്ത ഗുണ്ട മാത്രം ആക്കേണ്ട ആളാണോ ബാബു ആന്റണി? 90കളിലെ മലയാള സിനിമകളില്‍ ബാബു ആന്റണി നായകന്റെ സൈഡായാല്‍ തന്നെ പ്രേക്ഷകര്‍ക്ക് ആശ്വാസമാണെന്ന് പറയാറുണ്ട്. ആ ബാബു ആന്റണിയെയാണ് ലിയോ സൈഡാക്കി കളഞ്ഞത്.
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ബാബു ആന്റണിയെന്നാല്‍ ഒരു വികാരമാണ്. ആ വികാരം സമീപ കാലത്ത് ആര്‍.ഡി.എക്‌സ് എങ്ങനെ ഉപയോഗിച്ചു എന്ന് നാം കണ്ടതാണ്. ആ ലെവലൊന്നും വേണ്ടെങ്കിലും ലിയോയിലെ ബാബു ആന്റണിയെ കണ്ട് ഒരു സര്‍പ്രൈസ് ഫൈറ്റെങ്കിലും പ്രതീക്ഷിച്ച മലയാളി പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണുണ്ടായത്.