| Tuesday, 30th December 2014, 2:28 pm

രാജന്‍ കൊല്ലപ്പെട്ടതെങ്ങനെ? സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിയന്തിരാവസ്ഥാകാലത്ത് കക്കയം ക്യാമ്പില്‍ വച്ചാണ് രാജന്‍ കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷിയും സഹതടവുകാരനുമായ കാനങ്ങോട് രാജന്റെ വെളിപ്പെടുത്തല്‍. കക്കയം ക്യാമ്പില്‍ ക്രൂരമായ ഇരുട്ടിക്കൊലയ്ക്കിടെയാണ് രാജന്‍ കൊല്ലപ്പെട്ടതെന്നാണ് കാനങ്ങോട് രാജന്‍ പറയുന്നത്.

ക്യാമ്പില്‍ ക്രൂരമായ പീഡനമുറകളാണ് നടന്നിരുന്നതെന്നും തന്നെയും രാജനെയും ഒരു മുറിയില്‍ വച്ചാണ് ഇരുട്ടിയതെന്നും കാനങ്ങോട് പറഞ്ഞു. മാതൃഭൂമിയുടെ പുതിയ ആഴ്ചപ്പതിപ്പിലാണ് കാനങ്ങോട് രാജന്റെ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ഉരുട്ടിക്കൊല എങ്ങനെ നടന്നു എന്ന് കാനങ്ങോട് വിശദീകരിക്കുന്നതിങ്ങനെ

“പീഡനമുറയുടെയും ചോദ്യം ചെയ്യലിന്റെയും ഒരു ഘട്ടം കഴിഞ്ഞതിന് ശേഷം ജയറാം പടിക്കലിന്റെ നിര്‍ദേശ പ്രകരം പോലീസുകാരനായ ജയദേവന്‍ എന്നെ പിടിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. എന്റെ കൂടെ അഞ്ചാറ് പോലീസുകാര്‍ ചോദ്യം ചെയ്യുന്ന മുറിയിലേക്ക് വന്നു.

അവിടെ വേലായുധവും പുലിക്കോടനും ബീരാനും ജയരാജനും ലോറന്‍സും കൂടി രാജനെ ഒരു ബെഞ്ചില്‍ കിടത്തി ഉരുട്ടികൊണ്ടിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാന്‍ അവന്റെ വായ തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചിരുന്നു. അപ്പോഴേക്കും എന്നെ ഉരുട്ടാനുള്ള ബെഞ്ചും ഇരുമ്പുലക്കയും റെഡിയായിരിന്നു. എനിക്കൊന്നും അറിഞ്ഞുകൂട എന്നു ഞാന്‍ കൊഞ്ചി നോക്കി.”

“അടുത്ത ബെഞ്ചില്‍ നിന്ന് അമര്‍ത്തിയ ഞരക്കം കേട്ടാണ് നോക്കിയത്. അപ്പോള്‍ അന്നത്തെ നാദാപുരം എസ്.ഐ ആയ അബൂബക്കര്‍ രാജനെ ഉരുട്ടുന്ന ബെഞ്ചിന് അടുത്തേക്ക് ചെന്ന് ബീരാന്റെ കയ്യില്‍ നിന്ന് തുണി വാങ്ങി രാജന്റെ നിലവിളിക്കുന്ന വായ ശക്തിയായി അമര്‍ത്തിപ്പിടിക്കുകയായിരുന്നു.

സഹിക്കാനാവാത്ത വേദനയുടെ ശബ്ദം ആ മുറിയില്‍ തിങ്ങിനിറഞ്ഞിരുന്നു. ഷഡ്ഡി മാത്രം ഉടുത്ത രാജന്‍ മലര്‍ന്ന് കിടന്ന് വേദന തിന്നുകയായിരുന്നു. കൈകള്‍ താഴെ കൂച്ചിക്കെട്ടിയിരുന്നു. കാല് ബെഞ്ചിനോട് ചേര്‍ത്ത് വലിച്ചമര്‍ത്തിക്കെട്ടിയിരുന്നു.” കാനങ്ങോട് രാജന്‍ പറഞ്ഞു.

“എന്നെയും അവര്‍ സര്‍വ്വ ശക്തിയുമെടുത്ത് ഉരുട്ടാന്‍ തുടങ്ങി. തൊട്ടപ്പുറത്തെ ഞെരുക്കം നിലച്ചു. എസ്.ഐ അബൂബക്കര്‍ രാജന്റെ വായ പൊത്തിപ്പിടിച്ചത് ഒഴിവാക്കിയപ്പോള്‍ രാജന് എന്തോ സംഭവിച്ചതായി ഇരുട്ടുന്ന പോലീസുകാര്‍ക്ക് മനസിലായി. അവര്‍ രാജനെ ഉരുട്ടുന്നത് നിര്‍ത്തി. മാറി നിന്നു.

എന്റെ വായില്‍ തുണി അമര്‍ത്തിപ്പിടിച്ചിരുന്ന പോലീസുകാരനും നിവര്‍ന്നു നിന്നു. രാജന്റെ കൈകള്‍ അഴിച്ച് സോമന്‍ താങ്ങി നിര്‍ത്തി. അവന്റെ തല ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. ബീരാന്‍ പുറത്തുപോയി വെള്ളവുമായി വന്ന് രാജന്റെ മുഖത്ത് തളിച്ചു. അപ്പോഴും അവന്റെ തട്ടിപ്പാണെന്ന് സോമന്‍ പറയുന്നുണ്ടായിരുന്നു.

ബോധം കെട്ടതായിരിക്കാമെന്ന് വോലായുധം പറഞ്ഞു. ബീരാന്‍ വീണ്ടും പുറത്തേക്ക് പോയി. ജയറാം പടിക്കലുമായി വന്നു. അയാള്‍ രാജനെ തൊട്ടു നോക്കി എന്നിട്ട് ഡോക്ടറെ വിളിക്കാന്‍ ബീരാനെ ഏല്‍പ്പിച്ചു. അപ്പോഴേക്കും ലക്ഷ്മണനും മുരളീ കൃഷ്ണദാസും വന്നു. പോലീസുകരെയെല്ലാം മുരളീ കൃഷ്ണദാസ് പുറത്താക്കി.

പത്തിരുപത് മിനിറ്റുകഴിഞ്ഞ് ലോറന്‍സും ബീരാനും വോലായുധവും സോമനും ജയദേവലും കൂടി വന്ന് രാജന്റെ മൃതദേഹം ബെഞ്ചില്‍ നിന്ന് പൊക്കിയെടുത്ത് പുറത്തുകൊണ്ടുപോയി പുറത്ത് ഓഫീസര്‍മാരിരുന്ന മുറിയിലേക്ക് കിടത്തി. പുറത്ത് ജീപ്പ് സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ടു.” കാനങ്ങോട് രാജന്‍ വ്യക്തമാക്കി.

“പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞാണ് അവര്‍ തിരിച്ചുവന്നത്. രാജന്റെ ശവം മറവു ചെയ്‌തെന്ന് എനിക്ക് മനസിലായി.” കാനങ്ങോട് കൂട്ടിച്ചേര്‍ത്തു. രാജന്‍ നക്‌സലൈറ്റായിരുന്നില്ല വാദം തെറ്റായിരുന്നെന്നും അദ്ദേഹം സി.പി.ഐ.എം.എല്ലിന്റെ അനുഭാവിയായിരുന്നെന്നും കാനങ്ങോട് പറഞ്ഞു.

ഒരു ദിവസം രാത്രി പുലിക്കോടനും കൂട്ടരും തങ്ങളെ പീഡിപ്പിച്ചു രസിക്കുന്നതിനിടയില്‍ മര്‍ദ്ദനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സി.ഐ മോഹനന്‍ മുറിയിലേക്ക് വന്നാണ് അവരെ തടഞ്ഞതെന്നും “ഇപ്പോള്‍ തന്നെ ഒരാള്‍ കാലിയായി ഞാന്‍ സമാധാനം പറയേണ്ടിവരും” എന്ന് പറഞ്ഞാണ് അവരെ പുറത്താക്കിയതെന്നും അദ്ദേഹം പറയുന്നു.

രാജന്റെ അച്ഛനോട് താന്‍  ഈ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെന്നും അതിന് ശേഷമാണ് അദ്ദേഹം നിയമപോരാട്ടം നടത്തിയതെന്നും കാനങ്ങോട് പറയുന്നു.

1976 മാര്‍ച്ച് ഒന്നിനാണ് കേരളാ പോലീസ് പി. രാജനെ അറസ്റ്റ് ചെയ്തിരുന്നത്. കാലിക്കറ്റ് റീജിയണല്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദഹം. നെക്‌സലൈറ്റ് ആണെന്ന് പറഞ്ഞായിരുന്നു രാജനെ അറസ്റ്റ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more