| Sunday, 12th April 2020, 11:11 am

ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല കേരളമോഡല്‍; 8000 കേസിനു ശേഷം അതെങ്ങനെ പ്രായോഗികമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകാരോഗ്യസംഘടന കൊവിഡ് പാന്‍ഡെമിക് ആയി പ്രഖ്യാപിച്ചിട്ട് ഒരു മാസം തികയുന്നു. ഈ ഒരു മാസം കൊണ്ട് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും 17 ലക്ഷത്തിന് മുകളില്‍ എത്തി. മരണസംഖ്യ നാലായിരത്തില്‍ നിന്നും ഒരു ലക്ഷത്തിനു മുകളിലേക്ക് എത്തി.

ചൈനയിലെ കേസുകള്‍ ഗണ്യമായി കുറഞ്ഞു. വുഹാന്‍ പ്രവിശ്യ സാധാരണ ഗതിയിലായി. അസുഖ പ്രഭവകേന്ദ്രം ചൈനയില്‍ നിന്നും യൂറോപ്പിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും മാറി.

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്.

ഒരു കാര്യം നമ്മള്‍ മനസ്സിലാക്കേണ്ടത് ലോക്ക് ഡൗണ്‍ നീട്ടുന്നത് കൊണ്ട് മാത്രം ആത്യന്തികമായ പ്രയോജനം ലഭിക്കില്ല എന്നതാണ്. അതോടൊപ്പം തന്നെ പരമാവധി കേസുകള്‍ കണ്ടുപിടിക്കുകയും അവര്‍ക്ക് ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയും രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുകയും വേണം.

കണ്ടുപിടിക്കപ്പെടാതിരിക്കുന്ന ഓരോ കേസുകളും, ശരിയായ ചികിത്സ ലഭിക്കാത്ത ഓരോ കേസുകളും പുതിയൊരു പ്രഭവകേന്ദ്രം ആകും എന്ന് മറക്കരുത്. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ ആഹാരം, വസ്ത്രം, പാര്‍പ്പിടം, മരുന്നുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുക കൂടി വേണം.

കേരള മോഡല്‍ രാജ്യവ്യാപകമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. സന്തോഷകരമായ വാര്‍ത്തയാണ്. കോവിഡ് 19 നെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സുതാര്യമായ ഭരണനേതൃത്വവും, പരിമിതികള്‍ക്കിടയിലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയും, ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രസിയും പോലീസ് വകുപ്പും, ചുരുക്കം ചിലരൊഴിച്ചാല്‍ കൃത്യമായി നിയന്ത്രണങ്ങള്‍ പാലിച്ച സമൂഹവും, അവര്‍ക്ക് പിന്തുണയായി നിന്ന സന്നദ്ധപ്രവര്‍ത്തകരും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തകരും ഒക്കെ ഇതില്‍ നിര്‍ണായകമായി.

ഇന്ത്യ മുഴുവന്‍ കേരള മോഡല്‍ ആവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതെല്ലാം മനസ്സിലാക്കണം. ഒരൊറ്റ ദിവസം കൊണ്ട് വളര്‍ന്നു വന്നതല്ല കേരള മോഡല്‍. ആദ്യ കേസ് മുതല്‍ കേരളം എങ്ങനെ നേരിട്ടു എന്നതാണ് മനസ്സിലാക്കേണ്ടത്. അതായത് ആദ്യ കേസ് മുതല്‍ കോണ്‍ടാക്ട് ട്രേസിംഗ്, നിയന്ത്രണങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ പ്രായോഗികമാക്കിയത് മുതലുള്ള കാര്യങ്ങള്‍.

പക്ഷേ 8,000 കേസുകള്‍ കണ്ടുപിടിച്ചതിനു ശേഷം ഈ മോഡല്‍ പ്രാവര്‍ത്തികമാക്കുക എളുപ്പമല്ല. പക്ഷേ, മറ്റു വഴികളില്ല എന്നതാണ് സത്യം. അതുകൊണ്ട് ഇപ്പോള്‍ മുതലെങ്കിലും പരമാവധി കേസുകള്‍ കണ്ടുപിടിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുകയും, രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുകയും, അതിനുവേണ്ട ഐസിയു-വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഒരുക്കുകയും, നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആണ് വേണ്ടത്.

അതല്ലാതെ ഒരു ദിവസം പ്രഖ്യാപനം കൊണ്ട് മാത്രം നടപ്പില്‍ വരുത്താവുന്ന ഒന്നല്ല കേരള മോഡല്‍.

ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം നാല് ലക്ഷം കടന്നു.

ആകെ കേസുകളുടെ എണ്ണം പതിനെട്ട് ലക്ഷം അടുക്കുന്നു.

മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക. അമേരിക്കയില്‍ മരണസംഖ്യ ഇരുപതിനായിരം കടന്നു. മരണസംഖ്യയില്‍ ബെല്‍ജിയം ചൈനയെ മറികടന്നു. പതിനായിരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ സ്വീഡനും.

സ്‌പെയിനില്‍ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കുറഞ്ഞ മരണസംഖ്യ രേഖപ്പെടുത്തിയ ദിവസം, 525 മരണങ്ങള്‍. അവിടെ ഇതുവരെ ആകെ 1,63,000 ലധികം കേസുകളില്‍ നിന്ന് 16,500 ലധികം മരണങ്ങള്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തില്‍ താഴെ. സ്‌പെയിനില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 60,000 അടുക്കുന്നു.

ഇറ്റലിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ അയ്യായിരത്തില്‍ താഴെ, മരണങ്ങള്‍ 600-ന് മുകളില്‍. ഒന്നരലക്ഷത്തിലധികം കേസുകളില്‍നിന്ന് 19,500 ഓളം മരണങ്ങള്‍.

ഫ്രാന്‍സില്‍ ഇന്നലെ അയ്യായിരത്തില്‍ താഴെ പുതിയ കേസുകളും അറുനൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 1,30,000 ഓളം കേസുകളില്‍ നിന്ന് 14,000 ഓളം മരണങ്ങള്‍.

ജര്‍മനിയില്‍ ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാലായിരത്തില്‍ താഴെ കേസുകള്‍, മരണങ്ങള്‍ 135. ഇതുവരെ ആകെ ഒന്നേകാല്‍ ലക്ഷത്തിലധികം കേസുകളില്‍ നിന്നും 2,800 ലധികം മരണങ്ങള്‍. ജര്‍മ്മനിയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 57,000 കടന്നു.

ഇംഗ്ലണ്ടില്‍ ഇന്നലെ അയ്യായിരത്തിലധികം കേസുകളും തൊള്ളായിരത്തിലധികം മരണങ്ങളും. ഇതുവരെ ആകെ 79,000 ത്തോളം കേസുകളില്‍ നിന്ന് പതിനായിരത്തോളം മരണങ്ങള്‍.

ഇറാന്‍ ഇതു വരെ എഴുപതിനായിരത്തിലധികം കേസുകളില്‍ നിന്ന് 4,300 ലധികം മരണങ്ങള്‍.

തുര്‍ക്കിയില്‍ കേസുകളുടെ എണ്ണം 52,000 കടന്നു. മരണസംഖ്യ 1,100 കഴിഞ്ഞു.

ബെല്‍ജിയത്തില്‍ ഇന്നലെ മാത്രം മുന്നൂറിലധികം മരണങ്ങള്‍. ഇതുവരെ ആകെ ഇരുപത്തി എണ്ണായിരത്തിലധികം കേസുകളില്‍നിന്ന് 3,300 ലധികം മരണങ്ങള്‍.

നെതര്‍ലാന്‍ഡ്‌സ്, 25,000 ത്തില്‍ താഴെ കേസുകളില്‍ നിന്നും 2,600 അധികം മരണങ്ങള്‍.

പാക്കിസ്ഥാനില്‍ ഇതുവരെ 5000 ല്‍ പരം കേസുകളില്‍ നിന്ന് 86 മരണങ്ങള്‍.

സൗദി അറേബ്യയില്‍ 4000ന് മുകളില്‍ കേസുകളില്‍ നിന്ന് 50-ല്‍ പരം മരണങ്ങള്‍.

UAE, 3700 ല്‍ പരം കേസുകളില്‍ നിന്ന് 20 മരണങ്ങള്‍.

ഖത്തറില്‍ ഇതുവരെ 2700 ലധികം കേസുകളില്‍ നിന്ന് 6 മരണങ്ങള്‍.

ബഹ്‌റിനില്‍ 1000 ലധികം കേസുകളില്‍നിന്ന് 6 മരണങ്ങള്‍.

കുവൈറ്റില്‍ ആകെ കേസുകള്‍ 1100 കടന്നു. ഒരു മരണം.

ഒമാനില്‍ ആകെ കേസുകള്‍ 550 ന് അടുത്തെത്തി. മൂന്ന് മരണങ്ങള്‍.

അമേരിക്കയില്‍ ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തില്‍ കൂടുതല്‍ കേസുകളും 1,800 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 5,32,000 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 32,000 കടന്നു.

പൊതുവേ ശാന്തമായിരുന്ന റഷ്യയില്‍ രോഗികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കൊറോണ രോഗികള്‍ക്ക് മാത്രമായി 1027 ബെഡുകളുള്ള നാല് മെഡിക്കല്‍ സെന്റെകളാണ് സജ്ജമാക്കിയത്.

10 ദിവസത്തെ ചികിത്സക്കൊടുവില്‍ 93 വയസ്സുകാരിയായ ടര്‍ക്കി സ്വദേശി ആശുപത്രി വിട്ടു.

കസാക്കിസ്ഥാനിലെ എണ്ണപ്പാട തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നിന്നും ഒരാളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗം തേടാനായി ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. ഫോണുകള്‍ തമ്മിലുള്ള ദൂരം കണക്കിലെടുത്തും ബ്ലൂടൂത്ത് സംവിധാനം ഉപയോഗപ്പെടുത്തിയും കോവിഡ് ബാധിതരുടെ സഞ്ചാരം ട്രാക്കിംഗ് ചെയ്യാന്‍ ആലോചന.

അര്‍മേനിയ അടുത്ത 30 ദിവസത്തേക്ക് കൂടി ദേശീയ അടിയന്തരാവസ്ഥ തുടരാന്‍ തീരുമാനിച്ചു.

ജപ്പാനില്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് മുഴുവനായി വിലക്കി പ്രധാനമന്ത്രി ഷിന്‍സോ അബ്.

ബംഗ്ലാദേശ് അടുത്ത 11 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടി.

അര്‍ജന്റീനയും പ്രധാന നഗരങ്ങളിലെ ലോക്ക്‌ഡൌണ്‍ നീട്ടി.

രാജ്യം മുഴുവന്‍ സാമ്പിള്‍ ടെസ്റ്റ് വ്യാപിപിച്ച് കാമറൂണ്‍.

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നാണ് സൂചനകളെന്ന് ആദ്യമേ പറഞ്ഞല്ലോ. 18 ദിവസം കഴിഞ്ഞിട്ടും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ എണ്ണം ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണിത്. അപ്പോ പലര്‍ക്കും ഒരു സംശയം തോന്നാം 21 ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗണ്‍ ഒരു പരാജയമായിരുന്നോ എന്ന്. എന്നാല്‍ അങ്ങനെയല്ല.

ഇന്ത്യയില്‍ രോഗത്തിന്റെ സാമൂഹ്യ വ്യാപനം നേരത്തേ സംഭവിച്ചിട്ടുണ്ടാവാമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍, ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നൂറിരട്ടി രോഗികള്‍ ഇവിടെ ഉണ്ടാകുമായിരുന്നു.

അത്രതന്നെ മരണങ്ങളും. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ ഫലപ്രദമാണ്. പക്ഷേ ലോക്ക് ഡൗണ്‍ മാത്രം കൊണ്ട് നമുക്ക് വൈറസിനെ തോല്‍പ്പിക്കാനുമാവില്ലെന്നത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യയിലാകെ ഇപ്പോള്‍ 8500 ലധികം രോഗികള്‍. ഇന്നലെ മാത്രം 850-ലധികം പുതിയ രോഗികളും നാല്‍പതിലധികം മരണങ്ങളും. ആകെ മരണങ്ങള്‍ 280-ന് മുകളില്‍.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1700-ന് മുകളിലായി. ഡല്‍ഹി 1000 കടന്നു. തമിഴ്‌നാട് 1000-ന് തൊട്ടടുത്ത്.

രാജസ്ഥാന്‍ 700 കടന്നു. മധ്യപ്രദേശും തെലങ്കാനയും 500-ന് മുകളിലാണ്. 400 നു മുകളില്‍ രോഗികളുള്ളത് മൂന്നു സംസ്ഥാനങ്ങളില്‍- ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്.

ഇനിയും ഒരു രോഗി പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് മൂന്ന് സംസ്ഥാനങ്ങളിലാണ്. അതില്‍ നാഗാലാന്‍ഡില്‍ 70 ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. എന്നാല്‍ സിക്കിമിലും മേഘാലയയിലും ഒരു ടെസ്റ്റ് പോലും ഇതുവരെ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല.

ജമ്മു കാശ്മീരിന്റെ കഴിഞ്ഞ 144 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഋതു മാറുമ്പോള്‍ തലസ്ഥാനം മാറുന്ന ‘ദര്‍ബാര്‍ മൂവ്’ ഈ വര്‍ഷം വേണ്ടെന്നുവച്ചു.

ജമ്മുകാശ്മീരില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി 65 തടവുകാര്‍ക്ക് മോചനം നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഒഡീഷയും 1700-ലധികം തടവുകാര്‍ക്ക് അടിയന്തിരമായി പരോള്‍ അനുവദിക്കുകയുണ്ടായി.

ഇന്ത്യയില്‍ പല ഭാഗങ്ങളിലും സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടാവാമെന്നാണ് സൂചനകള്‍. ICMR-ന്റെ കണക്കുകള്‍ പ്രകാരം ന്യുമോണിയ ബാധിച്ചു വരുന്ന, കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ 40 ശതമാനത്തിലും രോഗത്തിന്റെ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.

ഇന്ത്യയിലിതുവരെ 1,71,792 ടെസ്റ്റുകള്‍ നടത്തിയതായി ICMR പറയുന്നു. കഴിഞ്ഞദിവസം 24 മണിക്കൂറിനുള്ളില്‍ മാത്രം 16,000- ലധികം ടെസ്റ്റുകള്‍ നടത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വരെ ഒരു ദിവസം രണ്ടായിരത്തില്‍ താഴെ ടെസ്റ്റുകള്‍ നടന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ പതിനാറായിരത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നത് എന്നത് ആശാവഹമായ സംഗതിയാണ്.

കേരളത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി പുതുതായി ഉണ്ടാകുന്ന രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു പോകുന്ന കാഴ്ചയാണ്. ഇന്നലെയും 10 പുതിയ രോഗികള്‍ വന്നപ്പോള്‍ 19 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ ഇതുവരെ 371 രോഗികള്‍ ഉണ്ടായപ്പോള്‍ അതില്‍ 143 പേരും രോഗമുക്തി നേടി വീട്ടില്‍ പോയി. അതായത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ ഏതാണ്ട് 38%.

കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന അന്താരാഷ്ട്ര ന്യൂസ്‌പോര്‍ട്ടലില്‍ പോലും കേരളത്തിന്റെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് വാര്‍ത്ത വന്നിരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം.

കേരളം തുടര്‍ന്നുപോന്ന ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ക്കിടയിലും ചില അശാസ്ത്രീയ പ്രവണതകള്‍ കടന്നുകൂടിയത് ദോഷമാകുമോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഭയന്നിരുന്നു. അതിലൊന്നാണ് ഡിസ്ഇന്‍ഫെക്ഷന്‍ ടണലുകള്‍.

വ്യക്തികളുടെ മേല്‍ അണുനാശിനി സ്‌പ്രേ ചെയ്യുന്ന അത്തരം രീതികള്‍ തികച്ചും അശാസ്ത്രീയമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കേരളസര്‍ക്കാര്‍ കാണിച്ചു. ഇത്തരം സമീപനങ്ങള്‍ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു. തുടര്‍ന്നും നമ്മള്‍ തുടര്‍ന്നുപോന്ന ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഡൈല്യൂട്ട് ചെയ്യാതിരിക്കാനുള്ള ജാഗ്രതയും നിഷ്‌കര്‍ഷയും ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

ലോകത്തിനുതന്നെ മാതൃകയാകുന്ന കേരള മോഡലിന് ചുക്കാന്‍ പിടിക്കുന്ന ആശാവര്‍ക്കര്‍മാര്‍ മുതല്‍ ആരോഗ്യമന്ത്രി വരെയുള്ള ആരോഗ്യമേഖലയുടെ ഓരോ കണ്ണികള്‍ക്കും ഇന്‍ഫോ ക്ലിനിക്കിന്റെ ആദരവ് അറിയിക്കുന്നു.

എഴുതിയത് – ഡോ. ജിനേഷ് പി.എസ്, ഡോ.നവജീവന്‍, ഡോ. ലദീദ റയ്യ

കടപ്പാട്- ഇന്‍ഫോ ക്ലിനിക്ക്

We use cookies to give you the best possible experience. Learn more