ലോകത്തെ നടുക്കിയ ഒരു മഹാമാരി നമ്മുടെ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനം, കൊറോണകാലത്ത് കേരളത്തിന്റെ പേര് ഏറ്റവും ആദ്യം ഉയര്‍ന്നുവന്നത് ഇങ്ങിനെയാണ്. ഇന്നിപ്പോള്‍ കേരളത്തിന്റെ കൊറോണയുദ്ധം നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, കേരളം വലിയ രീതിയില്‍ തന്നെ ആ മഹാമാരിയെ പിടിച്ചുകെട്ടിയ സംസ്ഥാനമാവുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃകകളെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ വന്നത്. ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ പോരാട്ടത്തിന്റെ ഇന്നോളമുള്ള നാള്‍വഴികളിലേക്ക്.
2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊവിഡ് കേസ്സ്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ കേരളത്തിന്റെ നിദാന്ത ജാഗ്രതയുടെയും സംഘടിതമായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയുമായിരുന്നു. ചൈനയില്‍ നിന്നും തിരിച്ചെത്തിയ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ അനുവദിക്കാത്ത വിധമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
അടുത്തഘട്ടത്തില്‍ ലോകം മുഴുവന്‍ അതിവേഗം കൊവിഡ് പടര്‍ന്നുപ്പിടിച്ചപ്പോള്‍ മാര്‍ച്ച് ആദ്യ വാരം കേരളത്തില്‍ വീണ്ടും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെങ്കിലും ഏറ്റവും കൂടുതല്‍ പേരുണ്ടായിരുന്നത് കേരളത്തിലായിരുന്നു. രാജ്യത്താകെ ദിനംപ്രതി കൊവിഡ് കേസ്സുകള്‍ കൂടിക്കൊണ്ടിരുന്നപ്പോള്‍ അതിലും മുന്‍പന്തിയിലുണ്ടായിരുന്നത് കേരളം തന്നെയായിരുന്നു.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന സംസ്ഥാനമായ കേരളം ഇപ്പോള്‍, ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ 24-ാം സ്ഥാനത്താണുള്ളത്. ലോകരാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നും വരെ ഏറെ പ്രശംസ നേടിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്ന് കേരളം ഏറ്റവും കുറവ് രോഗികള്‍ ചികിത്സയിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആണെന്നും അതില്‍ 485 പേരും രോഗമുക്തി നേടിയെന്നതും കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. നാല് പേര്‍ മാത്രമാണ് ഇതുവരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത് എന്നും.
ലോകം മുഴുവന്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം Kerala has flattened the curve എന്ന് പറയാന്‍ കഴിഞ്ഞത് മേല്‍പ്പറഞ്ഞ കണക്കുകളിലേക്ക് എത്താന്‍ സാധിക്കും വിധം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞതിനാലാണ്. ഈ ഫ്‌ളാറ്റനിംഗ് ദ കര്‍വിന്റെ പ്രസക്തി ഒന്നുകൂടെ ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും സ്ഥിതി കൂടി പരിശോധിക്കണ്ടേതുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15,649 ആണ്. പിന്നാലെ തന്നെ 5233 രോഗികളുമായി ഗുജറാത്തും 4667 രോഗികളുമായി തമിഴ്‌നാടുമുണ്ട്. മാര്‍ച്ചില്‍ കേരളത്തില്‍ കൊവിഡ് പടരാന്‍ തുടങ്ങിയ സമയത്തോ അതിനു ശേഷമോ ആണ് ഈ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പക്ഷെ കേരളത്തെപ്പോലെ ഈ സംസ്ഥാനങ്ങള്‍ക്കൊന്നും രോഗബാധിതരുടെ എണ്ണത്തില്‍ വലിയ ഒരു കുറവ് ഇതുവരെയും കൈവരിക്കാനായിട്ടില്ല.
ജനുവരിയിലെ ആദ്യ കൊവിഡ്19 വേവിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞ കേരളത്തെ ഭയപ്പെടുത്തിയത് മാര്‍ച്ച് ആദ്യവാരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളായിരുന്നു. അപ്പോഴേക്കും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്ന കോണ്‍ടാക്ട് ട്രേസിംഗ്, കൂടുല്‍ പേരില്‍ ടെസ്റ്റിംഗ് നടത്തല്‍, ഐസോലേഷന്‍ സംവിധാനങ്ങള്‍, ദീര്‍ഘമായ ക്വാറന്റൈന്‍ പീരിഡ് തുടങ്ങി രോഗവ്യാപനം തടയാന്‍ ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങിയിരുന്നു. അതേസമയം തന്നെ കൊവിഡിനെ നേരിടാന്‍ പുതിയ ടെസ്റ്റിംഗ് – ചികിത്സ സംവിധാനങ്ങളും കേരളം തയ്യാറാക്കി. റാപ്പിഡ് ടെസ്റ്റിംഗും പ്ലാസ്മ ചികിത്സയും വോക്ക്-ഇന്‍-കിയോസ്‌കും തുടങ്ങിയ അത്യാധുനികസംവിധാനങ്ങളെല്ലാം രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലായിരുന്നു.
കേരളത്തില്‍ കുടുങ്ങിപ്പോയ വിദേശികളായ മുഴുവന്‍ രോഗികളെയും മികച്ച ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമായിരുന്നു. ഇവരില്‍ പലരും 70 വയസ്സിനും മുകളില്‍ പ്രായമുള്ളവര്‍ കൂടിയായിരുന്നു. രോഗം ഭേദമായി മടങ്ങിപ്പോകുന്ന പലരും തങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്നാണ് പ്രതികരിച്ചിരുന്നത്.
ഇത്രയൊക്കെ തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും കൊവിഡ് കാലത്ത് കേരളത്തെ ഏറെ ഭയപ്പെടുത്തിയ ദിവസങ്ങളുമുണ്ടായിരുന്നു. മാര്‍ച്ചില്‍ ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും കാസര്‍ഗോട്ട് ഒരു ഘട്ടത്തില്‍ വ്യാപകമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. രോഗികള്‍ കുറഞ്ഞുവന്നിരുന്ന ഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിവന്നതും സമാനമായ സാഹചര്യം സൃഷ്ടിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തിയ പലരും ക്വാറന്റൈന്‍ പാലിക്കാതെ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതും നൂറുകണക്കിന് പേര്‍ പങ്കെടുത്ത ആഘോഷങ്ങളില്‍ പങ്കെടുത്തതും ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടി. പക്ഷെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരെയും തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതിലൂടെ കൊവിഡിന്റെ സമൂഹവ്യാപനം തടയാന്‍ കേരളത്തിനായി.
മാര്‍ച്ച് 24ന് കേരളത്തിലെ ആകെ കേസുകളുടെ എണ്ണം നൂറിലെത്തി. 28ന് ആദ്യ മരണവും നടന്നു. പക്ഷെ അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കാര്യമായ പുരോഗതി കേരളത്തിലുണ്ടായിരുന്നു. ഏപ്രില്‍ 10 ആയപ്പോഴേക്കും നൂറോളം പേര്‍ക്ക് രോഗം ഭേദമായി. ഏപ്രില്‍ 13ന് രോഗം ബാധിച്ച് ചികിത്സയിലുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തിയും നേടി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ തുടങ്ങി ഇതുവരെ കൊറോണ കേസുകളില്‍ ആശങ്കയുണര്‍ത്തുന്ന തരത്തിലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിക്കാത്ത നിരവധി ദിവസങ്ങളുമുണ്ടായി.
ആരോഗ്യരംഗത്തിനൊപ്പം തന്നെ മറ്റു വിഷയങ്ങളില്‍ കൂടി കൃത്യമായ ശ്രദ്ധ പുലര്‍ത്തിയതാണ് കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ വിജയമാക്കിയതെന്ന് സാമൂഹ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്ക്ഡൗണും കൊവിഡും മൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി അവശ്യസൗകര്യങ്ങളോട് കൂടിയ ക്യാംപുകള്‍ തയ്യാറാക്കിയതും ആരും തന്നെ പട്ടിണിയിലാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കമ്മ്യൂണിറ്റി കിച്ചണും സൗജന്യ റേഷന്‍ വിതരണ സംവിധാനങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. കൊറോണയെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജിയോപൊളിറ്റിക്കല്‍ ആന്‍ഡ് എക്കണോമിക് അനലിസ്റ്റ് ടേ ഹൂന്‍ പറയുന്നത് വരുമാനം നിലച്ച ജനതക്ക് അവശ്യ സേവനങ്ങള്‍ മുടക്കമില്ലാതെ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഏത് പ്രതിരോധവും പാളിപ്പോകുമായിരുന്നു എന്നാണ്. കേരളവും ഇതേ മാതൃകയില്‍ തന്നെയാണ് മുന്നോട്ടുപോയതെന്നാണ് വിലയിരുത്തലുകള്‍.
തുടക്കം മുതല്‍ തന്നെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ട സംസ്ഥാനമായിരുന്നു കേരളം. ലക്ഷക്കണക്കിന് പേര്‍ തിരിച്ചെത്തിയാലും അവര്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് കേരളം പലതവണ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളോടുള്ള കടപ്പാട് എന്നതിനപ്പുറം, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടും മൂന്നുമൊക്കെയായി നില്‍ക്കുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 80 കടന്നിരുന്നു എന്ന വസ്തുത കൂടിയായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍.
കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതിനുള്ള നടപടികളിലേക്ക് കടക്കും മുന്‍പ് തന്നെ കേരളം ക്വാറന്റൈനായി വിമാനത്താവളങ്ങളോട് ചേര്‍ന്ന് കെയര്‍ സെന്ററുകള്‍ വരെ ഒരുക്കിയിരുന്നു. പിന്നീട് പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന സമയത്ത് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള കേരള സര്‍ക്കാരിന്റെ പദ്ധതിയാണ് കേന്ദ്രം മറ്റു സംസ്ഥാനങ്ങളോട് മാതൃകയാക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിന്റെയെല്ലാം കൂടി പശ്ചാത്തലത്തിലാണ് ഇക്കണോമിക് ആന്ത്രപോളജിസ്റ്റ്് ജേസണ്‍ ഹിക്കല്‍ കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളെ humane, caring and successful എന്ന് വിശേഷിപ്പിച്ചത്.
ദ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കേരളത്തിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചതിന് പ്രധാന കാരണമായി എടുത്തുപറയുന്നത് ഇവിടെ നിലനില്‍ക്കുന്ന പൊതുജനാരോഗ്യ സംവിധാനവും സാമൂഹ്യചുറ്റുപാടുകളുമാണ്. കൊവിഡ് അനുബന്ധ നിര്‍ദേശങ്ങളെല്ലാം തന്നെ ഏറ്റവും വ്യക്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാ ഘട്ടങ്ങളിലും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും സാധിച്ചതായി ഈ ലേഖനത്തില്‍ പറയുന്നു. ഈ അടിസ്ഥാനഘടകങ്ങള്‍ തന്നെയാണ് മുന്‍പ് രണ്ടു പ്രളയങ്ങളെയും നിപയെയും നേരിടാന്‍ സംസ്ഥാനത്തെ സഹായിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലോകത്തിന് തന്നെ മാതൃകയാകും വിധത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കേരളം കൊറോണയെ ഒരു പരിധി വരെ പിടിച്ചുകെട്ടി കഴിഞ്ഞെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു തരിമ്പു പോലും പിന്നോട്ട് പോകാറായിട്ടില്ല എന്നാണ് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും ഒരു പോലെ ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ‘കൊവിഡിന്റെ രണ്ട് ഘട്ടങ്ങളെ നമ്മള്‍ തരണം ചെയ്തുകഴിഞ്ഞു. ഇനിയൊന്നു കൂടി ഉണ്ടായാലും നേരിടാന്‍ നമ്മള്‍ സജ്ജരാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഈ പ്രതിസന്ധിയെ നേരിട്ടതില്‍ നമുക്ക് അഭിമാനിക്കാനാകണം.’