ലോകത്ത് കൊവിഡ് 19 എന്ന മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മാത്രം 1000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 215 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും കേരളത്തിലാണ്.
രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്. എന്നാല്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ടു കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ് കേരളത്തില്‍ .
കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒന്നിലേറെ തവണ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെ ഇക്കാലയളവില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പ്രധാനമായും രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി തന്നെ വിശീകരിച്ചിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
എങ്ങനെയാണ് കേരളം കൊവിഡിനോട് പൊരുതുന്നത്. ഒന്നു പരിശോധിക്കാം
സുസജ്ജം ആശുപത്രികള്‍
നിലവിലെ സ്ഥിതിയനുസരിച്ച് കേരളത്തില്‍ 879 ആശുപത്രികളിലായി 69432 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 5607 ഐ.സി.യു സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. 716 ഹോസ്റ്റലുകളിലായി 15333 റൂമുകള്‍ ഉണ്ട്.
ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ വുഹാനില്‍ കൊവിഡ് സ്ഥിരീകരിച്ച് കേവലം കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വുഹാന്‍ സര്‍വകലാശാലയില്‍ നിന്നും മടങ്ങിയെത്തിയ തൃശ്ശൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷം കേരളത്തില്‍ രണ്ട് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഫെബ്രുവരി 1ന് രണ്ടാമത്തെ കേസും ഫെബ്രുവരി മൂന്നിന് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് മൂന്നാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഫെബ്രുവരി 29ന് കേരളത്തില്‍ ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരുള്‍പ്പെടെ അഞ്ചു പേര്‍ക്കുമാണ് കേരളത്തില്‍ അടുത്ത കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് എട്ടിനാണ് ഈ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധിപേരെ അതിന് ശേഷം കേരളത്തില്‍ നിരീക്ഷണത്തില്‍ വെക്കുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്തത് കൃത്യമായി തടയാനുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത മൂന്ന് കേസുകളില്‍ നിന്നും അപ്പുറത്തേക്ക് ആര്‍ക്കും തന്നെ രോഗം പടരാതെ തടയാന്‍ ആരോഗ്യ വകുപ്പിനായി എന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധനും കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അഷീല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡോ. അഷീലിന്റെ വാക്കുകളിങ്ങനെ, ‘198 രാജ്യങ്ങളിലധികം പടര്‍ന്നു പിടിച്ചിരിക്കുന്ന മഹാമാരിയാണ് കൊവി്ഡ19. ലോകത്തെല്ലാ രാജ്യങ്ങളിലും പല രീതികളിലാണ് ഇതിനെ നേരിടുന്നതും. സമീപിക്കുന്നതും.
ഈ സമീപനങ്ങളെ നമുക്ക് പൊതുവില്‍ മൂന്നായി കാണാന്‍ സാധിക്കും. രോഗത്തെ നാചുറല്‍ കോഴ്‌സിന് വിടുക അഥവാ ‘നോ ആക്ഷന്‍ പദ്ധതി’ കൈക്കൊള്ളുക എന്നതാണ് അതില്‍ ആദ്യത്തേത്. അതായത് രോഗത്തെ നേരിടാന്‍ ഒന്നും ചെയ്യാതിരിക്കുക എന്ന നടപടി. ഈ മഹാമാരി വന്നതുപോലെ പടര്‍ന്ന് പോട്ടെ എന്നതാണ്. അത് പടരുകയും താനെ അവസാനിക്കുകയും ചെയ്യുന്ന രീതി. ഉദാഹരണത്തിന് ആദ്യഘട്ടത്തില്‍ ഇറ്റലി ഒക്കെ സ്വീകരിച്ച നടപടി അതായിരുന്നു. അതിന് പക്ഷെ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.
രണ്ടാമത്തേത് വുഹാന്‍ സിറ്റിയിലടക്കം ചൈനയിലെ പല സ്ഥലങ്ങളിലും ഫെബ്രുവരി 10ന് ശേഷം നടന്നതാണ്. അതായത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുക, അതിലൂടെ അങ്ങേയറ്റം സാധിക്കുന്ന തരത്തിലുള്ള സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്ന രീതി അവലംബിക്കുക. ക്യൂബയിലും ചൈനിയിലെ പല സ്ഥലങ്ങളിലും നടന്നത് ഇതാണ്. അതേസമയം ഇതില്‍ ചില മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ട് എന്നതാണ്. അതേസമയം കേരളം സ്വീകരിക്കുന്ന രീതി എന്നു പറഞ്ഞാല്‍ ഓരോ പ്രാവശ്യവും ഓരോ ഇടങ്ങളിലും നടക്കുന്ന പുരോഗതിയെ കൃത്യമായി വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക എന്നതാണ്.
അതിന് 18 ഓളം പേരടങ്ങുന്ന ഒരു സയന്റിഫിക് ടീമിനെ ഉണ്ടാക്കിയെടുക്കുകയും, മറ്റു പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു വിദഗ്ദ്ധ ടീമടക്കം രൂപീകരിച്ചുകൊണ്ട് ഇതില്‍ ശാസ്ത്രീയമായി ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുക എന്നതാണ്.
കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ നാള്‍വഴികള്‍
കേരളത്തില്‍ ഒന്നാമത്തെ കൊവിഡ് കേസ് എന്നു വിളിക്കാവുന്നത് വുഹാന്‍ സിറ്റിയില്‍ നിന്നു വന്ന കേസാണ്. തൃശ്ശൂര്‍ സ്വദേശിയും പിന്നീട് കേരളത്തിലെത്തിയ മറ്റു രണ്ടു കേസുകളും. ഇവരാണ് പ്രൈമറി ഇന്‍ഡക്ഷന്‍ കേസുകള്‍ അഥവാ ആദ്യം പ്രവേശിക്കുന്ന രോഗബാധിതര്‍. ഒരു രാജ്യത്ത് വ്യാപനത്തിന് ഇടയാക്കുന്ന കേസുകളാണിത്. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രം പടരുന്ന രോഗമായതുകൊണ്ട് തന്നെ ഇവരില്‍ നിന്നും കോണ്‍ടാക്ട് ഉണ്ടായിട്ടാകും.
സ്ഥിരീകരിച്ച മൂന്നു കേസുകളും കൃത്യമായി കണ്ടുപിടിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും ചെയ്ത് രോഗവ്യാപനം ഉണ്ടാവാതെ ആ പ്രാഥമിക കേസുകളില്‍ തന്നെ അത് ഒതുക്കുകയും ചെയ്തു.
അവരുടെ പ്രാദേശിക വ്യാപനം തടഞ്ഞ്, അവരെ ഹോം ക്വാറന്റൈന്‍ ചെയ്യാനും തടയാനും സാധിച്ചുവെന്നത് വലിയ കാര്യമാണെന്ന് ഡോ. അഷീല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഇറ്റലിയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നുപേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നതിലൂടെയാണ്. മാര്‍ച്ച് ഏഴിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ഈ ഘട്ടത്തില്‍ കേരളം കുറച്ചു കൂടി ജാഗ്രതയോടു കൂടി കാര്യങ്ങളെ കാണണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. രണ്ടാമത്തെ ഘട്ടമാവുമ്പോഴേക്കും ലോകത്തിന്റെ പലഭാഗത്തുനിന്നായിട്ടുള്ള ആളുകള്‍ക്ക് ആ സമയത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെ 170ലേറെ രാജ്യങ്ങളില്‍ മഹാമാരി വന്നുകഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വഴി കണ്ടു പിടിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയുമായിരുന്
‘സൗത്ത് കൊറിയയും സിങ്കപ്പൂരുമൊക്കെ സ്വീകരിച്ച പോലുള്ള നടപടികളാണ് നമ്മളും കൈകൊണ്ടിട്ടുള്ളത്. അതായത് രോഗബാധിതരുടെ ഇടപഴകിയ ആളുകളെ കണ്ടുപിടിക്കുകയും അതിനനുസരിച്ച് ആളുകളെ കണ്ടെത്തുകയും ചെയ്യുക. ലോകല്‍ ട്രാന്‍സ്മിഷന്‍ അഥവാ ആളുകളുമായുള്ള ഇടപെടല്‍ നടക്കുന്നതു വഴിയാണല്ലോ രോഗം പടരുന്നത്. അത് തന്നെ മൂന്ന് തരത്തിലുണ്ട്. ഇന്‍ഡക്സ് കേസ് അഥവാ ആദ്യമായി വരുന്ന കേസ്, രണ്ടാമത്തേത് അതിന് ചുറ്റുമുള്ള അടുത്ത ബന്ധങ്ങള്‍, സമൂഹത്തിലേക്ക് ബന്ധം വ്യാപിക്കല്‍ പിന്നീട് അതൊരു മഹാമാരിയായി മാറല്‍ എന്നിങ്ങനെയാണ് സാധ്യതകള്‍. ഇവിടെയും വന്നവരില്‍ പ്രാഥമിക കേസുകള്‍ കണ്ടെത്തുകയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകളെ കണ്ടെത്തുകയും ചെയ്യുകയാണ് ചെയ്തത്. പിന്നീട് അവരെ ഐസൊലേറ്റ് ചെയ്യുകയും നീരിക്ഷിക്കുകയും ചെയ്തു.
അതുപോലെ ധാരാളം എന്‍.ആര്‍.ഐകള്‍ വരികയും പോവുകയും ഒക്കെ ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് അതില്‍ കൂടുതല്‍ ഇടപെടാന്‍ നമുക്ക് കഴിയില്ല. എന്നിരുന്നാലും അവരെ കണ്ടെത്തുകയും അങ്ങനെ അവരെ കോണ്ടാക്ട് വെച്ച് ആളുകളെ കണ്ടു പിടിച്ച് ഇപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ നരീക്ഷണത്തിലുണ്ട്,’ അഷീല്‍ പറഞ്ഞു.
കണ്ണിപൊട്ടിക്കാന്‍ ശ്രമം
കേരളത്തില്‍ തുടര്‍ച്ചയായി കൊവിഡ് രോഗം സ്ഥിരീകരിക്കാന്‍ തുടങ്ങിയ സമയത്താണ് സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ബ്രേക് ദ ചെയ്ന്‍ കാംപയിന് തുടക്കം കുറിക്കുന്നത്. മാര്‍ച്ച് 15നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അതേസമയം കേരളത്തില്‍ അന്നേ ദിവസം സ്ഥിരീകരിച്ച രണ്ടുപേര്‍ക്കടക്കം 21 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബോധവത്കരണം എന്ന അര്‍ത്ഥത്തിലാണ് ബ്രേക് ദ ചെയ്ന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞിരുന്നു.
അതേസമയം കണ്ണിപൊട്ടിക്കുക എന്ന പദ്ധതിയുടെ ലക്ഷ്യം തന്നെ വൈറസ് പടരാനുള്ള സാഹചര്യങ്ങളില്‍ നിന്നും സ്വയം വിമുക്തമാവുക എന്നുള്ളതാണെന്നും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗത്തിന്റെ കണ്ണി പൊട്ടിക്കുക എന്നതാണെന്നും ഡോ. അഷീല്‍ വ്യക്തമാക്കുന്നു.
‘ അടുത്തത് സമൂഹവ്യാപനമുണ്ടോ എന്നാണ് നോക്കേണ്ടത്. എപ്പോഴും ഇതുപോലുള്ള ഒരു മഹാമാരിയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യുക രോഗം പടരുന്നതിന്റെ വ്യാപ്തി കുറയ്ക്കുക എന്നതാണ്. അതായത് ആരോഗ്യ വ്യവസ്ഥയ്ക്ക് താങ്ങാന്‍ പറ്റാവുന്ന നമ്പറുകളിലേക്ക് നിര്‍ത്തുക എന്നതാണ്. അതിന് വേണ്ടി ആരംഭിച്ച പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ് ബ്രേക് ദ ചെയ്ന്‍ ക്യാംപയിന്‍. ബ്രേക് ദ ക്യാംപയിന്‍ എന്നതുകൊണ്ട് തന്നെ നമ്മള്‍ ഉദ്ദേശിക്കുന്നത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന ഈ രോഗാവസ്ഥയുടെ കണ്ണി എന്നു പറയുന്നത് മനുഷ്യന്‍ തന്നെയാണ്. ആ കണ്ണി പൊട്ടിക്കുക എന്നതാണ്. കണ്ണി പൊട്ടിക്കുക എന്നത്. ആ ക്യാംപയിന് വേണ്ടി പ്രധാനമായും നമ്മള്‍ ചെയ്യുന്ന കാര്യം, ഒന്ന് അടുത്ത ബന്ധം (close contact) പുലര്‍ത്തുന്ന ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സമയത്താണ് ഇത് പകരുക. അതായത് രോഗമുള്ള വ്യക്തി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ ഇതിന്റെ അണുക്കള്‍ വായുവില്‍ കലരുന്നത്. രണ്ട് കൈകളിലുടെ പകരുന്നത് തടയുക എന്നതുമാണ്.
ബ്രേക് ദ ക്യാംപയിന്‍ സിസ്റ്റത്തില്‍ കൈകള്‍ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നതുമാണ് പ്രധാനമായും ചെയ്യേണ്ടത്. കേരളത്തിലെ മാധ്യമങ്ങളും യുവജനങ്ങളും ഏറ്റെടുത്തതുവഴി ബ്രേക് ദ ചെയിന്‍ ക്യാംപെയ്ന്‍ എല്ലായിടത്തും എത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍
കൊവിഡ് ബാധയെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്താന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗം തിരിച്ചു പിടിക്കാന്‍ ഈ തീരുമാനങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
20000 കോടിയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനം.
ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും. നിലവില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുക- സര്‍ക്കാര്‍ കൊവിഡിനെ നേരിടാനുള്ള പദ്ധതികളില്‍ ആദ്യം പ്രഖ്യാപിച്ചവയാണിവ
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്ന 50 ലക്ഷത്തില്‍പരം ആളുകളുണ്ട്. അതേസമയം ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍ പെട്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും.100 കോടി രൂപ വീതം ഇതിന് വിനിയോഗിക്കും ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.പി.എല്‍ അല്ലാത്തവര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുകയെന്നും ഇതിനായി 100 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കുമെന്നും 1000 ഭക്ഷണ ശാലകള്‍ തുടങ്ങാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഊണിന് 25 രൂപ എന്നായിരുന്നു തീരുമാനം. ഇത് 20 രൂപയായി പുനര്‍നിശ്ചയിച്ചു. 50 കോടി രൂപ ഇതിനായി ചിലവഴിക്കേണ്ടി വരും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 500 കോടിയുടെ ഹെല്‍ത്ത് പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലില്‍ തന്നെ കൊടുക്കും 14000 കോടിയായിരിക്കും ഇതിന് ആവശ്യമായി വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കേരളത്തിലും ഇതേ സ്ഥിതി നേരിടുന്ന ഘട്ടത്തില്‍ എങ്ങനെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുകയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എങ്ങനെയാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നതിങ്ങനെ;
‘അടുത്ത വര്‍ഷത്തേയ്ക്ക് അനുവദിക്കപ്പെട്ട വായ്പയുടെ പകുതിയെങ്കിലും വര്‍ഷാരംഭത്തില്‍ തന്നെ എടുക്കും. 12 മാസംകൊണ്ട് ചെലവഴിക്കേണ്ട സ്‌കീമുകളില്‍ ജനത്തിന്റെ കൈയില്‍ പണം എത്തിക്കാന്‍ കഴിയുന്ന പലതും ആദ്യ രണ്ടുമാസം കൊണ്ടു തന്നെ നടപ്പിലാക്കും.
ഉദാഹരണത്തിന് ഓണത്തിനാണ് വിശപ്പുരഹിത ഭക്ഷണശാലകള്‍ തുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവ ഏപ്രിലില്‍ തന്നെ തുടങ്ങും. അതുവഴി ജനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ രൂപത്തില്‍ സമാശ്വാസമൊരുക്കും. പെന്‍ഷന്‍ മുഴുവന്‍ കുടിശിക തീര്‍ത്ത് കൊടുക്കുകയോ അഡ്വാന്‍സായി കൊടുക്കുകയോ ചെയ്യും. സാമൂഹ്യപെന്‍ഷന്‍ ഇല്ലാത്ത സാധുക്കള്‍ക്ക് ചെറിയൊരു ധനസഹായം (1000 രൂപ വീതം) പുതിയതായി നല്‍കും. റേഷന്‍ സൗജന്യം കൊടുക്കും. കുടുംബശ്രീ വഴി 2000 കോടി രൂപയെങ്കിലും അധികമായി വായ്പ കൊടുക്കും. വര്‍ഷം മുഴുവന്‍ നീളുന്ന അടുത്ത വര്‍ഷത്തെ തൊഴിലുറപ്പിന് അനുവദിക്കപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ ഏപ്രില്‍-മെയ് മാസത്തില്‍ തന്നെ നടത്തും. ഇങ്ങനെ വളരെ ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്,’ തോമസ് ഐസക് പറഞ്ഞു.
കൊവിഡിനെ തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ആളുകളെ സ്വയം ബോധവാന്മാരാക്കുക എന്നതാണ്. അതില്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് പുറത്തിറങ്ങുന്നത് കുറയ്ക്കുകയാണ്. അതിനൊപ്പം ശാരീരിക അകലം പാലിക്കുക എന്നതും പ്രധാനമാണ്. ആളുകളെ നിരത്തിലിറക്കാതിരിക്കുന്നതിനൊ
ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച് നല്ല ആരോഗ്യമുള്ള ഒരാള്‍ രോഗാണു വാഹകനാണെങ്കില്‍ അയാളില്‍ ചിലപ്പോള്‍ അത് രോഗത്തിന്റെ രൂപത്തില്‍ പടര്‍ന്നോളണമെന്നില്ല. അതേസമയം വൈറസിനെ അടുത്തുള്ള ആളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ ഇതുവഴി കഴിഞ്ഞേക്കും. രോഗാണു പടരുന്നയാള്‍ ചിലപ്പോള്‍ ഒരു ഹൃദ് രോഗിയോ കാന്‍സര്‍ രോഗിയോ മറ്റോ ആണെങ്കില്‍ അല്ലെങ്കിലൊരു സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ അത് മാരകമായ പ്രത്യാഘാതമുണ്ടാകും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരുദിവസം മുന്‍പ് തന്നെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 23നാണ് കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ ജോലിയില്ലാതായ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാവുന്ന സാമൂഹിക പ്രതിസന്ധികളിലൊന്ന് ഭക്ഷണ വസ്തുക്കളാണ്. അതേസമയം അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ തന്നെ നേരിട്ട് അറിയിച്ചു. രണ്ട് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ സംസ്ഥാനത്ത് സംഭരിച്ചുവെച്ചിട്ടുണ്ടെന്നും നസറുദ്ദീന്‍ വ്യക്തമാക്കി.
‘ഈ പരിതസ്ഥിതി മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ കച്ചവടക്കാരും കച്ചവട സംഘടനയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ട ഭക്ഷ്യധാന്യങ്ങളടക്കം കേരളത്തില്‍ സ്റ്റോക്കുണ്ട്’, അദ്ദേഹം പറഞ്ഞു.
കേരളം വീണ്ടും ഒന്നിക്കുന്നു
കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകം കേരളത്തില്‍ വളരെ അടിസ്ഥാനപരമായി വിവരങ്ങളെത്തിക്കാന്‍ പ്രാദേശിക തലത്തില്‍ സ്ഥാപനങ്ങളുണ്ട് എന്നതാണ്. പഞ്ചായത്തുകളും വാര്‍ഡുതലങ്ങളിലുമടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ. അഷീല്‍ വ്യക്തമാക്കി.
‘കൊവിഡിനെ കൂടുതല്‍ ആളുകളിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുക, അതിനെ തടയുക എന്നതാണ് പ്രധാനമായും നമ്മുടെ ലക്ഷ്യം. അതിലൂടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യണം. ഇതിനോടൊപ്പം ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും നടത്തണം. അതിനായി പുതിയ എക്വിപ്മെന്റ്സ്, ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ആശുപത്രികള്‍ ഏറ്റെടുത്ത് നടത്തല്‍ തുടങ്ങിയവയൊക്കെ സമാന്തരമായി കാണേണ്ടതുണ്ട്. അതു പോലെ എല്ലാ സ്വാകാര്യ ആശുപത്രികളുടെയും സഹായം നമ്മള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഹോസ്റ്റലുകള്‍ ഏറ്റെടുത്ത് ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതുപോലെ യുവജന സംഘടനകളും, യുവജനങ്ങളുടെ പങ്കാളിത്തവും നമുക്ക് ലഭിക്കുന്നുണ്ട്. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. അടിയന്തരമായി ആരോഗ്യ വകുപ്പില്‍ ഡോ്കടര്‍മാരെ നിയമിച്ചിട്ടുണ്ട്.
അതേപോലെ നമുക്ക് ഇത് നടപ്പിലാക്കാന്‍ സാധിക്കുന്നതിന് കാരണം നമുക്ക് ഇവിടെയൊരു സിസ്റ്റം ഉണ്ടെന്നുള്ളതാണ്. ഇവിടെ ഒരു രാഷ്ട്രീയ ഘടകമുണ്ട്. അതേപോലെ ഇവിടെയൊരു വികേന്ദ്രീകരണ വ്യവസ്ഥയുണ്ട്. കേരളത്തെ സംബന്ധിച്ച് നമുക്കുള്ളത് സാമൂഹിക മുലധനമാണ്. അത് വെച്ചാണ് പല കേരള മോഡലുകളും നമ്മള്‍ സൃഷ്ടക്കുന്നത്.
അടിസ്ഥാന മേഖല തൊട്ട് വിവരങ്ങള്‍ എത്തിക്കാനുള്ള ഒരു സംവിധാനം നമുക്കുണ്ട്. രണ്ടാമത് വാര്‍ഡ് തലം തൊട്ടുള്ള ഒരു ഭരണ സംവിധാനം നമുക്കുള്ളതു കൊണ്ട് ഭക്ഷണം എത്തിക്കുക അടിസ്ഥാന പരമായ കാര്യങ്ങള്‍ നടപ്പലാക്കുക തുടങ്ങിയവ വളരെ പെട്ടെന്ന് നടപ്പിലാവും,’ അഷീല്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ഒരു വളണ്ടിയര്‍ സേന രൂപീകരിക്കാനും തീരുമാനിക്കുകയുണ്ടായി. ഇതിനായി 22 മുതല്‍ 40 വയസുവരെയുള്ളവരെ സന്നദ്ധ സേനയായി തയ്യാറാക്കുമെന്നും ആദ്യ 236000 പേരടങ്ങുന്ന സേന രംഗത്ത് ഇറങ്ങണം എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ കേരളത്തില്‍ 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തുകള്‍ കമ്മ്യൂണിറ്റി കിച്ചണുള്ള സ്ഥലം കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കുടുംബശ്രീയ്ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് പ്രാദേശിക ക്ലബുകളും സന്നദ്ധസംഘടനകളും കമ്മ്യൂണിറ്റി കിച്ചനുമായി സഹകരിക്കുന്നുണ്ട്.
റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യ ധാന്യം നല്‍കാനാണ് തീരുമാനമെന്നും ഇതിനായി ആധാര്‍ കാര്‍ഡ് പരിശോധിച്ച് റേഷന്‍ കാര്‍ഡുകളില്‍ പേരില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുമെന്നും സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണില്‍ ലോക്കാവരുത്
സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്നുപോകുന്ന അത്യാവശ്യ കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാനും സര്‍ക്കാര്‍തലത്തില്‍ ശ്രദ്ധയുണ്ടായിരുന്നു.
നവജാതശിശുക്കള്‍ക്കുള്ള സാധാരണ തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുക. അടുത്ത വര്‍ഷങ്ങളില്‍ പെന്‍ഷന്‍ പറ്റിയ ആരോഗ്യ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തുക. ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ തടസമില്ലാതെ നടക്കാന്‍ പൊലീസിനെ ഉപയോഗപ്പെടുത്തുക, പാല്‍-പത്രം തുടങ്ങിയവ മുടങ്ങാതിരിക്കുക, ഗര്‍ഭിണികളെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവശ്യ സര്‍വ്വീസുകളില്‍ നിന്നും ഒഴിവാക്കുക എന്നതും സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളാണ്.
കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു.
മാര്‍ച്ച് 31ന് രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹന രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പുതിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ആ തീയതിക്കു മുമ്പ് താല്‍ക്കാലിക രജിസ്ട്രേഷന്‍ സമ്പാദിച്ച വാഹനങ്ങള്‍ക്ക് ബാധകമാവില്ല. അപേക്ഷ നല്‍കുന്നതില്‍ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കുമെന്നും. ജി ഫോറം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടുമെന്നും പദ്ധതിയുടെ ഭാഗമായി അറിയിച്ചു.
അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോര്‍ വാഹന നിയമം 66(3) പ്രകാരം പെര്‍മിറ്റ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കി. പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്റിറിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ കണ്ണിപൊട്ടില്ല
അതേസമയം കേരളത്തിന്റെ ചികിത്സയുടെ കാര്യത്തിലും ഘട്ടം ഘട്ടമായാണ് കാര്യങ്ങള്‍ നടപ്പാക്കി വരുന്നതെന്നും നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. എബ്രഹാം വര്‍ഗീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘കേരളത്തില്‍ കൊവിഡ് വ്യാപിച്ചിരിക്കുന്നതായി വേണം നമ്മള്‍ മനസ്സിലാക്കാന്‍. വളരെ ജാഗ്രതയുടെ മാത്രമേ ഇതിന്റെ വ്യാപനത്തെ തടയാന്‍ സാധിക്കുകയുള്ളു. അതിന്റെ ആദ്യത്തെ പടിയിലാണ് നമ്മള്‍ നില്‍ക്കുന്നത് എന്ന് വേണം നമുക്ക് മനസിലാക്കാന്‍. ജനങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അതേപടി സ്വീകരിക്കേണ്ടതണ്ട്. ഒരു കാരണവശാലും നമ്മള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല.
നിലവില്‍ കേരളത്തിലെ സാഹചര്യം നമുക്ക് നിയന്ത്രണ വിധേയമാണ്. അതേപോലെ വെന്റിലേറ്റര്‍ സൗകര്യമെല്ലാം ഒരുക്കണമെങ്കില്‍ അതിന് ചിലവുണ്ട്. സ്വകാര്യ ആശുപത്രികളിലെല്ലാവരും സഹകരിക്കുന്നുണ്ട്. അതേപോലെ അടഞ്ഞു കിടക്കുന്ന ആശുപത്രികളില്‍ പലതും തുറന്നു പ്രവര്‍ത്തിക്കാനായിട്ട് തീരുമാനമായിട്ടുണ്ട്. അതുപോലെ പല ഏജന്‍സികളും വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ളവയെ ക്രമീകരിക്കുന്നതിനായി പല ഏജന്‍സികളും മുമ്പോട്ടു വരുന്നുണ്ട്.
അതുപോലെ തന്നെ പല സംഘടനകളും മുമ്പോട്ടു വരുന്നുണ്ട്. അത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒന്നു കൂടിയാണ്. നേരത്തെ ഒരു പ്രളയം വന്ന സാഹചര്യം നമുക്ക്അറിയാം,’ ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.
കേരളത്തില്‍ സമഗ്രമായ ചികിത്സാ രീതിയാണ് നടപ്പിലാക്കുന്നതെന്നും രോഗം പ്രധിരോധിക്കുന്നതിന്റെ ഭാഗമായാണ് നമ്മള്‍ വയോജനങ്ങളെ പുറത്തിറക്കരുതെന്ന് പറഞ്ഞതെന്നും ഡോ. അഷീല്‍ വ്യക്തമാക്കി. രോഗികളുടെ എണ്ണം കൂടുന്നതിന് കണക്കായിട്ട് ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതിരിക്കുന്നിടത്താണ് പ്രശ്നം വരികയെന്നും ആശുപത്രികളുടെ സൗകര്യം അപര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തില്‍ നമുക്ക് പ്ലാനുകള്‍ മാറ്റേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ആശുപത്രികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വന്നു കഴിഞ്ഞാല്‍ അവരെ താങ്ങാന്‍ ഒരു സിസ്റ്റത്തിനും കഴിയാതെ വരും. ഇപ്പോള്‍ ഇറ്റലിയില്‍ ഒക്കെ സംഭവിച്ച കാര്യം ഇതാണെന്നും ആളുകളുടെ എണ്ണം അത്ര കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഐസൊലേറ്റ് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത് സാമൂഹിക പ്രശ്നങ്ങളും അതുപോലെ സാമൂഹിക അരക്ഷിതാവസ്ഥയും ആളുകള്‍ക്ക് അനുഭവപ്പെടുമെന്നതാണ്. ഇതിനെയൊക്കെ മറികടക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത് ട്രാന്‍സ്ജെന്‍ഡേഴസിനും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളുടെയും പ്രശ്നങ്ങള്‍ മനസിലാക്കി പദ്ധതികള്‍ രൂപീകരിക്കുക, അതുപോലെ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്നുള്ളതൊക്കെ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും പ്രളയത്തെയും നിപയെയും അതിജീവിച്ചതുകൊണ്ട് നമ്മുടെ പൊതു ജനാരോഗ്യ മേഖല എന്തിനും സജ്ജമാണ്.
അതിനോടൊപ്പം ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒരു പങ്കാളിത്തവും വലിയൊരു ഘടകമാണ്. ചികിത്സയ്ക്ക് കൃത്യമായ പ്ലാനുകള്‍ നടപ്പാക്കുന്നുണെന്നും അഷീല്‍ പറഞ്ഞു.
കേരളം റാപിഡ് ടെസ്റ്റ് നടത്തുന്നതും ഒരു വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ സൗകര്യമടക്കം കേരളം എല്ലാത്തിനും സജ്ജമാണെന്നും അഷീല്‍ പറഞ്ഞു.
‘കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എണ്ണം കൂടുന്നു എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടില്‍ പരിശോധനയുടെ എണ്ണവും കൂടുതലാണ്. ജര്‍മ്മനിയില്‍ ഇപ്പോള്‍ ചെയ്ത് വരുന്നതും സൗത്ത്കൊറിയയില്‍ വളരെ വിജയകരമായി ചെയ്തു വരുന്നതും ഇതാണ്. ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്ന പദ്ധതിയാണ്. അതായത് ടെസ്റ്റ് ചെയ്ത് കണ്ടെത്തുക എന്നതാണ് അതില്‍ അടിസ്ഥാന പരമായ കാര്യം. അതുകൊണ്ടാണ് നമ്മള്‍ റാപിഡ് ടെസ്റ്റ് നടത്താന്‍ അനുമതി വാങ്ങിച്ചത്. അതായത് ഐസൊലേഷനില്‍ കഴിയുന്ന രോഗികളെയും ബന്ധപ്പെട്ട നീരക്ഷണത്തില്‍ കഴിയുന്നവരെയുമൊക്കെ ടെസ്റ്റിന് വിധേയമാക്കുക എന്നതാണ്.
ഇവരുടെ ആന്റിജന്‍ എടുത്താണ് ടെസ്റ്റ് ചെയ്യുക. ആന്റി ബോഡിയല്ല. അത്കൊണ്ടു തന്നെ ചിലപ്പോള്‍ തെറ്റായ പോസിറ്റീവുകളും തെറ്റായ നെഗറ്റീവുകളും ഫലത്തില്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം ഇത് വഴി സാധ്യമാവുന്ന പ്രധാനപ്പെട്ട ഒരു കാര്യമെന്താണെന്നു വെച്ചാല്‍ അത് സമൂഹത്തില്‍ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും എന്നുള്ളതാണ്. ഇതിലൂടെ മഹാമാരിയെ കുറച്ചു കൂടി ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും എന്നുള്ളതാണ്.
ബ്രേക് ദ ചെയ്ന്‍ ആയാലും ലോക്ഡൗണ്‍ ആയാലും ഇപ്പോള്‍ റാപിഡ് ടെസ്റ്റ് ആയാലും അത് ഒന്ന് പരാജയപ്പെട്ടതുകൊണ്ടല്ല മറ്റേതിലേക്ക് കടക്കുന്നത്. ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാണ്. ഈ സമയത്ത് റാപിഡ് ടെസ്റ്റ് നടത്തണമെന്നുള്ളതുകൊണ്ടാണ് അത് നടത്തുന്നത്. വെന്റിലേറ്റര്‍ സൗകര്യങ്ങളൊന്നും ഇത്ര വേണ്ടി വരുന്ന സാഹചര്യം പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നാല്‍ നമ്മള്‍ ആവശ്യമായി വരുന്ന ഒരുഘട്ടത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളെയും സമീപിച്ചിട്ടുണ്ട്. അവിടുത്തെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നമ്മള്‍ എടുക്കുന്നുണ്ട്. അതുപോലെ 5000ത്തിലേറെ ഐസിയു സൗകര്യങ്ങളും 69000ത്തോളം കട്ടിലുകളും ഒക്കെ ആയിട്ടുണ്ട്,’ അഷീല്‍ വ്യക്തമാക്കി.
മാര്‍ച്ച് 25ന് ഇന്ത്യ ടുഡെയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി നടത്തിയ അഭിമുഖത്തില്‍ കേരളത്തിന്റെ അതിജീവനത്തെക്കുറിച്ച് പറയുന്നതിങ്ങനെ,
‘സാഹചര്യത്തെ എതിരിടാന്‍ കേരളം സജ്ജമാണ്. കേരളത്തിന് ആവശ്യത്തിനുള്ള ഭക്ഷ്യ ധാന്യങ്ങള്‍ നിലവില്‍ സ്റ്റോര്‍ ചെയ്ത് വെച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കും അതില്‍ കൂടുതലുമുള്ള സമയത്തേക്കുള്ള സാധനങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചാല്‍ അതിനെ നേരിടാന്‍ കേരളത്തിലെ ആരോഗ്യ വകുപ്പിന് സാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എല്ലാത്തിനും സജ്ജമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഐസൊലേഷന്‍, ക്വാറന്റൈന്‍, നരീക്ഷണം, വൈദ്യ സഹായം തുടങ്ങിയവയാണ് നടത്തുന്നതെന്നും ഇതുവരെ 165056 ബെഡുകളും ഇതുവരെയും തയ്യാറാക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഹമ്മദാബാദ് മിറര്‍, ദ ടെലഗ്രാഫ് തുടങ്ങിയ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല, ഇന്ത്യ ടുഡെ ചീഫ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ രാജ് ദീപ് സര്‍ദേശായി തന്നെ കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാത്തിലുമുപരി മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നിരന്തരം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇത് വിവരങ്ങള്‍ ലഭിക്കുക എന്നതിലപ്പുറം ജനങ്ങളുടെ ആശങ്ക കുറയ്ക്കുന്നതിനും തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരക്കുന്നത് തടയുന്നതിനും സഹായിക്കുന്നു.
ചോദ്യങ്ങള്‍ വേണം, ഇപ്പോഴല്ല
അതേസമയം കൊവിഡ് 19 പ്രതിരോധങ്ങളുടെ പേരില്‍ സര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകള്‍ കാണാതെ പോകുന്നില്ല. പൊലീസ് സംവിധാനങ്ങള്‍ ഒരു വശത്ത് നന്നായി പ്രവര്‍ത്തിക്കുമ്പോഴും മറുവശത്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. കൊവിഡിനെ അതിജീവിച്ച് കഴിഞ്ഞാല്‍ ആ ചോദ്യങ്ങളെല്ലാം വീണ്ടുമുയരുക തന്നെ ചെയ്യും.