ഐ.സി.യുവിലുള്ള കുഞ്ഞിനെ സാന്ത്വനിപ്പിക്കാന്‍ മുഖംമൂടി ഊരിയ ഉമ്മയ്ക്ക് നേരെ ഒരു ഐ.എസ്.ഐ.എല്ലുകാരന്‍ ആക്രോശിച്ചതും ഉമര്‍ ഓര്‍ത്തെടുക്കുന്നു.
2014 ജൂണില്‍ ഐ.എസ്.ഐ.എല്‍ മൊസൂള്‍ കീഴടക്കുമ്പോള്‍ കിഴക്കന്‍ മൊസൂളിലെ അല്‍ ഖസ്‌ന ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു ഡോക്ടര്‍ ഉമര്‍. അധികം അകലെയല്ലാതെ ഐ.എസ്.ഐ.എല്‍ ഭീകരര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തീയിടുന്നതിനാല്‍ തീഗോളങ്ങള്‍ അദ്ദേഹത്തിന് കാണാമായിരുന്നു. ഒപ്പം തെരുവുകളില്‍ മുഖംമൂടി ധരിച്ച തോക്കുധാരികളെ കണ്ടെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരണങ്ങളും.
സഹപ്രവര്‍ത്തകരെല്ലാം ആകെ ഭീതിയിലായി. പലരും സംസാരിക്കുന്നത് നഗരം വിട്ടുപോകുന്നതിനെക്കുറിച്ചാണ്. പക്ഷെ ഉമറിന് (യഥാര്‍ത്ഥ പേരല്ല) ഒരുപാട് പേരെ ചികിത്സിക്കാനുണ്ടായിരുന്നു. അതുകൊണ്ട് പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ റൗണ്ട്‌സ് തുടരാന്‍ അദ്ദേഹം തീരുമാനിച്ചു.
നഗരത്തില്‍ വിന്യസിക്കപ്പെട്ട ഇറാഖി സേനയേയും പൊലീസിനെയുമെല്ലാം അവര്‍ പെട്ടെന്നുതന്നെ കീഴടക്കിയിരുന്നു. മൊസൂള്‍ വാസികള്‍ പലരും ഉണര്‍ന്നത് തങ്ങള്‍ ഐ.എസ്.ഐ.എല്ലിന്റെ നിയന്ത്രണത്തിലായി എന്നറിഞ്ഞുകൊണ്ടാണ്.
ഉമര്‍ ജോലി തുടര്‍ന്നു. സ്റ്റാഫുകളെല്ലാം ഓടിപ്പോയ ഇടങ്ങളില്‍ ആളില്ലാത്ത കുറവ് നികത്താന്‍ ശ്രമിച്ചു. കുറച്ചുദിവസത്തിനുശേഷം ഒരു പ്രദേശവാസി ആശുപത്രിയിലേക്കു വിളിച്ചു. താനിപ്പോള്‍ ഐ.എസ്.ഐ.എല്ലിനൊപ്പമായെന്നും പ്രാദേശിക ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയെല്ലാം നീക്കിയെന്നും അദ്ദേഹം അവരോടു പറഞ്ഞു.
മൊസൂളിലെ ഏതാണ്ട് തകര്‍ക്കപ്പെട്ട എല്ലാ സര്‍ക്കാര്‍ സേവന കെട്ടിടങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മേഖലകളിലും ഐ.എസ്.ഐ.എല്‍ അവരുടെ ആളുകളെ ഉന്നതസ്ഥാനങ്ങളില്‍ പിടിച്ചിരുത്തി. ശേഷം തെരുവു വൃത്തിയാക്കുന്നവരെയും വൈദ്യുതി ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരെയും അധ്യാപകരെയുമൊക്കെ തിരഞ്ഞുപിടിച്ച് ജോലിക്കു വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
സൈനിക പരമാധികാരിത്തനപ്പുറം സ്വയം പ്രഖ്യാപിത ഖിലാഫത്ത് സ്ഥാപിക്കാന്‍ ഐ.എസ്.ഐ.എല്‍ അവലംബിച്ച രീതിയിതാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ സ്വന്തം താല്‍പര്യത്തിന് വിരുദ്ധമായി ഐ.എസ്.ഐ.എല്ലിന്റെ അനുയായികളായി മാറി. യു.എസ് നേതൃത്വത്തിലുള്ള സഖ്യം മൊസൂള്‍ തിരിച്ചുപിടിക്കുന്നവരെ ഈ നഗരത്തെ സ്വന്തം ചൊല്‍പ്പിടിയിലാക്കാന്‍ ഐ.എസ്.ഐ.എല്ലിനെ അവര്‍ സഹായിച്ചു.
ചില തൊഴിലാളികളെ ഭീഷണിപ്പെടുത്തേണ്ട അവസ്ഥപോലും വന്നില്ല. ഉമറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അല്‍ ഖാന്‍സയിലെ മൂന്ന് ജീവനക്കാര്‍ക്കാര്‍ പുതിയ ഭരണാധികാരികള്‍ക്കൊപ്പം കൂടി. അതില്‍ ഒരാള്‍ മുഹമ്മദ് എന്ന നഴ്‌സ് ആയിരുന്നെന്ന് ഉമര്‍ ഓര്‍ക്കുന്നു. “അവന്‍ പറഞ്ഞു ഹലോ ഡോക്ടര്‍, ഞാന്‍ ഐ.എസ്.ഐ.എല്ലില്‍ ചേര്‍ന്നു” എന്ന്. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു.” എന്ന് ഉമര്‍ പറയുന്നു.
നഗരത്തിലേക്ക് വലിയൊരു തുക കൊറിയര്‍ ചെയ്തുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാഗ്ദാദ് സര്‍ക്കാര്‍ സാലറി നല്‍കിക്കൊണ്ടിരുന്നു. അതുപോലെ മറ്റെല്ലായിടത്തെയും പോലെ സുരക്ഷാ സേന പൊരുതുന്നതും തുടര്‍ന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറച്ചെങ്കിലും കുറയ്ക്കാന്‍ ഇതിനു കഴിയുമെന്നാണ് രാഷ്ട്രീയ നേതാക്കള്‍ കരുതിയത്. പക്ഷെ ഐ.എസ്.ഐ.എല്ലിന് സ്ഥാപനങ്ങളെല്ലാം തന്നെ നന്നായി മുന്നോട്ടുകൊണ്ടുപോകാനും അത് സഹായിച്ചു.
തുടക്കത്തില്‍ “ഐ.എസ്.ഐ.എല്‍ ദയയോടെ പെരുമാറിയിരുന്നു” എന്നാണ് ഉമര്‍ പറയുന്നത്. 2014 നവംബറില്‍ പോസ്റ്റുഗ്രാജ്വേറ്റ് ക്ലിനിക്കല്‍ പരീക്ഷയ്ക്കായി തന്നെ ജോര്‍ദാനിലേക്കു പോകാന്‍ അവര്‍ അനുവദിച്ചിരുന്നു. 30 ദിവസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ കുടുംബവീട് കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പറഞ്ഞയച്ചതെങ്കിലും- അദ്ദേഹം പറയുന്നു.
ആറ് മണിക്കൂര്‍ ടാക്‌സിയിലും മൂന്നുമൈല്‍ മുട്ടോളം ചളിയില്‍ നടന്നുമായിരുന്നു യാത്ര. പക്ഷെ അത് “നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്കു” പോകുമ്പോലെയായിരുന്നെന്ന് ഉമര്‍. കുറച്ചുദിവസത്തിനുശേഷം മൊസൂളില്‍ തിരിച്ചെത്തിയെന്നും ഉമര്‍ പറഞ്ഞു.
“അപ്പോഴേക്കും മൊസൂളിലെ സ്‌കൂളുകളെല്ലാം തുറന്നിരുന്നു. പക്ഷെ പഠനരീതികളെല്ലാം ഐ.എസ്.ഐ.എല്‍ മാറ്റിയിരുന്നു. ഇസ്‌ലാമിക നിയമത്തിന് അവര്‍ നല്‍കിയ വ്യാഖ്യാനങ്ങളാണ് പഠിപ്പിച്ചത്. “ അബു അഹമ്മദ് എന്ന 46കാരനായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ പറയുന്നു.
സയന്‍സ് അനുകൂല മുദ്രാവാക്യങ്ങളും ഇറാഖിസര്‍ക്കാറിനെയും അതിന്റെ അതിര്‍ത്തികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതും നിരോധിച്ചിരുന്നു. എതിര്‍ലിംഗത്തിലുള്ളവരുടെ ചിത്രങ്ങള്‍ ടെക്സ്റ്റുപുസ്തകങ്ങളില്‍ നിന്നും സെന്‍സര്‍ ചെയ്തു. അധ്യാപകര്‍ വിദ്യാര്‍ഥികളോട് പാഠപുസ്തകം നോക്കി സ്വയം ഇത് കീറിമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹെയര്‍ സ്റ്റൈലുകള്‍ക്കും നിയന്ത്രണമുണ്ട്. ബാഡ്ജുകള്‍ മാറ്റിയാല്‍ മാത്രമേ സ്‌പോര്‍ട്‌സ് ജേഴ്‌സികള്‍ ധരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.
മൊസൂളിനെ ഇസ്‌ലാമിക് ഉട്ടോപ്യയായി ചിത്രീകരിക്കാനുള്ള ഐ.എസ്.ഐ.എല്‍ ശ്രമങ്ങള്‍ക്കു പുറമേ സേവനങ്ങള്‍ വിതരണം ചെയ്തത് ഒരുകാലത്തും ഇല്ലാത്തത്ര അസമത്വത്തിലായിരുന്നു. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലുള്ള രണ്ട് ജീവനക്കാര്‍ പറഞ്ഞത് ഐ.എസ്.ഐ.എല്ലുകാര്‍ക്ക് എല്ലാസമയത്തും പവ്വര്‍ സ്‌പ്ലെ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് തങ്ങളോട് പറഞ്ഞത് എന്നാണ്. നഗരത്തിലെ ശേഷിക്കുന്നയിടങ്ങളില്‍ ദിവസം ആറോ അതില്‍ കുറവോ സമയം മാത്രം വൈദ്യുതി നല്‍കിയാല്‍ മതിയെന്നും.
ഐ.എസ്.ഐ.എല്‍നു കീഴിലുള്ള ജീവിതം ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും നഗരം പതിവിലുമേറെ വൃത്തിയുള്ളതായിരുന്നു എന്നാണ് മൊസൂള്‍ വാസികള്‍ പറയുന്നത്. അതിന് നന്ദി പറയേണ്ടത് തെരുവു ശുചീകരിക്കുന്നവരോടാണ്. എക്കാലത്തുമുള്ളതിനേക്കാള്‍ കഠിനമായാണ് അവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നത്.
യുദ്ധം കാരണം തകര്‍ക്കപ്പെട്ട കിഴക്കന്‍ ജില്ലയില്‍ ഒരു ദിവസത്തെ ജോലിക്കുശേഷം ഹാതിം ജാസിം എന്ന 21കാരി പറഞ്ഞത് ഐ.എസ്.ഐ.എല്ലിനു കീഴില്‍ തങ്ങളുടെ ഷിഫ്റ്റ് ദിവസം രണ്ടുമണിക്കൂര്‍ അധികം വര്‍ധിപ്പിക്കുകയും ഓഫുകള്‍ റദ്ദാക്കുകയും ചെയ്‌തെന്നാണ്. ഈ മേഖലയിലും ഐ.എസ്.ഐ.എല്ലുകാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരുന്നു. ” അവരുടെ ബോസുകള്‍ താമസിക്കുന്ന ഇടം എല്ലാദിവസവും വൃത്തിയാക്കണമായിരുന്നു.” ജാസിം പറയുന്നു.
ഐ.എസ്.ഐ.എല്ലുകാര്‍ തങ്ങളുടെ കടും ഓറഞ്ച് നിറത്തിലുള്ള പുറംകുപ്പായം പിടിച്ചെടുത്തെന്നും ജാസിം പറയുന്നു. ഇതെന്തിനുവേണ്ടിയായിരുന്നെന്ന് ഐ.എസ്.ഐ.എല്ലുകാര്‍ വധശിക്ഷ നടപ്പിലാക്കുന്ന വീഡിയോയിലെ ഇരകള്‍ക്കുമേല്‍ അതു കാണുംവരെ തങ്ങള്‍ക്ക് മനസിലായിരുന്നില്ല എന്നാണ് ജാസിമും സഹപ്രവര്‍ത്തകരും പറയുന്നത്.
ഒരുവര്‍ഷത്തോളം ആ നഗരത്തിനുമേല്‍ ഐ.എസ്.ഐ.എല്‍ പിടിമുറുക്കി. ഇതോടെ 2014ല്‍ യു.എസിനു കീഴില്‍ സഖ്യശക്തികള്‍ ഒരുമിക്കുകയും ഇറാഖി കുര്‍ദിഷ് സേനകളെ സഹായിച്ചുകൊണ്ട് ആക്രമണം വര്‍ധിപ്പിക്കുകയും ചെയ്തു.
മൊസൂളിന് ഉള്ളില്‍ സാഹചര്യങ്ങള്‍ കുറേക്കൂടി കഠിനമായി. പുകവലി നിരോധിച്ചു. മൊബൈല്‍ ഫോണുകളും സാറ്റലൈറ്റ് ഡിഷുകളും ടെലിവിഷനുകളുമെല്ലാം പിടിച്ചെടുത്തു. ഇതൊന്നും അനുസരിച്ചില്ലെങ്കില്‍ പിഴ, ജയില്‍, ശാരീരികമായ ശിക്ഷ എന്നതായിരുന്നു രീതി. ഐ.എസ്.ഐ.എല്ലുകാരില്‍ വിദേശികളായിരുന്നു കൂടുതല്‍ ക്രൂരമായി പെരുമാറിയിരുന്നത്.
ഹോസ്പിറ്റലില്‍ ഉമര്‍ ചികിത്സിച്ച ഐ.എസ്.ഐ.എല്ലുകാരുടെ മക്കളില്‍ ചൈന, സൊമാലിയ, ടുണീഷ്യ, യു.എസ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. രക്ഷിതാക്കളെല്ലാം പലപ്പോഴും രോഷാകുലരായാണ് കണ്ടത്. എന്തെങ്കിലും മോശമായി സംഭവിച്ചാല്‍ ഇവര്‍ എങ്ങനെയാവും പെരുമാറുകയെന്നാലോചിച്ച് ഭയന്നിട്ടുണ്ടെന്ന് ഉമര്‍ പറയുന്നു.
2015 ജൂലൈയില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് ബാഗ്ദാദ് അവസാനിപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസം 70 ഡോളര്‍ എന്ന തുച്ഛമായ ശമ്പളം ഐ.എസ്.ഐ.എല്‍ അനുവദിക്കാന്‍ തുടങ്ങി. ആരെങ്കിലും ഇതിനെതിരെ ശബ്ദിച്ചാല്‍ അവര്‍ക്ക് മരണമെന്ന “ആനുകൂല്യവും” നല്‍കി.
സ്‌കൂള്‍ ടേം ആരംഭിച്ചപ്പോള്‍ ഐ.എസ്.ഐ.എല്‍ എല്ലാ പാഠപുസ്തകങ്ങളും ശേഖരിച്ച് അവ കത്തിച്ചു. ശേഷം വിദ്യാര്‍ഥികലുടെ ചിലവില്‍ പ്രിന്റ് ചെയ്ത കുറേ സി.ഡികള്‍ വിതരണം ചെയ്തു. ഈ സമയത്ത് പാഠ്യവിഷയങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു.
ചരിത്രം എന്നത് ഐ.എസ്.ഐ.എല്ലിന്റേതും അനുകൂല സംഘടനകളുടെതുമായി. ഐ.എസ്.ഐ.എല്‍ അതിര്‍ത്തികള്‍ക്കുള്ളിലേതു മാത്രമാക്കി ജ്യോഗ്രഫി. ഗണിതത്തിലെ ഉദാഹരണങ്ങള്‍ വരെ തോക്കും ബുള്ളറ്റുകളുടേതുമായി. “അവിശ്വാസിയായതിനാല്‍ പൈഥഗോറസിന്റെ പേരുപോലും പരാമര്‍ശിക്കരുത് എന്നാണ് അവര്‍ പറഞ്ഞത്.” അധ്യാപകനായ അബു അഹമ്മദ് പറയുന്നു.
ഐ.എസ്.ഐ.എല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മോശമായി തോന്നിയെന്നു പറഞ്ഞ അദ്ദേഹം ” ഒരു കുട്ടിയുടെ മനസ് ഗോതമ്പുമാവുപോലെയാണെന്നും ആവശ്യമുള്ള എന്തും ചെയ്യാം” എന്നും പറഞ്ഞു.
തന്റെ വിദ്യാര്‍ഥികളില്‍ മിക്കവരും ഐ.എസ്.ഐ.എല്ലുകാരുടെ കുട്ടികളായിരുന്നു. അതുകൊണ്ടുതന്നെ അവരെ ഭയന്നിരുന്നു. പ്രത്യേകിച്ച് പുതിയ സിലബസ് അവഗണിച്ചതിന്റെ പേരില്‍ ഒരു കോളജ് തകര്‍ത്തതിനുശേഷം. “തീര്‍ച്ചയായും ഞാന്‍ ഭയന്നിരുന്നു.. അവരില്‍ അനിഷ്ടമുണ്ടാക്കിയാല്‍ അതെന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയന്നിരുന്നു. അവര്‍ രക്ഷിതാക്കളോട് എന്തെങ്കിലും പറയുമോയെന്ന് ഭയന്ന് കുട്ടികള്‍ക്കു മുമ്പില്‍ ഞാന്‍ എന്റെ പെരുമാറ്റം തന്നെ മാറ്റി.” അബു പറയുന്നു.
“എന്നിട്ട് കുടുംബങ്ങള്‍ ഒരുമിച്ചു കൂടുന്ന വേളയില്‍ ബന്ധുക്കളുടെ കുട്ടികള്‍ക്ക് കണക്കും അടിസ്ഥാന ശാസ്ത്രവുമൊക്കെ പഠിപ്പിച്ചു നല്‍കി. ഇത് പിടിക്കപ്പെട്ടാല്‍ ഞാന്‍ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇത് വലിയ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.” അബു വിശദീകരിക്കുന്നു.
ഇതിനിടെ, ഭയപ്പെടുത്തിയതുകൊണ്ട് മാത്രം മൊസൂള്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഐ.എസ്.ഐ.എല്‍ മനസിലാക്കിയിരുന്നു. ഇലക്ട്രിസിറ്റി ജോലിക്കാരുടെ പക്കലൊന്നും ആവശ്യത്തിന് ഉപകരണങ്ങളുണ്ടായിരുന്നില്ല. ഇതോടെ നഗരത്തിന് പുറത്തുള്ള ആളില്ലാത്ത ക്രിസ്ത്യന്‍ നഗരങ്ങളില്‍ നിന്നും ഐ.എസ്.ഐ.എല്ലുകാര്‍ വസ്തുക്കള്‍ കൊള്ളയടിച്ചു.
ചില ഘട്ടങ്ങളില്‍ മറ്റു നഗരങ്ങളിലെ തൊഴിലാളികളെക്കൊണ്ട് നിര്‍ബന്ധിച്ച് കൊള്ളനടത്തിച്ചു. ” ഞങ്ങള്‍ കള്ളന്മാരായി.” തെരുവുവൃത്തിയാക്കുന്ന ജാസിം പറയുന്നു. ” നഗരം വൃത്തിയാക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു. പക്ഷെ അത് വൃത്തിയാക്കല്‍ മാത്രമല്ല, മോഷണം കൂടിയാകുമായിരുന്നു.” അദ്ദേഹം പറയുന്നു.
ഈ തൊഴിലാളികളെ നിയന്ത്രിക്കുന്നതിലായിരുന്നു ഐ.എസ്.ഐ.എല്ലിന് കൂടുതല്‍ ആശങ്കയുണ്ടായിരുന്നത്. ഇവര്‍ക്കിടയിലെ പുകവലി, ടി.വികാണല്‍ എന്നിവ കണ്ടെത്താനും അനുസരണക്കേടിന് ശിക്ഷിക്കാനും ചാരന്മാരെ റിക്രൂട്ട് ചെയ്തിരുന്നു.
2015ല്‍ ഒരു ദിവസം 18കാരനായ ശുചീകരണ തൊഴിലാളി അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഐ.എസ്.ഐ.എല്‍ സൂപ്പര്‍വൈസര്‍മാരോട് ലീവ് ചോദിച്ചു. പക്ഷെ അവര്‍ അതിനു സമ്മതിച്ചില്ല. ഇത് തര്‍ക്കത്തിനു വഴിവെക്കുകയും ഐ.എസ്.ഐ.എല്ലുകാരില്‍ ഒരാള്‍ അവനെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
2016ന്റെ പകുതിയാകുമ്പോഴേക്കും തകരുമെന്ന ഭയം ഐ.എസ്.ഐ.എല്ലിനെ പിടികൂടിയിരുന്നു. ഇറാഖി, കുര്‍ദിഷ് സുരക്ഷാ സേനകള്‍ മൊസൂള്‍ വളഞ്ഞിരുന്നു. നഗരത്തിനുള്ളിലെ സ്ഥിതിയും ഏറെ വഷളായി. ഭക്ഷ്യവില കുതിച്ചുയര്‍ന്നു.
അല്‍ ഖന്‍സയിലെ ഡോക്ടര്‍മാര്‍ കൂടുതല്‍ കൂടുതല്‍ മാറാ രോഗങ്ങള്‍ കണ്ടുതുടങ്ങുകയും പോഷകാഹാരക്കുറവ് ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഒക്ടോബറില്‍ മുറിവേറ്റ സഹപ്രവര്‍ത്തകരുമായി ഐസിസുകാര്‍ ആളുപത്രിയിലേക്ക് കുതിക്കുകയും പൗരന്മാരെ ചികിത്സിക്കുന്നതിനുമുമ്പേ തങ്ങളെ ചികിത്സിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.
അവരുടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി. യാതൊരു യുക്തിയുമില്ലാതെ അതു നടപ്പിലാക്കിയും തുടങ്ങി. ഐ.സി.യുവിലുള്ള കുഞ്ഞിനെ സാന്ത്വനിപ്പിക്കാന്‍ മുഖംമൂടി ഊരിയ ഉമ്മയ്ക്ക് നേരെ ഒരു ഐ.എസ്.ഐ.എല്ലുകാരന്‍ ആക്രോശിച്ചതും ഉമര്‍ ഓര്‍ത്തെടുക്കുന്നു.
2016 നവംബറിലാണ് സൈന്യം ഉമറിന്റെ വടക്കുകിഴക്കന്‍ ജില്ലയില്‍ എത്തിയത്. എട്ടുദിവസത്തെ യുദ്ധത്തിനുശേഷം അവരോട് അവിടം വിടാന്‍ ആവശ്യപ്പെട്ടു. ധൃതിപിടിച്ച് വീടിനു പുറത്തിറങ്ങിയ ഡോക്ടറുടെ തുടയില്‍ വെടിയേറ്റു. ഇറച്ചിയിലായിരുന്നു മുറിവേറ്റത്. പക്ഷെ അവിടെയടുത്തൊന്നും വൈദ്യസൗകര്യമുണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തിയെടുത്ത് ബുള്ളറ്റ് പുറത്തെടുത്തശേഷം അനസ്റ്ററിക് ഇല്ലാതെ തന്നെ മുറിവ് തുന്നുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹം മുടന്തിക്കൊണ്ട് രണ്ടുകിലോമീറ്റര്‍ അപ്പുറമുള്ള പ്രൈമറി ഹെല്‍ത്ത് കെയറിലെത്തി അവിടെ ജോലി തുടങ്ങി. ടൈഗ്രിസിന്റെ മറുഭാഗത്ത് ശക്തമായ പോരാട്ടം തുടരവെ ജനുവരിയില്‍ കിഴക്കന്‍ മൊസൂള്‍ തിരിച്ചുപിടിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. അതിനുശേഷം പുനരുദ്ധാരണം ആരംഭിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികളും ഭക്ഷണവുമൊക്കെ അടങ്ങിയ ട്രക്കുകള്‍ എല്ലാദിവസവും രാവിലെ നഗരത്തിലെചെക്ക്‌പോയിന്റുകളില്‍ വന്നുതുടങ്ങി.
പക്ഷെ പല സര്‍ക്കാര്‍ തൊഴിലാളികളും പറയുന്നത് തങ്ങള്‍ക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നില്ല എന്നാണ്. പല ഹോസ്പിറ്റലുകളിലും ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നത് എന്‍.ജി.ഒകള്‍ വിതരണം ചെയ്യുന്ന വസ്തുക്കള്‍ മാത്രമാണ് ലഭിക്കുന്നതെന്നും സര്‍ക്കാര്‍ തങ്ങളെ ഉപേക്ഷിച്ച മട്ടാണെന്നുമാണ്.
ചില സ്‌കൂളുകള്‍ ഇപ്പോഴും പാഠപുസ്തകങ്ങളും മറ്റും ഇല്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അധ്യാപകര്‍. അബു അഹമ്മദും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധവുമായി മുന്നോട്ടുവരികയും പ്രാദേശിക കേന്ദ്രങ്ങളില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
പക്ഷെ, ഉമര്‍ ഇപ്പോഴും ശുഭാപ്തിവിശ്വാസത്തിലാണ്. ” നമ്മള്‍ നമ്മെ സ്വയം അതിശയിപ്പിച്ചു. നമ്മള്‍ ഐ.എസ്.ഐ.എല്ലിനാല്‍ ബാധിക്കാതെ നിലകൊണ്ടു. ഇപ്പോഴത്തെ പ്രതിസന്ധിയെയും നമുക്ക് മറികടക്കാം.” അദ്ദേഹം പറയുന്നു.
കടപ്പാട്: അല്‍ജസീറ
* ഐ.എസ്.ഐ.എല്ലിന്റെ ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. (ഡൂള്‍ന്യൂസ് ടീം)