ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നാഷണല്‍ മിലിട്ടറി ഫോഴ്സില്‍ ചേരുന്നതിന് മുന്നോടിയായി വനിതാ കേഡറ്റുകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം. ഇന്തോനേഷ്യന്‍ സൈനിക മേധാവി ജനറല്‍ അന്‍ഡിക പേര്‍കസയാണ് ഇക്കാര്യം അറിയിച്ചത്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ.) ഇതിനെതിരെ രംഗത്ത് വന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്തോനേഷ്യന്‍ സൈനിക വിഭാഗം ഈയൊരു നടപടിക്ക് തയാറായത്. ഇത്തരം കന്യകാ പരിശോധനകള്‍ വനിതാ കേഡറ്റുകള്‍ക്ക് മാനസികമായ പിരിമുറുക്കം ഉണ്ടാക്കിയിരുന്നു.
ഇത്തരം പരിശോധനകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. 2015ല്‍ അന്നത്തെ ആരോഗ്യ മന്ത്രിയായ നില മൊലൂക് ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അതോടെ ഈ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഇനി മുതല്‍ കേഡറ്റുകളുടെ കായിക ക്ഷമതയും നട്ടെല്ലിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനവും വര്‍ണാന്ധതയുടെ പരിശോധനയും മാത്രതായിരിക്കും കണക്കിലെടുക്കുകയെന്നും കന്യകാത്വ പരിശോധനകള്‍ സൈന്യത്തില്‍ ഇനി മുതല്‍ ഉണ്ടാവില്ലെന്നും ആര്‍മി മേധാവി അന്‍ഡിക പേര്‍കസ പറഞ്ഞു.
ഇനി മുതല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നിയമനം. ശാരീരികക്ഷമതയും മറ്റും പരിശോധിച്ച് നിയമിക്കുന്ന സര്‍വ്വസാധാരണ രീതിയിലായിരിക്കും ഇനി നിയമനം നടത്തുക. ഈയൊരു തീരുമാനം സേനയ്ക്ക് ഏറെ ഗുണപ്രദമാവുമെന്നും ഇത് വനിതാ കേഡറ്റുമാരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ ദിശാബോധം വളര്‍ത്തിയെടുക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നടന്ന യു.എസ് – ഇന്തോനേഷ്യ ജോയിന്റ് മിലിട്ടറി ഡ്രില്ലിലാണ് പേര്‍കസ ഇക്കാര്യം അറിയിച്ചത്.
ഇനി സേനയിലെത്തുന്ന വനിതാ കേഡറ്റുമാര്‍ ഗര്‍ഭിണിയാണോയെന്ന പരിശോധന മാത്രമേ നടത്തുകയുള്ളെന്നും, കന്യകാത്വ പരിശോധന നടത്തില്ലെന്നും ഇന്തോനേഷ്യന്‍ നാവികസേനാ വക്താവ് ജൂലിയസ് വിഡ്ജോജോനോയും പറഞ്ഞു. റോയ്ട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജൂലിയസ് ഇക്കാര്യം വ്യക്തമാക്കിയത്.
2014ല്‍ ഡബ്ല്യു.എച്ച്.ഒ. ഈ നടപടി വിവേചനപരവും മനുഷ്യത്ത വിരുദ്ധവുമാണെന്ന് പറഞ്ഞ ശേഷവും ഇന്തോനേഷ്യന്‍ സൈന്യം ഇത് തുടര്‍ന്ന് വന്നിരുന്നു.
1965 മുതല്‍ തുടര്‍ന്ന് വന്നിരുന്ന ഈ നടപടി നിര്‍ത്തലാക്കിയത് ഇന്തോനേഷ്യയിലെ ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂടി ശ്രമഫലമായിട്ടാണ്.
കന്യകാത്വ പരിശോധന അവസാനിപ്പിക്കാന്‍ ആര്‍മി ഓഫീസിലെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പല രാജ്യങ്ങളും ഇത്തരത്തില്‍ കന്യകാത്വ പരാശോധന നിര്‍ത്തലാക്കിയെങ്കിലും അഫാഗാനിസ്ഥാന്‍, ഈജിപ്ത് തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ കന്യകാത്വ പരാശോധന ഇപ്പോഴും നടക്കുന്നുണ്ടെന്നും യു.എന്‍. നിരീക്ഷിക്കുന്നു. അതേസമയം കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ച സൈനിക നേതൃത്വത്തിന്റെ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.