മാസ് സിനിമകളിലെ സ്ത്രീകള്‍; മൂന്ന് അടിസ്ഥാന ചോദ്യങ്ങള്‍
Movie Day
മാസ് സിനിമകളിലെ സ്ത്രീകള്‍; മൂന്ന് അടിസ്ഥാന ചോദ്യങ്ങള്‍
അമൃത ടി. സുരേഷ്
Monday, 14th August 2023, 7:49 pm
രമ്യ കൃഷ്ണനെ പോലെയോ നദിയ മൊയ്ദുവിനെ പോലെയോ ബിന്ദു പണിക്കരെ പോലെയോ ഉള്ള പ്രതിഭകളെ, അവരുടെ കഴിവിനെ, സ്വാഗിനെ, സ്‌ക്രീന്‍ പ്രസന്‍സിനെ ഉപയോഗിക്കണ്ട എന്ന് ചിലര്‍ തീരുമാനിക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെയൊരു സാധ്യത ഉള്ളതിനെ പറ്റി പോലും അവര്‍ ചിന്തിക്കുന്നില്ല.

1. ഇന്ത്യന്‍ മാസ് സിനിമകളില്‍ എങ്ങനെയാണ് സ്ത്രീകള്‍ ട്രീറ്റ് ചെയ്യപ്പെടുന്നത്?

‘രമ്യ കൃഷ്ണന്‍ അല്ലെങ്കില്‍ രമ്യ നമ്പീശന്‍. അത്രേയുള്ളൂ… വരുക… തന്ന റോള്‍ ചെയ്യുക. പറ്റുമെങ്കില്‍ ഒരു ഐറ്റം ഡാന്‍സ് കളിക്കുക. പോവുക. അത്രേയുള്ളൂ,’ ഡൂള്‍ന്യൂസില്‍ കഴിഞ്ഞ ദിവസം പബ്ലിഷ് ചെയ്ത സ്‌റ്റോറിക്ക് ( ആണ്‍കോയ്മയുടെ ആഘോഷമാകുന്ന മാസ് സിനിമയില്‍ മുഴച്ചുനില്‍ക്കുന്ന രമ്യ കൃഷ്ണന്‍ ) വന്ന ഒരു കമന്റാണിത്.

സ്ത്രീ കലാകാരികളോടും താരങ്ങളോടും പൊതുബോധ്യത്തിനുള്ള കാഴ്ചപ്പാടാണിത്. സ്‌ക്രീനിലും തിയേറ്ററുകളിലും മാസ് മസ്‌കുലിനിറ്റിയുടെ ആഘോഷം നടക്കുമ്പോള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് സ്ത്രീകള്‍ എത്തുന്നതിനെ പറ്റി സംസാരിക്കേണ്ട അവസ്ഥയില്‍ ഇന്നും ‘സ്ത്രീ പക്ഷ സിനിമകള്‍’ നില്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഗതികേടാണ്. സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമകള്‍.

2. മാസ് കഥാപാത്രങ്ങൾ സ്ത്രീകള്‍ക്ക് ചെയ്യാനാവില്ലേ? / മാസ് സിനിമകളില്‍ എന്തുകൊണ്ട് നായികമാരുടെ റോള്‍ പരിമിതപ്പെടുന്നു?

മാസ് കഥാപാത്രങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാനാവില്ല എന്നതാണ് ഒരു പൊതുധാരണ അല്ലെങ്കില്‍ മിഥ്യാധാരണ. മാസ് ഫെമിനിറ്റിയെ ഷോകേസ് ചെയ്ത, ആഘോഷിച്ച സിനിമകളുണ്ട്.

പടയപ്പയിലെ നീലാംബരി, വടചെന്നൈയിലെ ചന്ദ്ര, ബാഹുബലിയിലെ ശിവകാമി, റോഷാക്കിലെ സീത ഇതൊക്കെ ആഘോഷിക്കപ്പെട്ട മാസ് ഫെമിനിന്‍ കഥാപാത്രങ്ങളാണ്. രമ്യ കൃഷ്ണനെ പോലെയോ നദിയ മൊയ്ദുവിനെ പോലെയോ ബിന്ദു പണിക്കരെ പോലെയോ ഉള്ള പ്രതിഭകളെ, അവരുടെ കഴിവിനെ, സ്വാഗിനെ, സ്‌ക്രീന്‍ പ്രസന്‍സിനെ ഉപയോഗിക്കണ്ട എന്ന് ചിലര്‍ തീരുമാനിക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെയൊരു സാധ്യത ഉള്ളതിനെ പറ്റി പോലും അവര്‍ ചിന്തിക്കുന്നില്ല.

ബോളിവുഡില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. പത്താനിലെ ദീപിക പേരിനൊരു നായിക മാത്രമല്ല, നായകനൊപ്പം മാസ് സീനുകള്‍ അവര്‍ക്കുമുണ്ട്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സ്ഥിതി പഴയതു തന്നെയാണ്. കെ.ജി.എഫിലും ജയ്‌ലിറിലും തമന്ന ഡാന്‍സ് നമ്പര്‍ കളിക്കുമ്പോള്‍ സഞ്ജയ് ദത്തും മോഹന്‍ലാലും ശിവരാജ് കുമാറും പ്ലേസ് ചെയ്യപ്പെടുന്നത് എവിടെയാണ് എന്ന് ആലോചിക്കുക.

മാസ് സിനിമകളില്‍, നായകന് വെച്ച് വിളമ്പുന്ന അമ്മ, മരുമകള്‍, നായിക റോളിലേക്കോ, ഐറ്റം ഡാന്‍സ് കളിക്കാനോ മാത്രമായി ഫീമെയ്ല്‍ സ്റ്റാര്‍സിന് മുന്നിലേക്ക് വരുന്ന ചോയിസുകള്‍ ഒതുങ്ങുന്നു. മറുവശത്ത് മെയ്ല്‍ സ്റ്റാര്‍സിന് ലഭിക്കുന്ന ചോയിസുകള്‍ മാസ് നായകന്‍/ മാസ് കാമിയോ/ മാസ് വില്ലന്‍ എന്നിങ്ങനെയാണ്.

മെയില്‍ സ്റ്റാര്‍സിന് കിട്ടുന്നത് പോലെയുള്ള കേറ്ററിങ്ങോ അവര്‍ക്ക് ലഭിക്കുന്ന വ്യത്യസ്തതയുള്ള കഥകളോ ചോയ്‌സുകളോ ഫീമെയ്ല്‍ സ്റ്റാര്‍സിന് കിട്ടുന്നില്ല, നയന്‍താരക്ക് പോലും. നായകന്‍ വേണോ നായിക വേണോ എന്നത് ഡയറക്ടറുടെ ക്രിയേറ്ററീവ് ചോയിസാണ്. എന്നാല്‍ ആ ചോയിസില്‍ എപ്പോഴും ആണുങ്ങള്‍ക്ക് മാസും പെണ്ണുങ്ങള്‍ക്ക് അടുക്കളയും ഐറ്റം ഡാന്‍സും ആയി പോകുന്നു എന്നതാണ് പ്രശ്‌നം.

വെള്ളിത്തിരയിലെ നായകന്റെ കൂട്ടുകാരനായോ തിമിരിലെ വില്ലത്തിയുടെ സൈഡ് കിക്ക് റോളിലേക്കോ ഇനി വിനായകന്‍ വിളിക്കപ്പെടില്ല. അതിനും മുകളിലാണ് വിനായകന്റെ കഴിവും സ്റ്റാര്‍ വാല്യുവെന്നും ഇന്ന് ഇന്‍ഡസ്ട്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രമ്യ കൃഷ്ണനുള്‍പ്പെടെയുള്ള ഫീമെയ്ല്‍ സ്റ്റാറുകളെ അങ്ങനെയുള്ള റോളുകളിലേക്ക് വിളിക്കുവാനുള്ള പരിതസ്ഥിതി നമ്മുടെ സിനിമ ഇന്‍ഡസ്ട്രികളിലുണ്ട്.

റോഷാക്ക് ഇറങ്ങുമ്പോള്‍ ബിന്ദു പണിക്കരെ ഇതുവരെയും മലയാള സിനിമ ഉപയോഗിച്ചില്ല എന്ന് കരയുന്നവര്‍ തന്നെയാണ് സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള കഥാപാത്രങ്ങളുണ്ടാവണം എന്ന് പറയുമ്പോള്‍ പരിഹസിക്കുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം.

3. സ്റ്റാര്‍ വാല്യു ഉണ്ടാകുന്നതെങ്ങനെ?

മാസ് സിനിമകളുടെ അടിസ്ഥാനമാണ് സ്റ്റാര്‍ വാല്യു. സ്റ്റാര്‍ വാല്യൂ നോക്കിയാണ് മാസ് സിനിമകളിലേക്ക് സംവിധായകരും നിര്‍മാതാക്കളും താരങ്ങളെ തീരുമാനിക്കുന്നത്. താരങ്ങളെയും അവരുടെ സ്റ്റാര്‍ വാല്യുവിനേയും സൃഷ്ടിക്കുന്നത് പ്രേക്ഷകരാണ്. ഇന്നും തിയേറ്ററില്‍ വരുന്ന ഭൂരിപക്ഷം പ്രക്ഷകരും ആണുങ്ങളാണ്. നമ്മുടെ എഫ്.ഡി.എഫ്.എസ് ഷോകളെല്ലാം ആണ്‍കൂട്ടങ്ങളുടെ ആഘോഷങ്ങള്‍ തന്നെയാണ്.

നടിമാരെ അപേക്ഷിച്ച് നടന്മാര്‍ സൂപ്പര്‍ സ്റ്റാറുകളാകുന്നതെങ്ങനെ എന്ന് ചോദിച്ചാല്‍ സിനിമ കാണാന്‍ തിയേറ്ററുകളിലേക്ക് പോകുന്നത് മുതല്‍ സംവിധായകരാകുന്നത് വരെയുള്ള സ്വാതന്ത്ര്യത്തില്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ നേരിടുന്ന പരിമിതികള്‍ പോലെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളെ പറ്റി സംസാരിക്കേണ്ടി വരും. അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ എത്രയോ പ്രാവശ്യം നടന്നുകഴിഞ്ഞു.

സ്ത്രീകള്‍ വേണമെങ്കില്‍ സ്ത്രീകളെ മാസാക്കി സിനിമയെടുക്കട്ടെ എന്നാണ് ചിലരുടെ വാദം. അതായത് ഞങ്ങള്‍ മാറില്ല, ഇങ്ങനൊക്കെ തന്നെ അങ്ങ് പോകും, നിങ്ങള്‍ വേണമെങ്കില്‍ ചിലച്ചുകൊണ്ടിരുന്നോ എന്ന്. ഇവിടെ ചെറിയ മാറ്റങ്ങളെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ എതിര്‍പ്പുകള്‍ നേരിട്ടും അവഗണിച്ചും ചിലര്‍ ചിലച്ചതുകൊണ്ടും കൂടിയാണ്.

Content Highlight: How India mass commercial movies treats female stars

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.