വാഷിങ്ടണ്‍: ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനമായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് ലോകത്തെ പുന:നിര്‍മ്മിക്കുക ഇന്ത്യയും ചൈനയുമാകുമെന്ന രാഹുലിന്റെ അഭിപ്രായപ്രകടനം.
Also Read: സര്‍ക്കാര്‍ കോളേജില്‍ സീറ്റിന് കോഴ; പണം ആവശ്യപ്പെട്ടത് എസ്.എഫ്.ഐ സെനറ്റ് അംഗം
“രണ്ടും വലിയ രാഷ്ട്രങ്ങളാണ്. ഇരുരാജ്യങ്ങളിലെയും ശൈലിയും വ്യത്യസ്തമാണ്. ഒന്ന് പൂര്‍ണമായും സ്വതന്ത്രമായി നടക്കുമ്പോള്‍ മറ്റൊരിടത്ത് കേന്ദ്ര നിയന്ത്രിതമായാണ് സംഭവിക്കുന്നത്. രണ്ടു രാജ്യങ്ങളിലെയും സംവിധാനങ്ങള്‍ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.”
“കാര്‍ഷികരാജ്യങ്ങളില്‍നിന്ന് നഗര വികസിത മാതൃകാ രാജ്യങ്ങളായി മാറുകയാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെ ജനങ്ങളും ഈ മാറ്റത്തിന് വിധേയരാവുകയാണ്. അങ്ങനെയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് ഭാവി ലോകത്തെ പുന:നിര്‍മ്മിക്കുക” രാഹുല്‍ ഗാന്ധി പറഞ്ഞു.
“ചൈന ജനാധിപത്യരാഷ്ട്രമാണോ അല്ലയോ എന്നു പറയാന്‍ താനാളല്ല. അവര്‍ അവരുടെതായ വഴിയാണ് സ്വീകരിക്കുന്നത് നമ്മള്‍ നമ്മുടേതും.” അദ്ദേഹം പറയുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണവും മത്സരവും നിലനില്‍ക്കുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് ചൈനയുമായും റഷ്യയുമായും ബന്ധമുണ്ടെന്നു പറഞ്ഞ രാഹുല്‍ അമേരിക്കയുമായും അതുപോലെതന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.