|

ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ആയുധമായി ഹിന്ദുത്വ ന്യായീകരിച്ചതെങ്ങനെ? സവര്‍ക്കറുടെ പുസ്തകങ്ങളിലൂടെ ഒരന്വേഷണം

അജാസ് അഷ്‌റഫ്

അജാസ് അഷ്‌റഫ് 2016 മേയ് 28 ന് സ്‌ക്രോളില്‍ എഴുതിയ ലേഖനം

2002-ലെ ഗുജറാത്ത്, 2013-ലെ മുസഫിര്‍ നഗര്‍ കലാപങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നതിനും ദശാബ്ദങ്ങള്‍ക്ക് മുമ്പു തന്നെ ഹിന്ദുത്വ ആചാര്യന്‍ സവര്‍ക്കര്‍ ബലാത്സംഗത്തെ നീതിയുക്തമായ രാഷ്ട്രീയ ഉപകരണമായി ന്യായീകരിച്ചുവെച്ചിരുന്നു. മരിക്കുന്നതിന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് 1966ല്‍ എഴുതിയ Six Glorious Epochs of Indian History എന്ന പുസ്തകത്തില്‍ “ഹിന്ദു നന്മ” എന്ന ആശയത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

പൂര്‍വ്വകാലത്തെ ഇന്ത്യയിലേക്കുള്ള അധിനിവേശങ്ങളെ ഹിന്ദുക്കള്‍(?) പ്രതിരോധിച്ചതെങ്ങനെയെന്ന വിശദീകരണമാണ് Six Glorious Epochs of Indian History. ചരിത്രപരമായ രേഖകളും (അതില്‍ മിക്കതും സംശയാസ്പദമാണ്), വിദേശ സഞ്ചാരികളുടെ പൊലിപ്പിച്ചുള്ള വിവരങ്ങളും കൊളോണിയല്‍ ചരിത്രകാരന്മാരുടെ എഴുത്തുകളും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പുസ്തകമാണത്. ഈ വിവിധങ്ങളായ ഉറവിടങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ തന്നെ ഉന്മത്തവും ഭീതിദവുമായ ഭാവനയും ചേര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ വിദ്വേഷത്തിനും ദേഷ്യത്തിനും പറ്റിയ ഒരു പുസ്തകമായി.

ഹിന്ദു പ്രതിരോധത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ രേഖപ്പെടുത്തലുകള്‍ നന്മകളുടെ ഒരു ചരിത്രം കൂടിയാണ്. ഈ “നന്മകളാണ്” ഇന്ത്യയ്ക്ക് നിര്‍ണായകമായതെന്നും പിടിച്ചെടുക്കാന്‍ സഹായിച്ചതെന്നുമാണ് അദ്ദേഹത്തിന്റ കണ്ടെത്തല്‍. Perverted Conception of Virtues എന്ന ഏട്ടാം ചാപ്റ്ററില്‍ അദ്ദേഹം ധാര്‍മ്മികതയുടെ ഫിലോസഫി വിശദീകരിക്കുന്നുണ്ട്. അതില്‍ സമ്പൂര്‍ണവും നിരുപാധികവുമായ നന്മയെന്ന ആശയത്തെ അദ്ദേഹം നിഷേധിക്കുന്നുമുണ്ട്.

“വാസ്തവത്തില്‍ നന്മയും തിന്മയുമെന്നത് ആപേക്ഷികമായ പ്രയോഗങ്ങളാണ്.” അദ്ദേഹം പറയുന്നു.

സമൂഹത്തിന്റെ, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് സഹായമായത് എന്താണോ അതാണ് നന്മയും തിന്മയും  പരിശോധിച്ചുറപ്പിക്കുന്നതിന്റെ മാനദണ്ഡം എന്നാണ് സവര്‍ക്കര്‍ പുസ്തകത്തില്‍ പറയുന്നത്. സാഹചര്യം മാറിക്കൊണ്ടിരിക്കും. എന്നാല്‍ സമൂഹം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. മുമ്പ് മഹത്തായ കാര്യമായി തോന്നിയിരുന്നത് മാനവരാശിക്ക് എതിരാണെന്നു കാണുമ്പോള്‍ വര്‍ത്തമാനകാലത്ത് മോശമായി തോന്നാമെന്നും അദ്ദേഹം പറയുന്നു.

ഉദാഹരണമായി, സവര്‍ക്കാര്‍ പറയുന്നു, “വിശാലമായ ശുദ്ധി, അശുദ്ധി നിയമങ്ങളുള്ള ജാതി വ്യവസ്ഥ ഹിന്ദു സമൂഹത്തെ ദൃഢീകരിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ജാതിവ്യവസ്ഥയിലെ ചില നിയമങ്ങള്‍ ഹിന്ദു സമൂഹത്തിന് “ഏഴ് പ്രതിബന്ധങ്ങളായി” അധ:പതിച്ചു.

തൊട്ടുകൂടായ്മ, താഴ്ന്നജാതിക്കാര്‍ക്ക് കുടിവെള്ളം നിഷേധിക്കല്‍, പന്തിഭോജനത്തിലുള്ള വിലക്ക്, ജാതിമാറിയുള്ള വിവാഹത്തിനുള്ള വിലക്ക്, നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്കോ ക്രിസ്ത്യാനിറ്റിയിലേക്കോ പരിവര്‍ത്തനം ചെയ്യിച്ചവരെ തിരികെ കൊണ്ടുവരുന്നതിനുള്ള വിലക്ക്, ഇത്തരം വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കുളള ഭ്രഷ്ട് എന്നിവയാണ് സവര്‍ക്കറുടെ അഭിപ്രായത്തില്‍ ഈ പ്രതിബന്ധങ്ങള്‍.

ഈ ഏഴ് നിബന്ധനകളാണ് മുസ്‌ലിം ഭരണാധികാരികള്‍ക്ക് ഗുണപ്രദമായി ഭവിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് സവര്‍ക്കര്‍ എഴുതുന്നു. കാരണം ഈ ജാതി നിയമങ്ങള്‍ മുസ്‌ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ചുവെന്നും സവര്‍ക്കര്‍ എഴുതുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരാജയപ്പെട്ട ഹിന്ദുവിനെ മുസ്‌ലിം ജേതാക്കന്മാര്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നു. അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നു, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഭാര്യമാരായോ വെപ്പാട്ടിമാരായോ സൂക്ഷിക്കുന്നു. ഹിന്ദുമതത്തിലേക്ക് തിരികെയെത്താനുള്ള വിലക്ക് തീര്‍ച്ചയായും അവരെ മുസ്‌ലീമായി തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കുമെന്നും സവര്‍ക്കര്‍ എഴുതുന്നു. ഒരു മനുഷ്യന്റെ പിശാചിലേക്കുള്ള പരിവര്‍ത്തനം അല്ലെങ്കില്‍ ദൈവത്തില്‍ നിന്നും സാത്താനിലേക്കുള്ള പരിവര്‍ത്തനമാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് സവര്‍ക്കര്‍ ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കാമെന്ന ചിന്ത മുന്നോട്ടുവെക്കുന്നത്.

ഒരു ചോദ്യത്തിലൂടെയാണ് ഈ ആഗ്രഹം അദ്ദേഹം മുന്നോട്ടുവെക്കുന്നത്: “മുസ്ലിം രാജാക്കന്മാരെ പലപ്പോഴും പരാജയപ്പെടുത്താറുള്ള ഹിന്ദു രാജാക്കന്മാര്‍ മുസ്ലിം രാജാക്കന്മാരുടെ ഭാര്യമാരെ ബലാത്സംഗം ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു?”

“മുസ്‌ലീങ്ങളല്ലാത്ത സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് ബലപ്രയോഗത്തിലൂടെ തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കുകയെന്നത് ഓരോ മുസ്ലീമിന്റെയും മതപരമായ ഉത്തരവാദിത്തമായിരുന്നു.” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിക്കുന്നത്. “ഒഴിവാക്കാനാവാത്ത പ്രകൃതി നിയമത്തിലൂടെ മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കുകയെന്ന വ്യക്തമായ രൂപരേഖ ഇതിനുണ്ട് എന്നതിനാല്‍ ഇത് “മുസ്ലിം മതഭ്രാന്തല്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ജന്തുലോകം സ്വാഭാവികമായി അനുസരിക്കുന്നത് ഇതേ നിയമമാണ്.

സവര്‍ക്കര്‍ എഴുതുന്നു:

“ഒരു കന്നുകാലി കൂട്ടത്തില്‍ കാളകളുടെ എണ്ണം പശുവിനേക്കാള്‍ കൂടുതലാവുകയാണെങ്കില്‍ ആ കൂട്ടം പെട്ടെന്ന് എണ്ണം കൂടില്ല. എന്നാല്‍ മറുവശത്ത് കാളകളേക്കാള്‍ കൂടുതലായുള്ളത് പശുക്കളാണെങ്കില്‍ അത് ഗണിതശാസ്ത്രപരമായ അനുപാതത്തില്‍ വളരും.”

മനുഷ്യലോകത്തില്‍ നിന്നും അദ്ദേഹം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന് അദ്ദേഹം എഴുതുന്നു, “ആഫ്രിക്കന്‍ “വന്യ വിഭാഗം” അവരുടെ പുരുഷ ശത്രുക്കളെ മാത്രമേ കൊല്ലാറുള്ളൂ. സ്ത്രീകളെ കൊല്ലാറില്ല. അവരെ വിജയികള്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പിടിച്ചുകൊണ്ടുവന്ന സ്ത്രീകളുടെ സന്തതിപരമ്പരകളിലൂടെ തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നത് അവരുടെ കടമയായി ഈ ഗോത്രവിഭാഗം കാണുന്നതുകൊണ്ടാണിത്.

അതുപോലെ അദ്ദേഹം എഴുതി, “ഇന്ത്യയിലെ നാഗ ഗോത്രവിഭാഗം ശത്രുഗോത്രത്തെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ശത്രുഗോത്രത്തിലെ ഭാര്യമാരെ കൊലപ്പെടുത്തിക്കൊണ്ട് ശത്രുക്കളുടെ എണ്ണം പെരുകാനുള്ള സാധ്യത തടയും” എന്ന്.

ആഫ്രിക്കയിലെ മുസ്ലിം ജേതാക്കളും ഈ രീതി പിന്തുടര്‍ന്നിരുന്നെന്ന് സവര്‍ക്കര്‍ പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെ അദ്ദേഹം രാമായണത്തെക്കുറിച്ചാണ് പറയുന്നത്. സീതയെ തിരിച്ചയക്കാന്‍ രാവണനെ അദ്ദേഹത്തിന്റെ അഭ്യുദകാംഷികള്‍ ഉപദേശിച്ചതിനെക്കുറിച്ചാണത്. സീതയെ തട്ടിക്കൊണ്ടുവന്നത് തീര്‍ത്തും മതവിരുദ്ധമാണെന്ന് അവര്‍ പറയുന്നു. രാവണന്‍ അതിനു മറുപടി പറഞ്ഞത് ഇതാണെന്നാണ് സവര്‍ക്കറുടെ ഭാഷ്യം. “എന്ത്? ശത്രുവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുന്നതിനെ നിങ്ങള്‍ മതവിരുദ്ധമെന്ന് വിളിക്കുന്നോ? അത് പരമ ധര്‍മ്മമാണ്. മഹത്തായ കര്‍ത്തവ്യം!”

രാവണന്റെ ഈ “നാണമില്ലാത്ത മതഭ്രാന്ത്” കാരണമാണ് സുല്‍ത്താന്‍ മുതല്‍ പട്ടാളക്കാര്‍ വരെയുള്ള മുസ്‌ലീങ്ങളും, ഹിന്ദു യുവതികളെ, രാജകുടുംബത്തിലെ വിവാഹിതരായ ഹിന്ദു സ്ത്രീകളെ വരെ, തട്ടിക്കൊണ്ടുപോകുന്നതെന്നും സവര്‍ക്കര്‍ എഴുതുന്നു. ഇന്ത്യയെ പിടിച്ചടക്കാനായി മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബീഗമാകട്ടെ യാചകയാകട്ടെ ഒരു മുസ്ലീം സ്ത്രീയും അവരുടെ പുരുഷന്മാരുടെ ക്രൂരമായ ചെയ്തികളെ വിമര്‍ശിച്ചിട്ടില്ല എന്നും വിഷം ചീറ്റിക്കൊണ്ട് സവര്‍ക്കര്‍ പറയുന്നു. നേരെ മറിച്ച് അവരെ പ്രോത്സാഹിപ്പിക്കുകയും അതിലഭിമാനം കൊള്ളുകയുമാണ് ചെയ്തത്.

ഹിന്ദു രാജവംശത്തില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീകള്‍ വരെ ഹിന്ദു പെണ്‍കുട്ടികളെ മയക്കിയെടുത്ത് “സ്വന്തം വീട്ടില്‍ പൂട്ടിയിട്ട്, അവരെ മസ്ജിദുകളിലും പള്ളികളിലുമുള്ള മുസ്‌ലിം കേന്ദ്രങ്ങള്‍ക്ക് കൈമാറുന്നു” എന്ന് ആരോപിച്ചുകൊണ്ട് സവര്‍ക്കര്‍ സ്വതസിദ്ധമായ വിദ്വേഷപ്രകടനത്തിന് ഉയര്‍ന്ന തലങ്ങള്‍ കണ്ടെത്തുന്നുണ്ട്.

ഇത്തരം അതിക്രമങ്ങള്‍ക്ക് മുസ്‌ലിം സ്ത്രീകള്‍ ധൈര്യം കാണിക്കുന്നത് ഹിന്ദു പുരുഷന്മാര്‍ തിരിച്ചടിക്കുമെന്ന ഭയമില്ലാത്തതിനാലാണെന്നും സവര്‍ക്കര്‍ വാദിക്കുന്നു. അവര്‍ അവരുടെ മുസ്‌ലിം എതിരാളികളെ കീഴടക്കിയാല്‍ വരെ അക്കൂട്ടത്തിലെ പുരുഷന്മാരെയേ ശിക്ഷിക്കൂ, സ്ത്രീകളെ ശിക്ഷിക്കില്ല എന്നും സവര്‍ക്കര്‍ പറഞ്ഞു.

കല്ല്യാണിലെ മുസ്‌ലിം ഗവര്‍ണറെ പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മകന്റെ ഭാര്യയെ തിരിച്ചയച്ചതിന് ശിവജിയെ പുകഴ്ത്തിയവരേയും സവര്‍കര്‍ വെറുതെ വിടുന്നില്ല. ഗവര്‍ണര്‍ ബാസീനിന്റെ പോര്‍ച്ചുഗീസ് ഭാര്യയെ വെറുതെ വിട്ട പേഷ്വ ചിമാജി അപ്പ (1707-1740)യും ചെയ്തത് തെറ്റായിരുന്നുവെന്നാണ് വാദം.

സവര്‍ക്കര്‍ എഴുതുന്നു:

“മുഹമ്മദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും അലാവുദ്ദീന്‍ ഖില്‍ജിയും അതുപോലുള്ളവരും ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെയും പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്തതും പീഡിപ്പിച്ചതും അവരോട് കാട്ടിയ അതിക്രമവും ഒന്നും (തങ്ങള്‍ കീഴടക്കയവരുടെ ഭാര്യമാരെ) വെറുതെ വിടുമ്പോള്‍ ശിവജിയും ചിമാജി അപ്പയും ഓര്‍ത്തില്ല എന്നതില്‍ അതിശയമില്ല ”

സവര്‍ക്കറിന്റെ ജ്വരബാധിതമായ ഭാവന പിന്നീട് വാക്ചാതുര്യത്തിന്റെ ചിറകിലേറുകയാണ്, അദ്ദേഹം എഴുതുന്നു:

“ലക്ഷക്കണക്കിന് നിന്ദിതരായ സ്ത്രീകളുടെ ആത്മാക്കള്‍ മിക്കവാറും പറഞ്ഞിട്ടുണ്ടാകും ഛത്രപതി ശിവജി മാഹാരാജാവേ, ചിമാജി അപ്പാ അങ്ങുന്നേ മറക്കരുത്, സുല്‍ത്താന്‍മാരും മുസ്ലീം പ്രഭുക്കന്മാരും അടക്കമുള്ള ചെറുതുംവലുതുമായ ആയിരക്കണക്കിന് പേര്‍ ഞങ്ങക്കതെിരെ നടത്തിയ ക്രൂരതകളും അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും മറക്കരുത് എന്ന്…..ഒരോ ഹിന്ദു വിജയത്തിലും മുസ്ലിം സ്ത്രീകളോട് പ്രതികാരം ചെയ്യുമെന്ന് ഈ സുല്‍ത്താന്‍മാരും അവരുടെ പ്രഭുക്കളും പ്രതിജ്ഞയെടുത്തിരുന്നെങ്കിലോ. ഹിന്ദു ജയിച്ചാല്‍ മുസ്‌ലിം സ്ത്രീകളും ഇതേ ദുരവസ്ഥയില്‍ എത്തുമെന്ന ഭീതി വേട്ടയാടാന്‍ തുടങ്ങിയാല്‍ ഭാവിയിലെങ്കിലും മുസ്‌ലിം സര്‍വ്വാധിപതികള്‍ ഹിന്ദു സ്ത്രീകളെ ഇതുപോലെ പീഡിപ്പിക്കാന്‍ ധൈര്യം കാണിക്കില്ല. ”

അവരുടെ ക്ഷത്രിയ മര്യാദ ദുഷിച്ചുപോയിരിക്കുന്നു, സവര്‍ക്കര്‍ പറയുന്നു, കാരണം അത് ഹിന്ദു സമൂഹത്തിന് വളരെയധികം ഹാനികരമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ ക്ഷത്രിയ മര്യാദ ആത്മഹത്യാപരമാണ്. കാരണം അത് ഹിന്ദു യുവതികള്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യം നടത്തുന്ന മുസ്‌ലിം യുവതികളെ സംരക്ഷിക്കുന്നു (സ്ത്രീയാണെന്ന കാരണം കൊണ്ട് മാത്രം)”

ഹിന്ദുക്കള്‍ക്കിടയിലുള്ള ഒരു അബദ്ധ ധാരണയുണ്ടെന്ന് പറഞ്ഞ് സവര്‍ക്കര്‍ പറയുന്നു “മുസ്‌ലിം സ്ത്രീയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിനര്‍ത്ഥം ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനമാണ്” എന്നത്. ഈ വിശ്വാസമാണ് അതിക്രമങ്ങള്‍ക്ക് മുസ്‌ലിം സ്ത്രീവര്‍ഗത്തോട് പ്രതികാരം ചെയ്യുന്നതില്‍ നിന്നും ഹിന്ദു പുരുഷന്മാരെ തടയുന്നത്.

ക്രൂരകൃത്യങ്ങളിലേക്കു അധ:പതിക്കുന്നതില്‍ നിന്നും നൈതിക ഹിന്ദുക്കളെ തടയുന്ന എല്ലാ ധാര്‍മ്മിക മൂല്യങ്ങളേയും സവര്‍ക്കര്‍ തള്ളിക്കളഞ്ഞതായി അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് കാണാനാവും. പക്ഷേ മറ്റുള്ളവരെ പറഞ്ഞ് വശപ്പെടുത്താനുള്ള തന്റെ കഴിവില്‍ സവര്‍ക്കറിന് വലിയ വിശ്വാസമുണ്ടായിരുന്നതായി തോന്നുന്നില്ല.

“പക്ഷേ എന്നാല്‍” എന്ന തലക്കെട്ടിലുള്ള സബ്‌സെക്ഷനു കീഴില്‍ അദ്ദേഹം തന്റെ വാദം അടിച്ചുറപ്പിക്കുകയാണ്. അദ്ദേഹം വായനക്കാരോട് ചോദിക്കുന്നു:

” ഒരുപക്ഷേ ആദ്യകാലത്തുള്ള മുസ്‌ലിം അധിനിവേശ സമയത്തു തന്നെ ഹിന്ദുക്കള്‍ അവര്‍ യുദ്ധത്തില്‍ ജയിക്കുന്ന സമയത്ത് മുസ്‌ലീങ്ങള്‍ ചെയ്യുന്ന അതേ രീതിയില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അല്ലെങ്കില്‍ മറ്റുതരത്തില്‍ ശിക്ഷിച്ചിരുന്നെങ്കില്‍ അതായത് മതപരിവര്‍ത്തനത്തിലൂടെ, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ , അവരെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തിരുന്നെങ്കിലോ? അങ്ങനെയെങ്കില്‍ ഹിന്ദു സ്ത്രീകളോട് എന്തെങ്കിലും തരത്തിലുള്ള തെറ്റു ചെയ്യുന്നതില്‍ നിന്നും അവരുടെ മനസിലുള്ള ഈ ഭയം അവരെ അകറ്റുമായിരുന്നു.”

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു:

“ആദ്യ രണ്ടോ മൂന്നോ നൂറ്റാണ്ടുകളില്‍ അവരില്‍ ഇത്തരം നടുക്കം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കില്‍ ലക്ഷക്കണക്കിന് ഭാഗ്യം കെട്ട ഹിന്ദു സ്ത്രീകളെ അവരുടെ അഭിമാനവും മതവും നഷ്ടപ്പെടുന്നതില്‍ നിന്നും ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ നിന്നും മറ്റെല്ലാ ശിക്ഷാ നടപടികളില്‍ നിന്നും രക്ഷിക്കാമായിരുന്നു.”

ഇത്തരത്തില്‍ ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കുന്നത് ന്യായീകരിച്ചിരിക്കുകയാണ്.

പക്ഷേ എന്തുകൊണ്ടാണ് ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമെന്ന സവര്‍ക്കറുടെ ആശയം ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത്?

കാരണം സവര്‍ക്ക് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് മതംമാറ്റം എന്നത് അര്‍ത്ഥമാക്കുന്നത് രാജ്യമാറ്റം എന്നാണെന്ന്. മുഹമ്മദലി ജിന്നയല്ല, സവര്‍ക്കറാണ് ആദ്യം ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ രണ്ട് രാഷ്ട്രം എന്ന് വിഭാവനം ചെയ്തത്. ഹിന്ദുത്വ വീക്ഷണകോണില്‍ ഹിന്ദു- മുസ്‌ലിം എന്നീ രണ്ട് രാജ്യങ്ങള്‍ 11ാം നൂറ്റാണ്ടുമുതല്‍ പരമാധികാരത്തിനുവേണ്ടിയുള്ള തുടര്‍ച്ചയായ സംഘര്‍ഷത്തില്‍പ്പെട്ടു കിടക്കുകയാണ്.

സവര്‍ക്കറുടെ ലോകവീക്ഷണത്തില്‍ മുസ്‌ലീങ്ങള്‍ക്കുമേല്‍ ഹിന്ദുക്കളുടെ പരമാധികാരം ഉറപ്പിക്കാന്‍ കഴിയുന്ന നൈതിക നിയമങ്ങള്‍ മാത്രമേ പിന്തുടരേണ്ടതുള്ളൂ. അങ്ങനെ, കലാപങ്ങളില്‍ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനെ ന്യായീകരിച്ചിരിക്കുന്നു, കാരണം മധ്യകാലത്തെ മുസ്‌ലീങ്ങളുടെ ക്രൂരതയ്ക്കുള്ള പ്രതികാരമാണത്. അത് തെളിയിക്കപ്പെട്ടാലും അല്ലെങ്കിലും. എല്ലാറ്റിനുമുപരി ഇന്നത്തെ കലാപം ചരിത്രപരമായ സംഘര്‍ഷങ്ങളുടെ ആവിഷ്‌കരണങ്ങളാണ്.

ഇക്കാരണം കൊണ്ടാണ് ഹിന്ദു രക്ഷകര്‍ എന്ന് അവര്‍ വിളിക്കുന്ന ഈ “ഹീറോകളെ” ബി.ജെ.പി നേതാക്കള്‍ ഉച്ചത്തില്‍ ആഘോഷിക്കുന്നത്.

കടപ്പാട്- സ്‌ക്രോള്‍. ഇന്‍

അജാസ് അഷ്‌റഫ്