| Thursday, 24th November 2022, 10:36 am

ജര്‍മനിയുടെ ലോകകപ്പ് മോഹം അവസാനിക്കുന്നു? ഗ്രൂപ്പ് ഇയില്‍ ഇനി ജീവന്‍മരണ പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വമ്പന്‍ ടീമായ ജര്‍മനി ഏറ്റുവാങ്ങിയത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീമിനോട് ആദ്യ മല്‍സരത്തില്‍ ജര്‍മനി പരാജയപ്പെടുന്നത്.

ജപ്പാനോട് 2-1ന് തോറ്റതോടെ ഗ്രൂപ്പ് ഇയില്‍ നിന്ന് ഏതെങ്കിലുമൊരു യൂറോപ്യന്‍ ടീം രണ്ടാം റൗണ്ടിലെത്താതെ പുറത്താകുമെന്ന സാഹചര്യമാണുള്ളത്.

കോസ്റ്റാറിക്കയും സ്പെയ്നുമാണ് ജപ്പാനും ജര്‍മനിക്കുമൊപ്പം ഗ്രൂപ്പ് ഇയിലുള്ള മറ്റ് ടീമുകള്‍. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ജപ്പാന്‍ സേഫ് സോണിലാണ്. ദുര്‍ബലരായ കോസ്റ്റ റിക്കയെ കീഴ്‌പ്പെടുത്തി കഴിഞ്ഞാല്‍ ജപ്പാന് അനായാസമായി പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം.

എന്നാല്‍ ജര്‍മനിക്ക് സ്‌പെയ്‌നിനെയും കോസ്റ്റ റിക്കയെയുമാണ് നേരിടാനുള്ളത്. ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് സ്‌പെയിന്‍ കാഴ്ച വെച്ചത്. 7-0ന് കോസ്റ്റ റിക്കയെ തകര്‍ത്തെറിഞ്ഞ് ലോകകപ്പിലെ എക്കാലത്തെയും മികച്ച ജയമാണ് സ്‌പെയിന്‍ നേടിയത്.

ജര്‍മനിക്കിനി ശക്തരായ സ്‌പെയ്‌നിനെയും കോസ്റ്റ റിക്കയെയുമാണ് നേരിടാനുള്ളത്. നവംബര്‍ 28ന് സ്‌പെയ്‌നിനോടും ഡിസംബര്‍ രണ്ടിന് കോസ്റ്റാറിക്കയോടുമാണ് ജര്‍മനി ഏറ്റുമുട്ടുക. രണ്ട് മത്സരങ്ങളിലും ജയിക്കാനായാല്‍ ജര്‍മനിക്ക് ആറ് പോയിന്റ് ലഭിക്കും. എന്നാല്‍ ഗ്രൂപ്പ് ഇയിലെ മൂന്ന് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതം ലഭിച്ചാല്‍ ഒരു ടീമിന് പുറത്ത് കടക്കേണ്ടി വന്നേക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിക്ക് ബാക്കിയുള്ള രണ്ട് പോരാട്ടത്തില്‍ സ്പെയ്നെതിരെ എന്തും സംഭവിക്കാം. ആ മത്സരത്തില്‍ എന്ത് റിസള്‍ട്ട് വന്നാലും രണ്ട് യൂറോപ്യന്‍ ടീമുകളെയും ബാധിക്കും. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ ജയം അനിവാര്യമാണ്. സ്‌പെയ്‌നിന് സമനിലയാണെങ്കിലും വലിയ പ്രശ്‌നമുണ്ടാക്കില്ല.

പക്ഷേ തോല്‍വി വഴങ്ങേണ്ടി വരികയാണെങ്കില്‍ അത് സ്പാനിഷ് പടക്കും പ്രശ്നമാകും. അതേസമയം ജര്‍മനിക്ക് തോല്‍വി വഴങ്ങേണ്ടി വന്നാല്‍ അതോടെ വമ്പന്മാരുടെ ഖത്തര്‍ ലോകകപ്പ് യാത്ര അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ സ്പെയിനിനൊപ്പം ജപ്പാനാകും പ്രീക്വാര്‍ട്ടറിലേക്ക് കടക്കുക. ജര്‍മനിയെ സംബന്ധിച്ച് വരാനിരിക്കുന്നത് രണ്ട് ജീവന്‍ മരണ പോരാട്ടമാണ്.

Content Highlights: How Germany can qualify for knockouts after Spain beats Costa Rica

We use cookies to give you the best possible experience. Learn more