| Wednesday, 17th June 2020, 12:52 pm

'ആശ്ചര്യപ്പെടുത്തുന്നു ഈ ഏറ്റുമുട്ടല്‍'; വിദേശമാധ്യമങ്ങള്‍ ഇന്ത്യ ചൈന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാല് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈനികരും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് കഴിഞ്ഞ ദിവസം ലഡാക്കിലെ ഗല്‍വാന്‍ വാലി മേഖല സാക്ഷ്യം വഹിച്ചത്.

തിങ്കളാഴ്ച രാത്രി സംഭവിച്ച ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് 20 സൈനികരെ നഷ്ടപ്പെട്ടു. ചൈനീസ് വിഭാഗത്തില്‍ 40 ഓളം സൈനികര്‍ക്ക് പരിക്കേറ്റെങ്കിലും മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഞെട്ടലിലാണ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975 ന് ശേഷം സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്.

കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തെ കുറിച്ചും അതിര്‍ത്തിയിലുണ്ടായ പിരിമുറുക്കത്തെ കുറിച്ചും വിദേശ മാധ്യമങ്ങളും വിശദമായ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് നല്‍കിയത്.

ഇന്ത്യന്‍ സൈനികരുടെ മരണം ഉയര്‍ത്തിക്കാട്ടി ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ വാര്‍ത്തയില്‍ ചൈന കായികബലം കാണിച്ചുവെന്നാണ് എഴുതിയിരിക്കുന്നത്.

വളരെക്കാലമായി പുകയുന്ന സംഘര്‍ഷത്തിന് ആക്കംകൂട്ടിക്കൊണ്ടാണ് പുതിയ സംഘട്ടനം നടന്നതെന്നും പ്രത്യേകിച്ചും ചൈന അവിടെ കായികബലം കാണിച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പീരങ്കികളും ഡംപ് ട്രക്കുകളും ചൈന അതിര്‍ത്തിയിലേക്ക് അയച്ചെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ കുറിക്കുന്നു.

‘ഇരു രാജ്യങ്ങളുടേയും ദേശീയ നേതാക്കളായ പ്രസിഡന്റ് സിന്‍ ജിന്‍പിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചെന്നും വിഷയം കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോകുമെന്നും ന്യൂയോര്‍ക്ക് ടൈംസ് കുറിക്കുന്നു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് വാഷിങ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

1962 ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പ്രവണത കാണിച്ചുവെന്നും എന്നാല്‍ ഏതാനും ആഴ്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2,200 മൈല്‍ അതിര്‍ത്തിയില്‍ ഡസന്‍ കണക്കിന് വരുന്ന സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കല്ലും വടിയും ഉപയോഗിച്ചുള്ള അസാധാരണമായ ആക്രമണം എന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ ബി.ബി.സി വിലയിരുത്തിയത്. അതിര്‍ത്തിയില്‍ വിഷയം വഷളാവുകയാണെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

” അയല്‍ക്കാരായ രണ്ട് ആണവശക്തികള്‍ 3,440 കിലോമീറ്ററിലധികം (2,100 മൈല്‍) ദൂരം മുഖാമുഖം നില്‍ക്കുന്നു. ഇരുരാജ്യങ്ങളും ഭൂപ്രദേശത്തില്‍ അവകാശം ഉന്നയിക്കുന്ന ചരിത്രമാണ് ഉള്ളത്. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ വക്കില്‍ എത്തുന്നു. എന്നാല്‍ നാല് പതിറ്റാണ്ടിനിടെ വെടിയുണ്ടകളൊന്നും ഇരുരാജ്യങ്ങും പ്രയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് മാസങ്ങളോളം നീണ്ട പിരിമുറുക്കത്തിന് പിന്നാലെയുണ്ടായ ഏറ്റവും പുതിയ ഏറ്റുമുട്ടല്‍ പലരെയും ആശ്ചര്യപ്പെടുത്തിയത്. ‘ എന്നാണ് ബി.ബി.സി കുറിച്ചത്.

ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ കല്ലും വടിയുമുപയോഗിച്ച് പരസ്പരം അതിര്‍ത്തിയില്‍ വെച്ച് ഏറ്റുമുട്ടുന്നെന്നും ദേശീയവാദത്തിലൂന്നി രാജ്യത്തിന്റെ അതിര്‍ത്തി വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നതെന്നുമാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more