| Thursday, 10th October 2019, 11:27 am

അതിജീവിക്കുന്ന കേരളത്തോട്, പ്രളയം തകര്‍ത്ത, നാമറിയാത്ത ജീവിതങ്ങള്‍ ഇനിയുമുണ്ട്

ജംഷീന മുല്ലപ്പാട്ട്

കഴിഞ്ഞ രണ്ടു കൊല്ലവും പ്രളയം അതിന്റെ എല്ലാ തീവ്രതയോടും കൂടിയാണ് കേരളത്തെ തകര്‍ത്തത്. പതിനാലു ജില്ലകളിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. നിരവധി ആളുകള്‍ മരിച്ചുവീണു. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം ഇല്ലാതെയായി. എല്ലാവരും ഇപ്പോള്‍ അതിജീവനത്തിലാണ്. മലവെള്ളത്തില്‍ കുത്തിയൊലിച്ചുപോയ ജീവിതം തിരിച്ചുപിടിക്കലിലാണ്.

എന്നാല്‍ ഒരു തരത്തിലും തിരിച്ചുപിടിക്കലും അതിജീവനവും സാധ്യമാവാത്ത ചിലരുമുണ്ട് ഈ കേരളത്തില്‍. മുഖ്യധാര എപ്പോഴും സൗകര്യപൂര്‍വ്വം മറക്കുന്നവര്‍. അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് ഔദ്യോഗിക കണക്കുകളുമില്ല, രേഖകളുമില്ല അങ്ങനെ പലതുമില്ല. പറഞ്ഞുവരുന്നത് പ്രളയം തകര്‍ത്ത ആദിവാസി ജീവിതങ്ങളെ കുറിച്ചാണ്. അവര്‍ക്കുണ്ടായ ‘നഷ്ടങ്ങളെ’ കുറിച്ചാണ്.

കാടുമായും പുഴയുമായി ഒരുമെയ്യും ഒരുമനസെന്നും പോലെ അടുത്തിടപഴകി ജീവിക്കുന്നവരാണ് ആദിവാസികള്‍. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ആദിവാസി ജനതയും പുഴയോരങ്ങളിലും കാട്ടിലും കാടിനോട് ചേര്‍ന്നുമാണ് ജീവിക്കുന്നത്. അവരുടെ ആവാസവ്യവസ്ഥ തന്നെ അതാണ്. കാട്, പുഴ അതിനോട് ചേര്‍ന്ന് ഇവരുടെ ജീവിതവും. സ്വാഭാവികമായും ഊഹിക്കാവുന്നതേ ഉള്ളൂ മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും അതുമൂലമുണ്ടായ പ്രളയവും എങ്ങനെയാണ് ഇവരെ ബാധിച്ചിട്ടുണ്ടാവുക എന്ന്.

ആദിവാസി ജനസംഖ്യ കൂടുതലുള്ള വയനാടും അട്ടപ്പാടിയും പലപ്പോഴെങ്കിലും ജനങ്ങളുടെയും മാധ്യമങ്ങളുടെയും സംവാദങ്ങളില്‍ വരാറുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അങ്ങനെയല്ല. ഒരുപക്ഷേ, പ്രളയം സംഭവിച്ചപ്പോഴായിരിക്കാം മാധ്യമങ്ങള്‍ നിലമ്പൂരിലെ ആദിവാസി ജീവിതങ്ങളെ അറിഞ്ഞുതുടങ്ങിയതു തന്നെ.

പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കാടര്‍, പണിയര്‍, അറനാടര്‍, ആളാര്‍, മുതുവര്‍, കുറുമര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് നിലമ്പൂരിലുള്ളത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചതും. പുഴയുമായും കാടുമായും ബന്ധപ്പെട്ടു ജീവിക്കുന്നവരായതിനാലാണ് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ആദിവാസികളെ കൂടുതലും ബാധിച്ചത്. പല ഊരുകളും കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടു. പണിയര്‍ ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളേയും പ്രളയം സാരമായിത്തന്നെയാണ് ബാധിച്ചത്.

16000 ആദിവാസി ജനസംഖ്യയുള്ള നിലമ്പൂരില്‍ 2000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ, തണ്ടന്‍കല്ല്, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, തീക്കടി, വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊള്ളി, അളക്കല്‍, കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മാഞ്ചിരി, മണ്ണല, പുലിമുണ്ട, ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി, പാലക്കയം, മതില്‍മൂല തുടങ്ങിയ കോളനികളെയാണ് പ്രളയം സാരമായി ബാധിച്ചത്.


കരുളായി പഞ്ചായത്തില്‍ മുണ്ടക്കടവില്‍ 52 കുടുംബങ്ങള്‍, പുളിമുണ്ട 26 കുടുംബങ്ങള്‍, നെടുങ്കയം 105 കുടുംബങ്ങള്‍, പോത്തുകല്ല് പഞ്ചായത്തില്‍ ഇരുട്ടുകുത്തി 36 കുടുംബങ്ങള്‍, കരിപ്പുകുട്ടി 26 കുടുംബങ്ങള്‍, കുമ്പളപ്പാറ 18 കുടുംബങ്ങള്‍, തണ്ടന്‍കല്ല് 31 കുടുംബങ്ങള്‍, വാണിയംപുഴ 36 കുടുംബങ്ങള്‍, അപ്പന്‍കാപ്പ് 110 കുടുംബങ്ങള്‍, അമ്പുട്ടാന്‍പൊട്ടി 25 കുടുംബങ്ങള്‍, ചേന്നംപൊട്ടി 35 കുടുംബങ്ങള്‍, ചെമ്പ്ര 36 കുടുംബങ്ങള്‍, കവളപ്പാറ 56 കുടുംബങ്ങള്‍, ചാലിയാര്‍ പഞ്ചായത്തില്‍ വെറ്റിലകൊല്ലി 40 കുടുംബങ്ങള്‍, നാടുനീള 35 കുടുംബങ്ങള്‍, മുട്ടിക്കുളം 34 കുടുംബങ്ങള്‍, ലിക്കടി 40 കുടുംബങ്ങള്‍, പൂളക്കപ്പാറ 15 കുടുംബങ്ങള്‍, നെല്ലിക്കുത്ത് കോളനി 12 കുടുംബങ്ങള്‍, പുഞ്ചകൊല്ലി 88 കുടുംബങ്ങള്‍ എന്നിങ്ങനെയാണ് പ്രളയം ബാധിച്ച കണക്ക്. (ലിസ്റ്റ് പൂര്‍ണമല്ല)

ഭൂസമരം തുടങ്ങുന്നു

ഇന്ന് നിലമ്പൂരിലെ ആദിവാസി ജനത സമരത്തിനൊരുങ്ങുകയാണ്. ഭൂമിക്കു വേണ്ടിയുള്ള സമരത്തിന്. കേരളത്തിലെ ആദിവാസികളുടെ ഭൂ സമരം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഒരുപക്ഷേ, ഇത്രയേറെ സമരങ്ങള്‍ ചെയ്ത ജനത ചരിത്രത്തില്‍ ഉണ്ടാവില്ല. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുനത്. കുടില്‍ക്കെട്ടി സമരാനന്തരം സുപ്രീം കോടതി കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് വേണ്ടി വിതരണം ചെയ്യാന്‍ 19200 ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു.

ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി വിതരണം ചെയ്യണമെന്നായിരുന്നു വിധി. ഇതില്‍ 720 ഏക്കര്‍ ഭൂമി നിലമ്പൂരാണുള്ളത്. കരുളായി, പോത്തുകല്ല്, ചാലിയാര്‍ പഞ്ചായത്തുകളിലാണ് ഈ 720 ഏക്കര്‍ വ്യാപിച്ചു കിടക്കുന്നത്. ഈ ഭൂമി പ്രളയ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ ഒരാവശ്യം. മറ്റൊന്ന് വനാവകാശ നിയമം നടപ്പാക്കണമെന്നും. ആദിവാസി ഐക്യസമിതി, പടയണി, കേരള ആദിവാസി ഫോറം എന്നീ സംഘടനകളാണ് സമരത്തിനു നേതൃത്വം കൊടുക്കുന്നത്.

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പുനരധിവാസമാണ് ആവശ്യം

ദീര്‍ഘകാല അടിസ്ഥാനത്തില്‍ പുനരധിവാസ പാക്കേജ് വേണമെന്നാണ് നിലമ്പൂരിലെ ആദിവാസികള്‍ ആവശ്യപ്പെടുന്നത്. അത് രണ്ടു വിധത്തിലാവണമെന്നാണ് ആവശ്യം. ഒന്ന് മുത്തങ്ങ പാക്കേജിലെ ഭൂമി വിതരണം ചെയ്യുക. മറ്റൊന്ന് വനാവകാശം നടപ്പാക്കുക. സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ സംവിധാനങ്ങളോ വിതരണം ചെയ്യുന്ന അരി, പയര്‍ പോലുള്ള സാധനങ്ങളല്ല അവര്‍ക്ക് ഇനിയും വേണ്ടത്. ഭൂമി ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ്.


വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വനവിഭവങ്ങളെല്ലാം നശിക്കുകയും ഒലിച്ചുപോകുകയും ചെയ്തു. വനവിഭവം മാത്രം ശേഖരിച്ചു ഉപജീവനം നടത്തുന്ന കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കാടര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇതോടെ തൊഴിലും നഷ്ടമായി. ഉപജീവനവും. തേന്‍, ചുരുളി, വിവിധ ഔഷധങ്ങള്‍ എന്നിവ ശേഖരിച്ചു വിറ്റാണ് ജീവിതം.

അടുത്തവര്‍ഷം വനവിഭവങ്ങള്‍ കിട്ടുമോ എന്നും ഉറപ്പില്ല. അടുത്തവര്‍ഷം മറ്റൊരു പ്രളയം ഉണ്ടാവില്ല എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉറപ്പില്ല. അതുകൊണ്ട് തന്നെ വനവിഭവങ്ങള്‍ പുനസ്ഥാപിക്കുന്നത് വരെ അവരെ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതുണ്ട്. വനത്തില്‍ നിന്നും പുറത്തുവരാന്‍ ഇവരാരും തയ്യാറല്ല. കാരണം അവരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്. ആരാധന ഉള്‍പ്പെടെ. ഇവര്‍ക്ക് പുറം പണിക്കു പോകാന്‍ കഴിയില്ല. ഇത്രയുംകാലം ഉള്‍വനത്തില്‍ അതിനെ ചുറ്റിപറ്റിയുള്ള ജോലി ചെയ്തു ജീവിച്ചവരാണ്.

ഉദാഹരണത്തിന് കുമ്പളപ്പാറ കോളനിക്കാര്‍ (കാട്ടുനായ്ക്കര്‍) മലദൈവങ്ങളെ ആരാധിക്കുന്നവരാണ്. അവര്‍ അവരുടെ ജമ്മം(ദേശം) വിട്ട് പുറത്തുവരില്ല. ഇവര്‍ കാരക്കോട് മല, വെള്ളരി മല, തിരുവഞ്ചോടി മല എന്നീ മലകളെ ആരാധിക്കുന്നവരാണ്. അവരുടെ ആചാരം ജീവിതരീതിയുമായി കൂടിച്ചേര്‍ന്നതാണ്. ഇവര്‍ ജീവിക്കുന്ന പ്രദേശത്തെ കാടിനെ പരിപാലിക്കുന്നതും നിലനിര്‍ത്തിപ്പോരുന്നതും ഇവര്‍തന്നെയാണ്.

നിലവില്‍ പത്തുലക്ഷം രൂപ നല്‍കിയാണ് സംസ്ഥാനത്ത് പ്രളയ പുനരധിവാസം നടപ്പിലാക്കുന്നത്. ആറുലക്ഷം രൂപ ഭൂമി വാങ്ങാനും നാലു ലക്ഷം രൂപ വീടുവെക്കാനും. ഇതേ പദ്ധതിയാണ് ആദിവാസി മേഖലയിലും നടപ്പാക്കുന്നത്. ആദിവാസികള്‍ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന ഭൂമി എന്ന വിഭവ രാഷ്ട്രീയ ആവശ്യത്തെ പരിഹസിക്കുന്ന രീതിയിലാണ് ഈ പ്രളയ പുനരധിവാസവും. മുത്തങ്ങ പാക്കേജില്‍ തന്നെ 14000 ഏക്കര്‍ ഭൂമി ഇനിയും വിതരണം ചെയ്യാനുണ്ട്. മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അവതരിപ്പിച്ച കണക്കാണിത്.

2002ല്‍ കുടില്‍കെട്ടി സമരത്തിനു ശേഷം  സുപ്രീം കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞത് എത്രയും പെട്ടെന്ന് സമയ ബന്ധിതമായി ഭൂമി വിതരണം ചെയ്യണം എന്നാണ്. എന്നാല്‍ 17 വര്‍ഷമായിട്ടും 5000 ഏക്കര്‍ ഭൂമി മാത്രമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള ഭൂമി ഇപ്പോള്‍ ഈ പ്രളയ പുനരധിവാസത്തില്‍ വിതരണം ചെയ്താല്‍ മതിയല്ലോ സര്‍ക്കാരിന്. എന്തുകൊണ്ടാണ് അത് ചെയ്യാതെ ഈ ആറുലക്ഷം രൂപയ്ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി വാങ്ങിക്കുന്നത്? ഈ അധിക ബാധ്യതയുടെ ആവശ്യമില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടായിട്ടു പോലും.

കവളപ്പാറയിലെ ആദിവാസി ജനതയെയും ഇങ്ങനെ പത്തുലക്ഷം നകിയാണ് പുനരധിവസിപ്പിക്കുന്നത്. വനാവകാശ നിയമം നടപ്പിലാക്കണമെന്നു പറഞ്ഞ സ്ഥലമാണ് കവളപ്പാറ. 2006ല്‍ വനാവകാശ നിയമം നിലവില്‍ വന്നിട്ട് 13 വര്‍ഷമായിട്ടും അങ്ങനെ ഒരു അവകാശം തങ്ങള്‍ക്കുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ ഇവരെ അറിയിച്ചിട്ട് പോലുമില്ല. കവളപ്പാറയുള്ളവര്‍ക്ക് കൈപ്പിനിയില്‍ ഭൂമിയും വീടും നല്‍കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് പോത്തുകല്ല് പഞ്ചായത്തില്‍ തന്നെ ഭൂമിവേണമെന്നാണ് ആവശ്യം.

പണിയരാണ് നാടുമായി ഇടപഴകി ജീവിക്കുന്നത്. അവര്‍ക്ക് മൂന്നും നാലും സെന്റ് ഭൂമിയാണുള്ളത്. മിനിമം ഒരേക്കര്‍ ഭൂമി നല്‍കി പുനരധിവാസം നടപ്പാക്കണം എന്നാണ് ഇവരുടെയും ആവശ്യം. നിലമ്പൂര്‍ ടൗണില്‍ തന്നെ ഹാംലെറ്റ് വികസന പദ്ധതിയില്‍ നിര്‍മിച്ച ഫ്‌ളാറ്റുകളില്‍ 35 വീടുകളിലായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരേയും 720 ഏക്കര്‍ ഭുമിയിലേയ്ക്ക് മാറ്റിത്താമസിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.

കരുളായി പഞ്ചായത്തിലെ നെടുങ്കയം മുണ്ടക്കടവ് കോളനിയിലെ 52 കുടുംബങ്ങളും പുലിമണ്ട കോളനിയും 26 കുടുംബങ്ങളും നിലവില്‍ പുനരധിവാസം ആവശ്യപ്പെട്ട് സമരത്തിലാണ്. പ്രളയത്തില്‍ ഈ രണ്ടു കോളനിയും പൂര്‍ണമായും നശിച്ചു പോയി താമസ യോഗ്യമല്ലാതായി. നെടുങ്കയം ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവരുടെ താമസം. പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി നല്‍കണം എന്ന് ഇവര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരുനടപടിയും ഉണ്ടാവാത്ത സാഹചര്യത്തില്‍ സമരം ആരംഭിക്കുകയായിരുന്നു.


‘വട്ടികല്ല് എന്ന സ്ഥലത്ത് 26 കുടുംബങ്ങള്‍ താല്‍ക്കാലികമായി കുടില്‍കെട്ടിയിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവരെ കുടിയൊഴിപ്പിച്ചു. തുടര്‍ന്നാണ് ഇവര്‍ തങ്ങള്‍ക്ക് ഭൂമി വേണമെന്ന് ആവശ്യപ്പെട്ടത്. മുണ്ടക്കടവുകാര്‍ മാതന്‍കുന്നിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അവിടെ വനാവകാശ നിയമപ്രകാരം ഭൂമി കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. അപ്പോള്‍ ഫോറസ്റ്റുകാര്‍ പറഞ്ഞു, അവിടെ പ്ലാന്റേഷന്‍ നടത്തിക്കഴിഞ്ഞു. അത് തരാന്‍ പറ്റില്ല എന്ന്. ശരിക്കും വനാവകാശ നിയമ പ്രകാരം അവര്‍ക്ക് കൊടുക്കേണ്ട ഭൂമിയാണ്. കഴിഞ്ഞാഴ്ച ഞാനും പുലിമുണ്ടക്കാരും ഡി.എഫ്.ഒ യെ പോയി കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് വനം മന്ത്രി വരുന്നുണ്ട്. മന്ത്രിക്ക് പരാതി കൊടുത്തതിനുശേഷം നമ്മുക്ക് ചര്‍ച്ച ചെയ്യാം എന്നാണ്. മന്ത്രി ഇടപെട്ടിലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.’- ആദിവാസി പ്രവര്‍ത്തകന്‍ അനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രളയക്കെടുതിക്കിരയായ നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ‘ദുരന്തബാധിതരെ യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വതമായി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനാവകാശ നിയമപ്രകാരം ലഭിച്ച 203.64 ഹെക്ടര്‍ വനഭൂമി മലപ്പുറം ജില്ലയിലുണ്ട്. ആദിവാസി പുനരധിവാസത്തിന് ഈ സ്ഥലം ഉപയോഗപ്പെടുത്തും. മറ്റുള്ള 200ഓളം ദുരന്തബാധിത കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കാന്‍ മുണ്ടേരി സീഡ് ഫാമിലെ സ്ഥലം ഉപയോഗപ്പെടുത്താമോയെന്ന കാര്യം പരിശോധിക്കും. ഇതിനായി പദ്ധതി തയാറാക്കും.’ എന്നാണ് മന്ത്രി പറഞ്ഞത്.

കഴിഞ്ഞ പ്രളയത്തില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞപ്പോള്‍ സീഡ് ഫാം ഒറ്റപ്പെടുകയും ഇരുപതോളം തൊഴിലാളികള്‍ ഫാമില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സ്ഥലമാണ് പുനരധിവാസത്തിന് വേണ്ടി എടുക്കാന്‍ പോകുന്നത്. മുണ്ടേരി സീഡ് ഫാമിനെയും വനത്തെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയത് കാരണം വനത്തില്‍ നാല് കോളനികളിലായി 200 ല്‍ അധികം ആദിവാസി കുടുംബങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരുന്നു.

കൂടാതെ മുത്തങ്ങ പാക്കേജിലെ ഭൂമിയില്‍ നിലമ്പൂര്‍ അകമ്പാടം കണ്ണംകുണ്ടില്‍ 34 പണിയ കുടുംബങ്ങള്‍ക്ക് 50 സെന്റു വീതം നല്‍കിയിട്ടുണ്ട്. ചുരുങ്ങിയത് ഒരേക്കര്‍ വീതം നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. ഇതിനെ മറികടന്നാണ് വനം വകുപ്പിന്റെ ഈ പ്രവര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടുകള്‍ ഒലിച്ചുപോയ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല, ചെട്ടിയാംപാറ കോളനി എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കുന്നത്. 6.4 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. വനം, റവന്യുവകുപ്പുകള്‍ കൈമാറിയ ഭൂമിയുടെ പട്ടയം ഫെബ്രുവരിയില്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിരുന്നു. വീട്, തൊഴുത്ത്, കൃഷിസ്ഥലം എന്നിവയുള്‍പ്പെടെ ഓരോ കുടുംബത്തിനും 50 സെന്റ് വീതമാണ് അനുവദിച്ചത്.

ജില്ലാ നഗര ഗ്രാമാസൂത്രണ വിഭാഗം തയാറാക്കിയ പദ്ധതിക്ക് മാര്‍ച്ചില്‍ ഗോത്രവിഭാഗ പുനരധിവാസ വികസന മിഷന്റെ അനുമതിയും ലഭിച്ചു. 34 വീടുകളുടെ നിര്‍മാണത്തിന് 2.04 കോടി രൂപ പട്ടികവര്‍ഗ ക്ഷേമവകുപ്പ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ഒരു വീടിന്റെ നിര്‍മാണത്തിന് ആറുലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം. ഇതിനുപുറമേ നിര്‍മിതിയുടെ സി.എസ്.ആര്‍ പദ്ധതി വഴി 40,000 രൂപയും നല്‍കും. 530 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഓടിട്ട വീടാണ് നിര്‍മിക്കുക. രണ്ട് കിടപ്പുമുറി, നടുമുറ്റം, അടുക്കള, രണ്ട് ശുചിമുറി എന്നിവയുമുണ്ടാകും.

വനാവകാശം നടപ്പാക്കണം

ആദിവാസികള്‍ എവിടെയാണോ താമസിക്കുന്നത് ആ സ്ഥലം, അഞ്ചു സെന്റ് ആയിക്കോട്ടെ, 50 സെന്റ് ആയിക്കോട്ടെ അത് അളന്ന് ജണ്ട കെട്ടിത്തിരിച്ച് കൈവശ രേഖ നല്‍കുകയായിരുന്നു പതിവ്. വനാവകാശ നടപ്പാക്കണം എന്ന ഉത്തരവ് വന്ന സമയത്ത് ഈ കൈവശ രേഖ വനാവകാശ രേഖയായി മാറ്റുകയാണ് ചെയ്തത്. അതായത് ഒമ്പതേക്കര്‍ സ്ഥലം പതിച്ചു കൊടുക്കേണ്ടത് അഞ്ചും പത്തും സെന്റില്‍ ഒതുക്കി. മൂന്നു സെന്റിന് വരെ വനാവകാശ രേഖ കൊടുത്തിട്ടുണ്ട്. ഐ.ടി.ഡി.പിയുടെ രേഖകളില്‍ അഞ്ചേക്കര്‍ ഭൂമിയുള്ളവരുടെ ലിസ്റ്റ് തന്നെ ഇല്ല. അങ്ങനെ ആരും നിലമ്പൂരിലില്ല.

കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കാടര്‍, കുറുമര്‍ എന്നീ വിഭാഗങ്ങളെ കാട്ടിലെ വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. പുനരധിവാസത്തിന്റെ പേരില്‍ ഇവരെ കാട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ല. ഇവര്‍ക്ക് വനവകാശ പ്രകാരമുള്ള ഭൂമി നല്‍കുകയാണു വേണ്ടത്. എന്നാല്‍ ഇതുവരെ വനം വകുപ്പ് അധികൃതര്‍ അതിനു തയ്യാറായിട്ടില്ല.

‘വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി കൊടുത്താല്‍ അവര്‍ സ്വയം സന്നദ്ധരാവും. ഇതോടൊപ്പം ആദിവാസികള്‍ക്ക് വരുന്ന ഫണ്ടും നില്‍ക്കും. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് അല്ലെങ്കില്‍ ഇടനിലക്കാര്‍ക്ക് വെട്ടിപ്പ് നടത്താനും സുഖിച്ചു ജീവിക്കാനും പറ്റില്ല. അത് എല്ലാ ഭരണക്കാരും വരുമ്പോള്‍ അങ്ങനെയാണ്. ഞങ്ങളുടെ സമൂഹം എന്നും താഴെതട്ടില്‍ കിടന്നാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് ലാഭമുള്ളൂ. അത് ഉദ്യോഗസ്ഥരുടെ ആവശ്യമാണ്. കാരണം ഒരുപാട് ഫണ്ട് വരുന്നുണ്ടല്ലോ.’- അനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കവളപ്പാറയില്‍ ദുരന്തത്തില്‍പെട്ട ആദിവാസികള്‍ക്ക് വനാവകാശമുണ്ട്. പക്ഷേ, അതവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ ജീവിച്ചിരുന്നത് അഞ്ചു സെന്റ് വരെയുള്ള ഭൂമിയിലായിരുന്നു. ഐ.ടി.ഡി.പി.യില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖ പ്രകാരമാണിത്. 56 വീടുകള്‍ നഷ്ടപ്പെട്ട മുണ്ടക്കടവ് കോളനിക്കാര്‍ക്കും വനാവകാശമുള്ളതാണ്. അവര്‍ക്കും ഭൂമിയില്ല. പോത്തുകല്ല് പഞ്ചായത്തിലെ കുമ്പളപ്പാറയില്‍ വനാവകാശ രേഖ കിട്ടിയിട്ടുണ്ട്. അവിടെ 16 വീടുകള്‍ നഷ്ടപ്പെട്ടു. ഇവര്‍ക്കും ഭൂമിയല്ല. ഇവര്‍ ജീവിക്കുന്നത് പുഴയുടെ പുറംമ്പോക്കിലാണ്. തണ്ടങ്കല്ല് കോളനിയിലെ പകുതി പ്രദേശവും പോയി. ഇവരും വനാവകാശ പരിധിയില്‍ വരുന്നതാണ്. വനാവകാശ രേഖ കിട്ടിയിട്ടുണ്ട്. ഈ പ്രദേശങ്ങളെല്ലാം ഫോറസ്റ്റുകാര്‍ ജണ്ട കെട്ടി തിരിച്ചതാണ്. കാട്ടിലേയ്ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത രീതിയില്‍. ഇവരെ കയ്യിലൊക്കെ വ്യക്തിഗതരേഖകളുമുണ്ട്.’- ആദിവാസി പ്രവര്‍ത്തക ചിത്ര നിലമ്പൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചരിത്രപരമായി ആദിവാസികളോട് തുടര്‍ന്നു വന്നിരുന്ന അനീതിക്ക് പരിഹാരം കാണാനാണ് 2006 ല്‍ പാര്‍ലമെന്റ് ആദിവാസി വനാവകാശനിയമം [ The Scheduled Tribes and Other Forest Dwellers (Rights Recognithion) Act 2006] പാസാക്കിയത്. ഗോദവര്‍മ്മന്‍ തിരുമുള്‍പ്പാട് Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസും ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ നിയമവും പരിഗണിച്ച് വനം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന സുപ്രീം കോടതി റൂളിംഗിന്റെ അടിസ്ഥാനത്തില്‍ ഇത് മോണിറ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഒരു സെന്‍ട്രല്‍ എന്‍പവേഡ് കമ്മിറ്റിയെ (CEC) നിയോഗിച്ചിരുന്നു. വനസംരക്ഷണത്തില്‍ ആദിവാസി ഗ്രാമസഭകള്‍ വഹിക്കുന്ന പങ്ക് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടിരുന്നില്ല. ഇത് മറികടക്കാനാണ് ആദിവാസി വനാവകാശനിയമം പാര്‍ലമെന്റ് പാസാക്കിയത്. വന മാനേജ്‌മെന്റിലും ആദിവാസി വനാവകാശം അംഗീകരിക്കുന്ന കാര്യത്തിലും ആദിവാസി വനാവകാശനിയമം ഗ്രാമസഭകള്‍ക്ക് ഏറെ അധികാരവും നല്‍കുന്നുണ്ട്.

പ്രളയം നിലമ്പൂര്‍ ആദിവാസി മേഖലയെ ബാധിച്ചത് ഇങ്ങനെയൊക്കെയാണ്

ഏറ്റവും വലിയ ദുരന്തമുണ്ടായത് കവളപ്പാറയില്‍ തന്നെയാണ്. 26 ആദിവാസി ജീവനുകള്‍ മണ്ണിനടിയിലായി. വീടും ഉപജീവന മാര്‍ഗവുമെല്ലാം മലവെള്ളവും മണ്ണും കൊണ്ടുപോയി. ഭൂദാനത്ത് മുത്തപ്പന്‍ മലയില്‍ ഉരുള്‍പ്പൊട്ടി എതിര്‍വശത്തുള്ള പാതാര്‍ അങ്ങാടി നിന്നിടത്തുകൂടി ചാലിയാര്‍ ഒഴുകി. ചാലിയാര്‍, വഴിക്കടവ്, പോത്തുകല്ല്, കരുളായി, നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ ആദിവാസികള്‍ താമസിക്കുന്ന നിരവധി കോളനികളാണ് മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും തകര്‍ന്നടിഞ്ഞിട്ടുള്ളത്.

കരുളായി മുണ്ടക്കടവ് കോളനി വഴി പുഴ ഗതിമാറിയൊഴുകി. ശക്തമായ ഒഴുക്കില്‍ 25 വീടുകള്‍ തകര്‍ന്നു. ഇനി വാസയോഗ്യമല്ലാത്ത തരത്തില്‍ ഈ കോളനി മാറിയിരിക്കുകയാണ്. ചെറുപുഴയിലും സ്ഥിതി വ്യത്യസ്ഥമല്ല. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനി വീടുകള്‍ തകര്‍ന്നു. മുണ്ടേരിയിലെ അപ്പന്‍കാപ്പ്, വാണിയുംപുഴ, വെണ്ണേങ്കല്ല് തണ്ടന്‍കല്ല്, ഇരുട്ടുകുത്തി, ചെമ്പ്ര ആദിവാസി കോളനികളിലൂടെയെല്ലാം ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഇവിടെയും വാസയോഗ്യമല്ലാതായി.

ഉരുള്‍പൊട്ടലില്‍ കരിക്കന്‍പുഴയും തോടുകളും നിറഞ്ഞൊഴുകി ഒരാഴ്ചക്കാലമാണ് അളക്കല്‍ കോളനി ഒറ്റപ്പെട്ടത്. പുഴ ഗതിമാറിയൊഴുകിയുള്ള ദുരിതവും ഇവര്‍ അനുഭവിച്ചു. മുണ്ടേരിയില്‍ ചാലിയാര്‍ പുഴയ്ക്ക് അക്കരെ വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി ഊരുകളിലായി 220 ആദിവാസികള്‍ കുടുങ്ങി. ചാലിയാറിന് കുറുകെയുള്ള പാലം തകര്‍ന്നതോടെയാണ് മറുകരയിലുള്ള നാല് ആദിവാസി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടത്.

കരുളായി ഉള്‍വനത്തില്‍ പാണപ്പുഴക്ക് സമീപം മാഞ്ചീരിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. കനത്ത മഴയില്‍ 22 ഓളം ചോലനായ്ക്കര്‍ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നെടുങ്കയം ഫോറസ്റ്റ് ഡിപ്പോയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തിനുള്ളിലാണ് മാഞ്ചീരി കോളനി. വനപ്രദേശത്തോട് ചേര്‍ന്ന കരിമ്പുഴ, പാണപ്പുഴ എന്നി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല.

മാഞ്ചീരി മലവാരത്തില്‍ ഉരുള്‍പൊട്ടിയതോടെയാണ് കരിമ്പുഴയില്‍ ജലനിരപ്പുയര്‍ന്നത്. തൊട്ടുപിന്നാല അകമ്പാടത്ത് കൂടി ഉരുള്‍പൊട്ടിയതോടെ മലവെള്ളം കുതിച്ചെത്തി. കരുവാരകുണ്ടിലെ വിവിധയിടങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടായി. വയനാട് മേപ്പാടിയില്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴ നിറഞ്ഞ് കവിഞ്ഞതോടെ മുണ്ടേരി, ഭൂദാനം, പങ്കയം പ്രദേശങ്ങള്‍ വെള്ളത്തിലായി. പാതാര്‍, പനങ്കയം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.

സര്‍ക്കാര്‍ സംവിധാനങ്ങളും ആദിവാസി പ്രവര്‍ത്തകരും സനദ്ധ പ്രവര്‍ത്തകരും കഴിയാവുന്ന സഹായങ്ങള്‍ പ്രളയ സമയത്ത് വിവിധ ഊരുകളിലെയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴും രാഷ്ട്രീയക്കാരില്‍ നിന്നും ചില നാട്ടുകാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായതായി ആദിവാസി പ്രവര്‍ത്തകര്‍ ചിത്ര നിലമ്പൂരും അനിലും പറഞ്ഞു.

‘ പോത്തുകല്ല് ആനക്കല്ല് പണിയ കോളനിയില്‍ 15 കുടുംബങ്ങളാണുള്ളത്. പ്രളയത്തിന്റെ സമയത്ത് ഒരുപാട് ഭക്ഷ്യ സാധനങ്ങളും മറ്റും അവരുടെ കോളനിക്ക് മുമ്പിലൂടെ പോയി. പക്ഷേ, ഇവര്‍ക്ക് ഒന്നും കൊടുത്തില്ല. സാധനങ്ങള്‍ വിതരണം ചെയ്തു തിരിച്ചു വരുമ്പോള്‍ ബാക്കി വന്ന വെള്ളകുപ്പികള്‍ ഇവര്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് ഞങ്ങള്‍ ഊരുകളില്‍ സഹായത്തിനു വേണ്ടി പോകുന്നത്. പിന്നീട പല സന്നദ്ധ സംഘടനകളുടെയും സഹായം ലഭിച്ചു. എം.എല്‍.എയുടെ അടുത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ഇതിനിടയിലും രാഷ്ട്രീയക്കളികള്‍ ഉണ്ടായിട്ടുണ്ട്. ‘ ചിത്ര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘പ്രളയ ദുരിതാശ്വസവുമായി ബന്ധപ്പെട്ട് കാടിനകത്ത് ഒറ്റപ്പെട്ട ഊരുകളിലേയ്ക്ക് ഭക്ഷ്യവസ്തുക്കളും മറ്റും ഞങ്ങള്‍ കൊണ്ടുപോയിരുന്നു. അത് നെടുങ്കയം, പുഞ്ചക്കൊല്ലി തുടങ്ങിയ ചെക്ക് പോസ്റ്റുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആദ്യം ഡി.എഫ്.ഒ യുടെ അനുമതി വേണമെന്ന് പറഞ്ഞു. അനുമതി വാങ്ങി. നിങ്ങള്‍ സാധനങ്ങളും കൊണ്ട് വന്നോളൂ എന്ന് ഡി.എഫ്.ഒയും ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും അവര്‍ ഞങ്ങളെ തടഞ്ഞു. ഒടുവില്‍ കാടിനകത്ത് നിന്നും ദുരന്തം ബാധിച്ചവര്‍ തന്നെ എത്തി സാധനങ്ങള്‍ കൊണ്ടുപോകുകയാണുണ്ടായത്.

മറ്റൊന്ന് ഇരുട്ടുകുത്തി ഊരിലെയ്ക്ക് ഞങ്ങള്‍ പോയപ്പോഴും കടത്തിവിട്ടില്ല. പക്ഷേ, രാഷ്ട്രീയ സംഘടനകളെ അവര്‍ കാടിനകത്തേയ്ക്ക് കടത്തിവിട്ടു. ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ പറയുന്നു മാവോവാദികള്‍ വരുന്നുണ്ട്. അതുകൊണ്ട് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന്. ഇനി അങ്ങനെ മാവോവാദി ഉണ്ടെങ്കില്‍ അവരെ തടയേണ്ടത് ഇവരല്ലേ. അതിന്റെ പേരില്‍ ഞങ്ങളോട് ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് എന്തെങ്കിലും കൊടുക്കേണ്ടെന്ന് ഇവര്‍ എന്തിനാണ് പറയുന്നത്. അതും അല്ല മറ്റുള്ളവരെ അങ്ങോട്ട് കടത്തി വിടുന്നതും എന്തു ന്യായത്തിന്റെ പുറത്താണ്?.’ അനില്‍ ചോദിച്ചു.

കേരളം അതിജീവനത്തിന്റെ പാതയിലാണല്ലോ. നിലമ്പൂര്‍ എന്നല്ല കേരളത്തില്‍ പ്രളയം ബാധിച്ച ആദിവാസികള്‍ക്ക് മൊത്തത്തില്‍ അതിജീവിക്കണങ്കില്‍ അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കേണ്ടതുണ്ട്. ‘ജനസമ്മതനായ’ മുഖ്യമന്ത്രിയും സര്‍ക്കാരും നവകേരള നിര്‍മിതിയില്‍ ആദിവാസികളെ കൂടി അവരുടെ ആവശ്യപ്രകാരം പരിഗണിക്കണം. ദുരന്തങ്ങളുടെ വെള്ളപ്പാച്ചിലില്‍ ഇനി മുങ്ങിത്താഴാനുള്ള ഉയിര് ഇവര്‍ക്ക് ബാക്കിയില്ല. സര്‍ക്കാര്‍ കനിയണം. ഒരു ജനതയുടെ അഭ്യര്‍ഥനയാണ്. അവരുടെ അവകാശമാണ്.

content highlight- how flood effected in Nilambur and rehabilitation of Nilambur

WATCH THIS VIDEO:

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more