കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്സ്ഫോര്‍ഡ് എക്ണോമിക്സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം
പ്രവാസികള്‍ മടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ യു.എ.ഇ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുക.
കുവൈറ്റ് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നിലവിലെ പ്രതിസന്ധിക്കിടെ രാജ്യത്തുള്ള വിദേശികളെ പറഞ്ഞയക്കുന്നതിലും കൂടുതല്‍ തൊഴിലവസരം സ്വദേശികള്‍ക്ക് നല്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ ആഗോള വാണിജ്യരംഗവും ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തിക മേഖലയുള്ള യു.എ.ഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കും.
വിദേശികള്‍ മടങ്ങിയാല്‍ യു.എ.ഇ വിദ്യഭ്യാസ രംഗം, ടൂറിസം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിലക്കും. പ്രധാനമായും ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു പുറമെ ഈ രാജ്യങ്ങളില്‍ നിന്നും ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട,ചെറുകിട വ്യവസായികളും ഉള്‍പ്പെടുന്നതാണ് യു.എ.ഇയിലെ വിദേശ സാന്നിധ്യം. ഇവര്‍ നാട്ടിലേക്ക് മടങ്ങിയാല്‍ അത് കനത്ത തിരിച്ചടിയാണ് യു.എ.ഇക്ക് ഉണ്ടാക്കുക.
‘ മധ്യവര്‍ഗ പ്രവാസികളുടെ ഈ കൂട്ടപാലായനം സാമ്പത്തിക രംഗത്ത് മരണച്ചുഴിയാണുണ്ടാക്കുന്നത്. ‘പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന വിവിധ മേഖലകളായ റെസ്റ്റോറന്റുകള്‍, സ്കൂളുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയെ ഇത് ബാധിക്കും,’
പശ്ചിമേഷ്യന്‍ നിരീക്ഷകനായ റയാന് ബോള്‍ എകണോമിക്സ് ടൈംസിനോട് പറഞ്ഞു.
പ്രവാസി ബിസിനസുകാര്‍ യു.എ.ഇ വിടുന്നതിനും കാരണമുണ്ട്. റെസിഡന്‍സ് വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ യു.എ.ഇ സര്‍ക്കാറില്‍ നിന്നും വലിയ രീതിയില്‍ സഹായം ലഭിക്കില്ല.
ദുബായില്‍ ഒരു ചെറിയ കഫേ നടത്തിയിരുന്ന വിദേശിയായ സാറാ സിസണ് എക്ണോമിക്സ് ടൈംസിനോട് പറയുന്നതിങ്ങനെയാണ്.
‘ ദുബായ് എനിക്ക് വീടാണ്. പക്ഷെ ഇവിടെ ചെലവ് അധികവും പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷിതവും ഇല്ല. ഇതേ പണം ഞാന്‍ ഓസ്ട്രേലിയയില്‍ ചെലവഴിക്കുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്താല്‍ കുറഞ്ഞത് ഞങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സും സൗജന്യ വിദ്യഭ്യാസവും ലഭിക്കും,’ മെയ് മാസത്തില്‍ സാറയും കുടുംബവും യു.എ.ഇയില്‍ നിന്നും സ്വദേശമായ ഓസ്ട്രേലിയയിലേക്ക് മടങ്ങി.
ദുബായ് ആസ്ഥാനമായുള്ള മൂവ് ഇറ്റ് കാര്‍ഗോ ആന്‍ഡ് പാക്കേജിംഗ് തങ്ങളുടെ സാധനങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാരില്‍ നിന്ന് പ്രതിദിനം ഏഴ് കോളുകള്‍ നിലവില്‍ സ്വീകരിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കിയത്. ഇതേ സമയം കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ രണ്ടോ മൂന്നോ കോളുകള്‍ മാത്രമേ ഇതിനായി വന്നിരുന്നുള്ളൂ എന്നും ഇവര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക