ന്യൂദൽഹി: ലോക്സഭയിൽ ചോദ്യം ചോദിച്ചതിന് കൈക്കൂലി വാങ്ങി എന്ന കേസിൽ വാദം കേൾക്കും മുമ്പ് മാധ്യമങ്ങളെ സമീപിച്ചതിന് ലോക്സഭാ എത്തിക്സ് കമ്മിറ്റി അധ്യക്ഷനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.
ബിസിനസുകാരനായ ദർശൻ ഹിരാനന്ദനി സമർപ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങൾക്ക് എങ്ങനെ ലഭിച്ചുവെന്നും മൊയ്ത്ര ചോദിച്ചു.
കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ച തെളിവുകൾ ചർച്ചക്ക് വെക്കുന്നതിന് മുമ്പ് പുറത്തുവിടാൻ പാടില്ലെന്ന ലോക്സഭാ പ്രക്രിയകളിലെ ചട്ടങ്ങൾ സംബന്ധിച്ച ഭാഗം എക്‌സിൽ പോസ്റ്റ് ചെയ്തായിരുന്നു മൊയ്ത്രയുടെ വിമർശനം.
ഹിരാനന്ദനിയുടെ സത്യവാങ്മൂലം എങ്ങനെയാണ് മാധ്യമങ്ങൾക്ക് ലഭിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്നും എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് സോൻകറിനോട് മൊയ്ത്ര ആവശ്യപ്പെട്ടു.
മൊയ്ത്രയുടെ പാർലമെന്റ് ലോഗിൻ ഐ.ഡി ലഭിക്കുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും കൈക്കൂലി നൽകിയിരുന്നതായി ഹിരാനന്ദനി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പ്രശസ്തയാകാനാണ് മൊയ്ത്ര അദാനി ഗ്രൂപ്പിനെതിരെ ലോക്സഭയിൽ ശബ്ദിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
പാർലമെന്റ് അധികാരങ്ങൾ മഹുവ മൊയ്ത്ര ദുർവിനിയോഗം ചെയ്തുവെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ആരോപണവുമായി ആദ്യം രംഗത്ത് വന്നത് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആയിരുന്നു.
നിഷികാന്ത് ദുബെക്കും അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ്ക്കുമെതിരെ മൊയ്ത്ര മാനനഷ്ട കേസ് നൽകിയിരുന്നു. നേരത്തെ, മൊയ്ത്രയുടെ അഭിഭാഷകൻ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചുവെന്ന് ദെഹദ്രായ് ദൽഹി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. തുടർന്ന് മോയിത്രക്ക് വേണ്ടി വാദിക്കുന്നതിൽ നിന്ന് അഭിഭാഷകൻ പിന്മാറി.
പാർലമെന്റിൽ ബി.ജെ.പിക്കും അദാനി ഗ്രൂപ്പിനുമെതിരെ ശബ്ദിക്കുന്ന പ്രതിപക്ഷ നിരയിലെ പ്രധാന സാന്നിധ്യമാണ് മഹുവ മൊയ്ത്ര. മൊയ്ത്രയുടെ പാർലമെന്റ് പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlight: ‘How did the affidavit reach media?’; Mahua Moitra slams ethics committee head