|

വെള്ളം ചേര്‍ത്ത് എണ്ണം കൂട്ടിയതല്ല, കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മിടുക്കാണ്; അനുവദിച്ച ഡോസ്‌നെക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കേരളം നല്‍കിയത് എങ്ങനെ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കൊവിഡ് വാക്‌സിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതിനിടെയാണ് കേരളത്തിന് അനുവദിച്ച 73,38,860 ഡോസ് വാക്സിന്‍ കൊണ്ട് 74,26,164 പേര്‍ക്കുള്ള ഡോസ് നല്‍കിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായി ചിലര്‍ രംഗത്ത് എത്തിയിരുന്നു. എങ്ങനെയാണ് ഒരു ലക്ഷത്തോളം ആളുകള്‍ക്ക് അധികമായി വാക്‌സിന്‍ നല്‍കിയതെന്നും വാക്‌സിനില്‍ വെള്ളം ചേര്‍ത്താണോ നല്‍കിയത് എന്നൊക്കെയായിരുന്നു പരിഹാസം.

എന്നാല്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേകിച്ച് കേരളത്തിലെ നഴ്‌സുമാരുടെ മിടുക്കാണ് കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാവാതെ ഇത്രയും പേര്‍ക്ക് ഡോസ് നല്‍കാന്‍ സാധിച്ചത് എന്നതാണ് സത്യം.

എങ്ങിനെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത് ?

ഒരു വാക്‌സിന്‍ വയലിനകത്ത് പത്ത് ഡോസ് വാക്‌സിനായിരിക്കും ഉണ്ടാവുക. ഇത് ആറുമണിക്കൂറിനുള്ളിലാണ് ഉപയോഗിക്കേണ്ടത്. ഒരു വാക്‌സിന്‍ വയലില്‍ 5 മില്ലി വാക്‌സിന്‍ ആണ് ഉണ്ടാവുക.

ഒരു ഡോസിന് വേണ്ടത് 0.5 മില്ലിയാണ്. ഒരോ വയലിലും വാക്‌സിന്‍ എടുക്കുമ്പോള്‍ ഉള്ള വേസ്റ്റേജ് കണക്കാക്കി 0.5 മില്ലിയുടെ ഒരു എക്‌സ്ട്രാ വാക്‌സിന്‍ ഉണ്ടാവും. ഇത് കൃത്യമായ പ്ലാനിങ്ങോടെ ഒരു തുള്ളി പോലും കളയാതെ അധികം വന്ന ഈ ഡോസ് ഒരു പുതിയ വ്യക്തിക്ക് കേരളം ഉപയോഗിച്ചു.

ഇത്തരത്തിലാണ് കേരളം എക്‌സ്ട്രാ ഡോസുകള്‍ ഉപയോഗിച്ചത്. ഇതേസമയം മറ്റു സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ പാഴാക്കിയത് വലിയ രീതിയിലാണ്. തമിഴ്‌നാട്ടിലാണ് ഏറ്റവും വലിയ രീതിയില്‍ കൊവിഡ് വാക്‌സിന് പാഴാക്കിയത്.

12.4 ശതമാനമാണ് തമിഴ്‌നാട്ടിലെ പാഴാകല്‍ നിരക്ക്. രണ്ടാം സ്ഥാനത്ത് ഹരിയാനയാണ് 10 ശതമാനം, ബീഹാറാണ് മൂന്നാം സ്ഥാനത്ത് 8.1 ശതമാനമാണ് ഇവിടുത്തെ വാക്‌സിന്‍ പാഴാകല്‍ നിരക്ക്.

കേരളം, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ പാഴായി പോകുന്ന വാക്‌സിന്റെ നിരക്ക് പൂജ്യമാണ്.

അതീവ ശ്രദ്ധയോടെ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭിമാനാര്‍ഹമായ വിധത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനുകള്‍ ലഭിക്കുന്നില്ല എന്നാതാണ് നിലവില്‍ നേരിടുന്ന പ്രശ്നം. ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്തെ വാക്സിന്‍ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരുതരത്തിലും ശരിയായ നടപടിയല്ല. 18 വയസ്സുമുതല്‍ വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

How did Kerala give more vaccine than the allotted dose?