ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഗാന്ധിയെ അവേഹളിച്ച് ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷാ പേപ്പറില്‍ ചോദ്യം
Mahatma Gandhi
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഗാന്ധിയെ അവേഹളിച്ച് ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷാ പേപ്പറില്‍ ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2019, 6:48 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ് സ്‌കൂള്‍ പരീക്ഷയ്ക്ക് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന് ചോദ്യം. സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഇന്റേണല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

ഗുജറാത്തിയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ ‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാറ്റ് ഷു കരിയു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) എന്നായിരുന്നു ചോദ്യം. സ്വന്തം ജന്മനാട്ടില്‍ തന്നെയാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇത്തരമൊരു അവഹേളനം എന്നതും ശ്രദ്ധേയമാണ്.

അനധികൃത മദ്യകടത്തുകാരെ കുറിച്ചുള്ള ചോദ്യവും വിവാദമായിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പറിലെ മറ്റൊരു ചോദ്യം ഇങ്ങനെ-

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങളുടെ പ്രദേശത്ത് മദ്യ വില്‍പ്പന വര്‍ധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവില്‍പനക്കാര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക’.

സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

‘സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും’- ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു.

സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്മെന്റാണ് ചോദ്യപേപ്പറുകള്‍ തയാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1948 ജനുവരി 30 നാണ് ഹിന്ദുത്വവാദിയായ നഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്.