മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനും അതുവഴി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനും കാരണമായ കത്തിനെക്കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളിലെ ചര്‍ച്ച. എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ അറിയിക്കാനായി പാര്‍ട്ടി നേതാവ് അജിത് പവാര്‍ നല്‍കിയ എം.എല്‍.എമാരുടെ ഒപ്പുകളടങ്ങിയ കത്താണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
ഒക്ടോബര്‍ 30-ന് അജിത്തിനെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചിരുന്നെന്നും അതിന്റെ അധികാരത്തിലാണ് അദ്ദേഹത്തിനു കത്തു ലഭിച്ചതെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
എന്നാല്‍ അജിത് മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ ഇരിക്കുക മാത്രമാണു ചെയ്യുന്നതെന്നും കത്തടക്കമുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത് ശരദ് പവാറിന്റെ വിശ്വസ്തനായ ശിവാജിറാവു ഗര്‍ജെയാണെന്നുമാണ് എന്‍.സി.പിയിലെ ഒരു വിഭാഗം പറയുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഗര്‍ജെയെ ഏറെനാളായി ശരദ് പവാര്‍ കൂടെക്കൂട്ടിയിട്ട്. സര്‍വീസില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റെടുത്ത് ശരദിനൊപ്പം കൂടിയ ഗര്‍ജെയെ എന്‍.സി.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി ഗര്‍ജെയില്‍ നിന്നാണ് അജിത്തിനു കത്തു ലഭിച്ചതെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ കക്ഷി നേതൃസ്ഥാനവുമായി ബന്ധപ്പെട്ടാണ് അജിത് ഗര്‍ജെയില്‍ നിന്നു കത്ത് വാങ്ങുന്നത്.
ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു ശേഷം ഗര്‍ജെ ഈ കത്ത് തിരികെ വാങ്ങിയില്ല. ഇക്കാര്യം ശരദ് പവാറുമായി സംസാരിച്ചുമില്ല.
പിറ്റേദിവസം ശിവസേനയ്ക്കു സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് ഈ കത്ത് നല്‍കാന്‍ എന്‍.സി.പി തീരുമാനിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞയുടെ വാര്‍ത്ത കേട്ടാണ് ശരദ് പവാറും ഗര്‍ജെയും എഴുന്നേറ്റത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മറ്റൊരു കഥയും ഇതിനിടെ പ്രചരിക്കുന്നുണ്ട്. അജിത് കത്ത് ഗവര്‍ണര്‍ക്കു കൈമാറിയില്ലെന്നും പകരം നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ ഒപ്പിട്ട ഹാജര്‍പട്ടിക കൈമാറുക മാത്രമാണു ചെയ്തതെന്നുമാണ് ചിലര്‍ പറയുന്നത്. അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത യോഗമായിരുന്നു ഇത്.