ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് രാഹുല്‍ ഗാന്ധിയെ നാടുകടത്തണമെന്ന ബി.ജെ.പി നേതാവ് പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാദുറാം ഗോഡ്‌സെയെ വാഴ്ത്തുന്ന പ്രജ്ഞാ സിങ്ങിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡോ. ഷമാ മുഹമ്മദിന്റെ പ്രതികരണം.
‘രാഹുല്‍ ഗാന്ധിയെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു?
ഈ സ്ത്രീ ഗോഡ്‌സെയെ ആരാധിക്കുന്ന ഒരു തീവ്രവാദിയാണ്. ഗോഡ്‌സെയെ ദേശഭക്തന്‍ എന്ന് വിളിച്ചതിന് താന്‍ പൊറുക്കില്ലെന്ന് മോദി പറഞ്ഞിരുന്നു. എന്നാണ് ഇനി ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോകുന്നത്?,’ ഷമാ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
ലണ്ടന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നിയമസഭയില്‍ മൈക്കുകള്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമായിരിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യയിലെ ജനാധിപത്യം പ്രതിസന്ധിയിലാണെന്നും എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശം.
‘വിദേശത്തിരുന്ന് നിങ്ങള്‍ പറയുകയാണ് രാജ്യത്ത് സംസാരിക്കാനുള്ള സാഹചര്യമില്ലെന്ന്. നിയമസഭയിലെ പ്രതിപക്ഷ മൈക്കുകള്‍ ഓഫാണെന്ന്. ഇതിനേക്കാള്‍ അപമാനകരമായി മറ്റെന്താണുള്ളത്? ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ ഒരവസരവും കൊടുക്കരുത്. ഇത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കണം,’ പ്രജ്ഞാ സിങ് പറഞ്ഞു.
പ്രധാനമനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിദേശരാജ്യങ്ങളില്‍ പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും രംഗത്തെത്തിയിരുന്നു.
മോദിയുടെ നയങ്ങളെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതാകില്ലെന്നും മോദി ദൈവമല്ല മറിച്ച് പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് തന്നെക്കുറിച്ച് തെറ്റായ ധാരണകളുണ്ടെന്നും അത് മാറ്റണമെന്നും ഖേര കൂട്ടിച്ചേര്‍ത്തു.
Content Highlight: How dare she; Dr. Shama Muhammad slams Pragya singh thakur