| Wednesday, 10th August 2016, 10:39 am

ഗുജറാത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരെ വളര്‍ത്തിയത് മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത്: ഇതാ തെളിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വയം പ്രഖ്യാപിത ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗോരക്ഷാ പ്രവര്‍ത്തകരെ വളര്‍ത്തിയതും അവര്‍ക്കു പ്രോത്സാഹനം നല്‍കിയതും ഇതേ മോദി തന്നെയായിരുന്നു.

2011നും 2014നും ഇടയില്‍ മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ ഗോസംരക്ഷകര്‍ക്ക് കാഷ് അവാര്‍ഡായി നല്‍കിയത് 75 ലക്ഷം രൂപയാണെന്നാണ് ഗുജറാത്ത് സര്‍ക്കാറിനു കീഴിലുള്ള ഗോസേവാ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.

1,394 ഗോരക്ഷകര്‍ക്കായാണ് അവാര്‍ഡ് നല്‍കിയത്. നിയമവിരുദ്ധ കാലി കടത്തുകാരെ റെയ്ഡു ചെയ്തതിനും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതിനുമാണ് പുരസ്‌കാരം നല്‍കിയത്.

രക്ഷിച്ച കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കിയെന്നു പറഞ്ഞ് 2,321 പേര്‍ക്കും ഏതാണ്ട് ഇതേ തുക പുരസ്‌കാരമായി നല്‍കി. ഗോസംരക്ഷണത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 3.75 ലക്ഷം രൂപയും പ്രോത്സാഹനസമ്മാനമായി മോദി സര്‍ക്കാര്‍ നല്‍കി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഫ് കയറ്റുമതി പരാമര്‍ശിക്കുകൊണ്ട് മോദി പറഞ്ഞത് യു.പി.എ സര്‍ക്കാര്‍ പിങ്ക് റവല്യൂഷന്‍ കൊണ്ടുവന്നിരിക്കുകയാണെന്നാണ്.

1999ലല്‍ മൃഗസംരക്ഷണ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ രൂപംകൊടുത്ത ജി.ജി.വി.ബി 2010ല്‍ മോദി പുനരുജ്ജീവിപ്പിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓരോ എഫ്.ഐ.ആറിനും 500 രൂപവീതം പുരസ്‌കാരം പ്രഖ്യാപിച്ചു. ഇതിനു പുറമേ മികച്ച പശു സംരക്ഷകന് 25,000 രൂപ പുരസ്‌കാരവും നല്‍കിയിരുന്നു.

കൂടാതെ ജി.ജി.വി.ബിക്കുള്ള വാര്‍ഷിക ഗ്രാന്റ് 1.5 കോടിയില്‍ നിന്നും 150 കോടിയായി ഉയര്‍ത്തിയത് മോദി സര്‍ക്കാറായിരുന്നു. 2011ലാണ് ഗുജറാത്ത് സര്‍ക്കാര് ഗുജറാത്ത് മൃഗ സംരക്ഷണ ഭേദഗതി നിയമം പാസാക്കിയത്. പശുവിന്റെ കടത്തും, പശുവിറച്ചിയുടെ ഉപയോഗവുമെല്ലാം ഈ നിയമത്തിലൂടെ സര്‍ക്കാര്‍ നിരോധിച്ചു. അതിനു മുമ്പു വരെ പശുവിനെയും കിടാവിനെയുമെല്ലാം കശാപ്പു ചെയ്യുന്നതുമാത്രമായിരുന്നു നിരോധിച്ചിരുന്നത്.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌

We use cookies to give you the best possible experience. Learn more