| Saturday, 16th May 2020, 5:07 pm

സൗദി അറേബ്യയുടെ സ്വപ്നങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ്

അഭിനന്ദ് ബി.സി

‘എനിക്ക് തോന്നുന്നില്ല കൊറോണ വൈറസിനു ശേഷം ലോകമോ രാജ്യമോ പഴയതുപോലെയായിരിക്കുമെന്ന്,’ സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ മെയ് മാസം ആദ്യം പറഞ്ഞ വാക്കുകളാണിത്. പ്രതിസന്ധി കുറയ്ക്കാന്‍ വേണ്ടി വേദനാജനകമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഇദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഫെബ്രുവരിയില്‍ സൗദിയില്‍ വിദേശികള്‍ക്ക് ഉംറ യാത്ര വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഒരു സുരക്ഷാ മുന്‍കരുതലായി മാത്രമായിരുന്നു ആ നടപടി. എന്നാല്‍ മാര്‍ച്ച് രണ്ടിന് സൗദിയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 15 വരെ രാജ്യത്ത് 49176 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മക്ക പൂര്‍ണമായും അടച്ചു. കര്‍ഫ്യു, വിമാനസര്‍വീസ് റദ്ദാക്കല്‍ തുടങ്ങിയ നടപടിക്രമങ്ങളും ഇതുവരെ സ്വീകരിച്ചു. എണ്ണ വിപണിയെ താറുമാറാക്കിക്കൊണ്ട്, അറേബ്യന്‍ മണ്ണിന്റെ വര്‍ഷങ്ങളായുള്ള സാമ്പത്തിക സ്വപ്ന പദ്ധതികളുടെ ഭാവിയെ അപകടത്തിലാക്കിക്കൊണ്ട് കൊവിഡ് പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്. ബജറ്റ് വരുമാനത്തിന്റെ 87 ശതമാനവും പെട്രോളിയം മേഖലയില്‍ നിന്നും വരുന്ന ഒരു രാജ്യമെന്ന നിലയില്‍ സൗദി നിലവില്‍ കടന്നു പോവുന്നതും മുന്നില്‍ കാണുന്നതുമായ കടമ്പകളേറെയാണ്.

മെയ് 11 ന് സൗദിയില്‍ മൂല്യവര്‍ധിത നികുതി 5 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തി. മൂന്നിരട്ടി വര്‍ധനവാണ് ഒറ്റയടിക്കുണ്ടായത്. പൊതമേഖലാ ജീവനക്കാര്‍ക്ക് 2018ല്‍ അനുവദിച്ചിരുന്ന ജീവിതചെലവ് ഇളവുകള്‍ നിര്‍ത്തലാക്കി.

എത്രമാത്രം രൂക്ഷമാണ് സൗദി സാമ്പത്തിക മേഖലയില്‍ നേരിടുന്ന വെല്ലുവിളി?

ആഗോള എണ്ണ വില ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെ ആയിരിക്കുകയാണ്. സര്‍ക്കാര്‍ വരുമാനം 22 ശതമാനമാണ് ഈ വര്‍ഷം കുറഞ്ഞിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതു മൂലം ഈ വര്‍ഷം ആദ്യ പാദത്തില്‍ ആരാംകോ എണ്ണ കമ്പനിയുടെ അറ്റാദായം 25 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.

ചെലവുകള്‍ നടത്താനായി കരുതല്‍ ധനത്തില്‍ സര്‍ക്കാര്‍ കൈ വെയ്ക്കുകയുമുണ്ടായി. മാര്‍ച്ചില്‍ കരുതല്‍ ധനത്തില്‍ നിന്നും 24 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 479 ബില്യണ്‍ ഡോളറായി. ഇതിനു പുറമെ ബോണ്ട് മാര്‍ക്കറ്റില്‍ നിന്നും കോടിക്കടക്കിന് പണം കടമായി എടുക്കുന്നുമുണ്ട്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 9 ബില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയാണുള്ളത്. ഐ.എം.എഫിന്റെ വിലയിരുത്തല്‍ പ്രകാരം  സൗദിയുടെ  ഈ വര്‍ഷത്തെ ബജറ്റ് സന്തുലിതപ്പെടുത്താന്‍ വേണ്ടി ഒരു ബാരല്‍ ക്രൂഡ് ഓയില്‍ വില 76 ഡോളറാവണം എന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയത്. ഇതിന്റെ പകുതി വില പോലും ഇന്ന് വിപണിയില്‍ ക്രൂഡ് ഓയിലിനില്ല. ആഗോളതലത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 50 ശതമാനത്തോളമാണ് മാര്‍ച്ചില്‍ ഇടിഞ്ഞത്.

12 ബില്യണ്‍ ഡോളറാണ് ഒരു വര്‍ഷം ഹജ്ജ്- ഉംറ തീര്‍ത്ഥാടന യാത്രയിലൂടെ സൗദിയുടെ ഖജനാവിലെത്തുന്നത്. രാജ്യത്തെ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള 20 ശതമാനം ജി.ഡി.പി മക്ക തീര്‍ത്ഥാടനം വഴിയാണ്. ആകെ ജി.ഡി.പിയുടെ ഏഴ് ശതമാനവും. ഹജ്ജ്, ഉംറ തീര്‍ത്ഥാടന യാത്ര കൊവിഡ് കാരണം വിലക്കിയത് വരുമാനത്തെ കാര്യമായി ബാധിക്കും.

എണ്ണ വിപണി നഷ്ടത്തിലേക്ക് സൗദി നീങ്ങിയതെങ്ങനെ?

ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിനായി എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നതില്‍ റഷ്യയുമായി ധാരണയിലെത്തുന്നതില്‍ സൗദി പരാജയപ്പെടുകയുണ്ടായി. തുടര്‍ന്ന് മാര്‍ക്കറ്റ് ഷെയര്‍ പിടിക്കുന്നതിനായി എണ്ണ വില സൗദി കുത്തനെ കുറച്ചു. ഇത് മൂലം 31 ശതമാനത്തിന്റെ കുറവാണ് വിപണിയില്‍ ഉണ്ടായത്. പിന്നാലെ ഏപ്രില്‍ പതിമൂന്നിന് റഷ്യയുമായി ദിവേസന ഉല്‍പാദനം 9.7 മില്യണ്‍ ബാരല്‍ ആക്കാം എന്ന് ധാരണയായി. എന്നാല്‍ അപ്പോഴേക്കും എണ്ണ വിപണി കൂപ്പ് കുത്തിയിരുന്നു. സൗദിയുടെ ഈ വിലകുറയ്ക്കല്‍ തന്ത്രം യഥാര്‍ത്ഥത്തില്‍ എണ്ണ വിപണി പ്രതിസന്ധിയെ ഒന്നു കൂടി രൂക്ഷമാക്കി.

സൗദിയുടെ ഭാവി പദ്ധതികളെ നിലവിലെ പ്രതിസന്ധി എങ്ങനെ ബാധിക്കുന്നു?

എണ്ണ സമ്പത്തിലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്കാണ് കൊവിഡ് ഏറ്റവും വലിയ തിരിച്ചടി നല്‍കിയിരിക്കുന്നത്. സൗദി യുവത്വം പ്രതീക്ഷയോടെ നോക്കിക്കാണുന്ന സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടത്താനിരിക്കുന്ന പദ്ധതികള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ് കൊവിഡ്. സൗദിയുടെ സാമ്പത്തിക സ്വപ്നങ്ങളുടെ രൂപമാതൃകയായ സൗദി വിഷന്‍ 2030 നെ കൊവിഡ് പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്ന് നോക്കാം,

2016 ഏപ്രിലിലാണ് സൗദി വിഷന്‍ 2030 എന്ന പദ്ധതിയുടെ പ്രഖ്യാപനം നടക്കുന്നത്. എണ്ണ വിപണിയിലുള്ള ആശ്രിതത്വത്തില്‍ നിന്നും മാറി ടൂറിസം, ആരോഗ്യമേഖല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, എണ്ണ ഇതര കയറ്റുമതി 50 ശതമാനമാക്കുക. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനാക്കുക. രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുക തുടങ്ങിയവയാണ് വിഷന്റെ ലക്ഷ്യം.

500 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന നഗരമായ നിയൊം ആണ് ഇതില്‍ പ്രധാനപ്പെട്ടത്. ഏറ്റവും പ്രതീക്ഷയുള്ള പ്രൊജക്ട് എന്നാണ് സൗദി ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 10230 സ്‌ക്വയര്‍ മൈല്‍ പരിധിയില്‍ നിര്‍മിക്കുന്ന ഈ മെഗാ നഗര നിര്‍മാണത്തിന് വിദേശ നിക്ഷേപങ്ങളും ഉണ്ടാവും. രാജ്യത്ത് ടൂറിസവും തീര്‍ത്ഥാടന യാത്രയും വഴിയുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ഉംറ യാത്രക്കാരുടെ എണ്ണം 3 കോടിയിലെത്തിക്കുക, ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് മ്യൂസിയം സ്ഥാപിക്കുക, യുനെസ്‌കോയില്‍ രജിസ്റ്റര്‍ ചെയ്ത സൗദി പൈതൃക കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുക, രാജ്യത്ത് സാംസ്‌കാരിക, വിനോദ കേന്ദങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിക്കുക. നഗരങ്ങളെ ആഗോള നിലവാരത്തില്‍ വിപുലീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സൗദി ആവിഷ്‌കരിച്ചിരുന്നത്. കൂടുതല്‍ തീര്‍ത്ഥാടകരെ രാജ്യത്തെത്തിക്കാനാവുന്നത് വലിയ സാമ്പത്തിക നേട്ടമാണ് സൗദിക്കുണ്ടാക്കുക.

എന്നാല്‍ 1918 ലെ സ്പാനിഷ് ഫ്ളൂ സമയത്ത് പോലും അടയ്ക്കാതിരുന്ന മക്ക കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ തന്നെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടയ്ക്കേണ്ടി വന്നു. എച്ച്.ഐ.വി രോഗത്തിന് സമാനമായി കൊവിഡ് ലോകത്ത് നിലനില്‍ക്കാനാണ് സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. 25 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഒരു വര്‍ഷം ഹജ്ജ് യാത്ര നടത്തുന്നതെന്നാണ് ശരാശരി കണക്ക്. കൊവിഡ് വ്യാപന ഭീഷണി ലോകത്ത് നിലനില്‍ക്കുകയാണെങ്കില്‍, കൊവിഡ് പ്രതിരോധാനുബന്ധമായ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറയാനാണ് സാധ്യത. ഇത് നിലവിലെ വരുമാനത്തെ കാര്യമായി ബാധിക്കും. ഒപ്പം സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന 3 കോടി തീര്‍ത്ഥാടകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനും തടസ്സമാണ്,

ഇതുകൂടാതെ ഇസ്ലാമിക് മ്യൂസിയം സ്ഥാപിക്കുകയും പൈതൃക കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും സൗദി മിഷനിലൂടെ ലക്ഷ്യം വെച്ചത് യു.എ.ഇക്ക് സമാനമായ ടൂറിസം രംഗത്തുകൂടെയുള്ള നേട്ടങ്ങള്‍ കണ്ടായിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ കൊവിഡിനെ തുടര്‍ന്ന് ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണ്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും അനുഭവിക്കുന്നുണ്ട്.  സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയുടെ ആഴം അത്ര ചെറുതല്ല. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കല്‍പ്പിക്കുന്ന മൂല്യം 302 ബില്യണ്‍ ഡോളറാണ്. സൗദിയുടെ ആരാംകോയുടെ മൂല്യം എന്നു പറയുന്നത് 1.7 ട്രില്യണ്‍ ഡോളറാണ്. ഗൂഗിളിന്റെയും ആമസോണിന്റെയും ഒരുമിച്ചുള്ള മൂല്യത്തോളം വരുമിത്. ആരാംകോയുടെ 1.5 ഓഹരി പൊതു നിക്ഷേപത്തിന് നല്‍കിയതിനു പിന്നാലെ സൗദിക്ക് ലഭിച്ചത് 25.6 ബില്യണ്‍ ഡോളറാണ്.  രൂക്ഷമായി സൗദിയുടെ ഈ വിപുല സാമ്പത്തിക മേഖലയെ എത്ര മാത്രം  ഇനി ബാധിക്കുമെന്നും കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന്  സാമ്പത്തിക മേഖലയെ സൗദി എങ്ങനെ സംരക്ഷിക്കുമെന്ന് കാത്തിരുന്ന് കാണണം.

അഭിനന്ദ് ബി.സി

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more