| Wednesday, 1st November 2017, 5:17 pm

ഐ.പി.എസുകാരന്റെ ഹൈ ടെക്ക് കോപ്പിയടി; സഫീറിന് പ്രചോദനമായത് സുരേഷ് ഗോപിയുടെ കമ്മീഷ്ണറും സഞ്ജയ് ദത്തിന്റെ മുന്നാ ഭായിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞ പേരായിരുന്നു സഫീര്‍ കരീം എന്ന ഐ.പി.എസുകാരന്റേത്. യു.പി.എസ്.സി പരീക്ഷയില്‍ ഭാര്യയുടെ സഹായത്തോടെ കോപ്പിയടിച്ചതിന് ഇന്നലെയായിരുന്നു സഫീറിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സഫീറിന്റെ വേരുകള്‍ തേടിയിറങ്ങിയാല്‍ ചെന്നെത്തുക കേരളത്തിലാണ്. സുരേഷ് ഗോപിയുടെ കമ്മീഷ്ണറിലും സഞ്ജയ് ദത്തിന്റെ മുന്നാ ഭായ് എം.ബി.ബി.എസിലും.

ആലുവ സ്വദേശിയാണ് അറസ്റ്റിലായ സഫീര്‍ കരീം. യു.പി.എസ്.സി പരീക്ഷയില്‍ 112ാം റാങ്കുകാരനായിരുന്ന സഫീര്‍ ഐ.പി.എസ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ നാങ്കുനേരിയില്‍ എ.എസ്.പിയായി പ്രൊബേഷന്‍ പിരിയഡിലൂടെ കടുന്നു പോവുകയായിരുന്നു.

ഉന്നത റാങ്കുകാരനായ സഫീര്‍ ഐ.എ.എസ് ഉപേക്ഷിച്ച് ഐ.പി.എസ് തെരഞ്ഞെടുത്തതിന് പിന്നിലെ പ്രചോദനം സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ സുപ്പര്‍ ഹിറ്റ് ചിത്രമായ കമ്മീഷ്ണര്‍ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് സഫീര്‍ പൊലീസുകാരനാകാന്‍ തീരുമാനിക്കുന്നത്. ഒരു പ്രമുഖ മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഫീര്‍ ഇത് പറഞ്ഞിട്ടുണ്ട്. അതേ അഭിമുഖത്തില്‍ തന്നെയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ വീഡിയോ ഗെയിം പോലെ എളുപ്പമാണെന്നും ടെക്‌നിക്ക് മനസിലാക്കിയാല്‍ തകര്‍ക്കാന്‍ എളുപ്പം കഴിയുന്ന വീഡിയോ ഗെയിം ആണെന്നും സഫീര്‍ പറഞ്ഞത്.

ഒരിക്കല്‍ സുരേഷ് ഗോപിയെ കണ്ട് നേരിട്ട് തന്റെ നന്ദിയറിയിക്കുകയും ചെയ്തിട്ടുണ്ട് സഫീര്‍. പിന്നീട് സഫീറിന്റെ മനസുമാറിയതെങ്ങനെയാണ് എന്നത് വ്യക്തമല്ല. എന്തുകൊണ്ട് ഐ.എ.എസ് പരീക്ഷയെഴുതിയെന്നതും വ്യക്തമല്ല.

പക്ഷെ അവിടേയും ഒരു സിനിമ സ്‌റ്റോറിയുണ്ട്. സഫീര്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച് സഞ്ജയ് ദത്തിന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്നായ മുന്നാ ഭായ് എം.ബി.ബി.എസില്‍ നിന്നും പ്രോചോദനമുള്‍കൊണ്ടായിരുന്നു.


Also Read: സൂക്ഷിച്ച് നോക്കണ്ട ടാ ഉണ്ണീ, ഇത് ഞാനല്ല; പാര്‍ലമെന്റില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന മോദിയേയും രാഹുലിനേയും ആഘോഷിച്ച് സോഷ്യല്‍ മീഡിയ


ചിത്രത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ സഞ്ജയ് ദത്ത് പരീക്ഷയ്ക്ക് കോപ്പിയടിക്കാനുപയോഗിച്ച അതേ തന്ത്രമാണ് സഫീറും പയറ്റിയിരിക്കുന്നത്. തന്റെ ഷര്‍ട്ടിന്റെ ബട്ടണില്‍ ഒരു മൈക്രോ ക്യാമറ ഘടിപ്പിച്ചായിരുന്നു സഫീര്‍ പരീക്ഷയ്ക്ക് എത്തിയത്. ചോദ്യപ്പേപ്പറിന്റെ ചിത്രങ്ങള്‍ ഈ ക്യാമറയിലൂടെ പകര്‍ത്തിയതിന് ശേഷം ഭാര്യ ജോയ്‌സിയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഹൈദരാബാദിലെ ഒരു ഐ.എ.എസ് കോച്ചിംഗ് സെന്ററിലായിരുന്നു ജോയ്‌സി ഇരുന്നിരുന്നത്.

അവിടെയിരുന്നു കൊണ്ട് ചോദ്യങ്ങള്‍ക്ക് ഫോണിലൂടെ അവള്‍ ഉത്തരം നല്‍കുകയായിരുന്നു. അതിന് സഹായിച്ചതാകട്ടെ സോക്‌സിലൂടെ കടത്തി കൊണ്ടു വന്ന ബ്ലൂട്ടുത്തും.

സംഭവത്തില്‍ സഫീറിന്റേയും ഭാര്യയുടേയും പ്രതികരണങ്ങളോ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ ഇതുവരേയും പുറത്തു വന്നിട്ടില്ല.

We use cookies to give you the best possible experience. Learn more