| Saturday, 19th September 2020, 6:10 pm

ഇനി കൃഷിയിറക്കുന്നവന്‍ പഴയ കോരന്റെ കുമ്പിള്‍ കൂട്ടാന്‍ പഠിക്കേണ്ടി വരും; കാര്‍ഷിക ബില്‍ രാജ്യത്തോട് ചെയ്യുന്നത്

മനോജ് കുമാര്‍ കെ

നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ പോകുകയാണ്. വയര്‍ നിറഞ്ഞില്ലെങ്കിലും വിശക്കാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.കോവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയ മൂന്ന് ഓര്‍ഡിനന്‍സുകളാണ് ബില്ലുകളായി വരുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഉല്പാദനം ഉറപ്പാക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കും. വന്‍കിട നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാവും. വായിച്ചാല്‍ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്ന ആമുഖങ്ങളാണിവയ്ക്ക്.

അരിയടക്കമുള്ള ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ ഒക്കെ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാരിനും അവരുടെ ഏജന്‍സികളിലുമായി നിശ്ചയിക്കപ്പെട്ട വകുപ്പുകള്‍ ഇല്ലാതാകുന്നു. ആര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭരിച്ച് സൂക്ഷിച്ച് വിതരണം ചെയ്യാം. ഫാം കൃഷിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുതലിറക്കാം.

കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന, വിതയ്ക്കുമ്പോള്‍ തന്നെ വില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ മുതല്‍ മുടക്കുന്ന കമ്പനിയ്ക്ക് വില്‍ക്കാം. അവര്‍ വേണ്ട സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കും. വിപണിക്കായി കര്‍ഷകര്‍ കാത്തു നില്‍ക്കേണ്ട, കൃഷിയിടത്തില്‍ നിന്നു തന്നെ കമ്പനി ഉല്പന്നങ്ങള്‍ വാങ്ങും, നല്ല ഉദാത്തമായ ആശയം. ഈ കോര്‍പ്പറേറ്റ് കര്‍ഷക കൂട്ടായ്മ മിക്ക വികസിത രാജ്യങ്ങളും പരീക്ഷിച്ച് ജനകോപം കൊണ്ട് പിന്‍വലിച്ചതാണ്.

ഇത് സംബന്ധിച്ച് നേരത്തേ എഴുതിയിട്ടുണ്ട്, രണ്ടു വര്‍ഷം മുമ്പേ. 1991 ല്‍ ആണ് അമേരിക്കയിലും തെക്കേ അമേരിക്കയിലും സമാന കാര്‍ഷിക വിപ്ലവം മാതൃകയായി അരങ്ങേറിയത്. അതിന്റെ പരിണിത ഫലം ഒരു ചെറു സംഭവത്തിലൂടെ മുമ്പ് എഴുതിയത് ആവര്‍ത്തിക്കട്ടേ. ചിലവ നൂറ്റാണ്ട് ആവര്‍ത്തി ചെയ്താലേ ഫലമുണ്ടാവൂ.

എണ്‍പതുകളുടെ തുടക്കം. അമേരിക്കന്‍ പന്നികര്‍ഷകരുടെ ഇടയിലേക്ക് ഒരു വലിയ ഓഫര്‍ വന്നു. ചെറിയ ഫാമുകളിലും കൃഷിയിടങ്ങളിലും പന്നിവളര്‍ത്തല്‍ ആദായകരമായി നടത്തിയിരുന്ന കാലം. ഫാമില്‍ തന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാകുമ്പോള്‍ തൊട്ടടുത്തുള്ള സംഭരണകേന്ദ്രത്തിലേക്കോ ഏറ്റവും അടുത്തുള്ള ടൗണിലോ അവയെ വില്‍ക്കും. വേണ്ട സാധനങ്ങള്‍ വാങ്ങി തിരികെപ്പോരും.

ഇതിനിടയിലേക്കാണ് വലിയൊരു ഓഫറുമായി ഒരു കമ്പനി എത്തിയത്. നിങ്ങളുടെ ഫാമില്‍ വന്ന് പന്നികളെ ഞങ്ങള്‍ നേരിട്ടെടുത്തോളാം. മാര്‍ക്കറ്റിലെ വില തരാം. അടുത്ത വര്‍ഷം ഓഫര്‍ കുറച്ചുകൂടി നല്ലതായിരുന്നു. പെട്ടെന്ന് വളരുന്ന പന്നിക്കുഞ്ഞുങ്ങളെ ഞങ്ങള്‍ തരാം. വേണ്ട തീറ്റയും മരുന്നും തരും. രോഗപ്രതിരോധ കുത്തിവയ്പ്പുകളും എടുത്തു തരും. നിങ്ങള്‍ ഫാമില്‍ അവയെ പരിപാലിച്ച് വളര്‍ത്തിയാല്‍ മതി. ഇറച്ചി ഞങ്ങള്‍ എടുത്തോളാം, ഇപ്പോഴുള്ള വിലയില്‍. നെട്ടോട്ടമോടേണ്ട കാര്യമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം എത്ര നല്ല ഓഫര്‍.

നാട്ടിലെ ഇടത്തരം കടക്കാരുമായി വിലപേശേണ്ടതില്ല. തീറ്റയ്ക്കും ഡോക്ടര്‍ക്കുമായി പരക്കം പായേണ്ട. ആ വര്‍ഷവും നല്ല ലാഭം കര്‍ഷകര്‍ക്കുണ്ടായി. മൂന്നാം വര്‍ഷം കളിമാറി. മുന്‍പുണ്ടായിരുന്നതിന്റെ പാതി വിലയേ നല്‍കിയുള്ളൂ. ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പൊതു മാര്‍ക്കറ്റിലും വില കുറഞ്ഞിരുന്നതിനാല്‍ കര്‍ഷകര്‍ സഹിച്ചു. നാലാം വര്‍ഷം തുക വീണ്ടും കുറഞ്ഞു.കര്‍ഷകര്‍ പ്രതിഷേധിച്ചു.

ഞങ്ങള്‍ നല്‍കുന്നില്ല, പുറത്ത് കൊടുത്തുകൊള്ളാം എന്ന് കര്‍ഷകര്‍. ശരിയെന്ന് കമ്പനിയും. തങ്ങളുടെ പഴയ ഫാം ട്രക്കറുകളില്‍ പഴയ ചെറുകിട വ്യാപാരികളെത്തേടി കര്‍ഷകര്‍ ഇറങ്ങി. പക്ഷേ പഴയ ചില്ലറ കടകളെല്ലാം പൂട്ടിപ്പോയിരുന്നു. ടൗണിലെ കടക്കാരും മറ്റു കച്ചവടത്തിലേക്ക് തിരിഞ്ഞു.സമാന്തരമായുണ്ടായിരുന്ന എല്ലാ ഇറച്ചിവില്‍പ്പന ശാലകളും പൂട്ടിപ്പോയി.കര്‍ഷകര്‍ക്ക് എല്ലാ നഷ്ടവും സഹിച്ച് ഇറച്ചി കമ്പനിക്ക് വില്‍ക്കേണ്ടി വന്നു.സങ്കര ഇനത്തില്‍പ്പെട്ട ഈ പന്നിക്കുഞ്ഞുങ്ങളെ കമ്പനിയുമായി ധാരണയില്ലാതെ വളര്‍ത്തിയവര്‍ക്കെതിരെ കേസുകള്‍ വന്നു. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചതിന്.

ഈ സംഭാഷണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞാണ് അര്‍ജന്റീനയിലെ കര്‍ഷകര്‍ കോഴികളേയും പന്നികളേയും ബ്യുനോസ് അയേഴ്‌സിലെ തെരുവുകളില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. കേരളത്തില്‍ കൊക്കോയുടെ തുടര്‍ച്ചയായി പല ഉത്പന്നങ്ങള്‍ വന്നു. അതിലൊന്നായിരുന്നു വാനില. വാനില കൃഷി ചെയ്ത് പണം വാരിയവര്‍ തമ്പലക്കാട് കാഞ്ഞിരപ്പള്ളി പ്രദേശത്തുണ്ട്. അക്കാലത്ത് പോലീസ് സ്റ്റേഷനില്‍ വാനിലത്തണ്ട് കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് അടക്കം പറച്ചിലുണ്ടായിരുന്നു.

വികസിത രാജ്യങ്ങളെ വിട്ട് നമ്മുടെ നാട്ടിലേയ്ക്ക് വന്നാല്‍, ഭൂമി മുഴുവന്‍ പത്തോ ഇരുപതോ ശതമാനം ആളുകളുടെ കൈവശമാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രീതിയാണ് കേരളം പോലുള്ള സ്ഥാപനങ്ങള്‍ ഒഴികെയുള്ളയിടങ്ങളില്‍ നിലവിലുള്ളതും. ഭൂമിയൊരാളുടെ പാടത്ത്, കൃഷിയിറക്കുന്നവര്‍ മറ്റൊരാള്‍, പണിയെടുക്കുന്നത് മൂന്നാമതൊരാള്‍.

ഈ ഇടത്തിലാണ് ഭൂവുടമയും കോര്‍പ്പറേറ്റ് മുതലാളിയും തമ്മില്‍ കരാറുണ്ടാക്കുക, ആ കരാറില്‍ ആദ്യകാലങ്ങളില്‍ മൂന്നു കൂട്ടരുടേയും താല്പര്യം സംരക്ഷിക്കും.കോര്‍പ്പറേറ്റ് രീതിയതാണ്. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ വ്യവസ്ഥയെ സമൂഹം അംഗീകരിക്കും എന്ന നില വരുമ്പോള്‍ അവര്‍ തനി സ്വരൂപം കാണിക്കും.

ലോകത്തെല്ലായിടത്തും ഇത് നമ്മള്‍ കണ്ടിട്ടുള്ളവരാണ്. അവിടൊക്കെ ഭൂവുടമകളുടെ താല്പര്യം ഒരു പരിധിവരെ സംരക്ഷിക്കപ്പെടാം. പക്ഷെ കൃഷിയിറക്കുന്നവനും, ചേറില്‍ പണിയെടുക്കുന്നവനും പഴയ കോരന്റെ കുമ്പിള്‍ കൂട്ടാന്‍ പഠിക്കേണ്ടി വരും. ഇതില്‍ ഏറ്റവും ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടി വരുന്നത് കര്‍ഷ തൊഴിലാളികള്‍ക്കാണ്, കൂലിക്ക് പണിയെടുക്കുന്നവര്‍ക്ക്. ഹരിയാനക്കാര്‍ക്ക് ഇത് കൃത്യമായി മനസിലായി, പഞ്ചാബികള്‍ക്കും.

ബ്രിട്ടീഷുകാര്‍ നീലം കൃഷിയ്ക്കും തേയില കൃഷിയ്ക്കും ഉണ്ടാക്കിയതിന്റെ പുതുമുഖമാണ് കോര്‍പ്പറേറ്റ് ഫാമിങ്ങ്. ഇതിലൂടെ ആദ്യ വര്‍ഷങ്ങളില്‍ വില നിലവാരത്തില്‍ വലിയ മാറ്റമുണ്ടാവില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും. മൂന്നാം ലോക രാജ്യങ്ങളില്‍ പാവപ്പെട്ട സായ്പ്പുമാര്‍ ടൂറിസ്റ്റുകളായി വരുന്നതു തന്നെ നമ്മുടെ നാട്ടില്‍ ആഹാരത്തിന് ഒട്ടും ചെലവില്ല എന്നതുകൊണ്ടാണ്.

ഇന്ത്യ, ബംഗ്ലാദേശ്,ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ 1950കളിലെ ഭക്ഷ്യദൗര്‍ലഭ്യത്തെത്തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താന്‍ കൊണ്ടുവന്ന നിയമങ്ങളാണ് നമ്മുടെ രാജ്യത്ത് അര്‍ത്ഥരഹിതമാകുന്നത്. കൃഷിയേയും കര്‍ഷകരേയും ഉദ്ധരിക്കുന്നതായി പറയുന്ന പുതിയ പാക്കേജ് മൂന്ന് നിയമങ്ങളിലൂടെയാണ് നടപ്പാക്കുക. ആദ്യം ഭക്ഷ്യ ഉല്പങ്ങള്‍ സംഭരിക്കുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന നിയമം.

രണ്ടാമത്തേത് കാര്‍ഷിക ഉല്പാദന മാര്‍ക്കറ്റ് കമ്മിറ്റികളുടെ (എ.പി.എം.സി)അധികാരമില്ലാതാക്കി, കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാനും വില്ക്കാനും ആര്‍ക്കും അധികാരം നല്‍കുന്ന നിയമം. (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ട്രേഡ് ആന്റ് കൊമേഴ്‌സ് പ്രൊമോഷന്‍ & ഫെസിലിറ്റേഷന്‍ നിയമം). മൂന്നാമതായി കൃഷിയിടങ്ങളില്‍ കരാര്‍ കൃഷി നിയമവിധേയമാക്കുന്നതിനായി വില ഉറപ്പാക്കാന്‍ നിയമം.

ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ അവതരിപ്പിക്കുന്ന കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട മൂന്നു നിയമങ്ങളും പലയാവര്‍ത്തി വായിക്കണം. സത്യസന്ധമായി ജനപക്ഷത്തുനിന്ന് പാര്‍ലമെന്റില്‍ അഭിപ്രായങ്ങള്‍ പറയണം. വേണ്ട തിരുത്തലുകള്‍ വരുത്തണം.

ഇല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനായി ഇന്ത്യയിലെ ബഹു ഭൂരിപക്ഷ ജനങ്ങളും നെട്ടോട്ടം ഓടും. അത് ഒടുക്കം അത് നടപ്പാക്കിയവരുടെ നെഞ്ചത്തേയ്ക്ക് ഇരച്ചു കയറും. അത് താങ്ങാവുന്നതിലും അധികമാണ്. സാധാരണക്കാരുടെ ജീവനോപാധിയായ കാര്‍ഷിക വിപണന ശൃംഖല ഇല്ലാതാവും.പകരം സ്വന്തം പുരയിടത്തിലെ അടിമപ്പണിക്കാരും സ്വന്തം കടയിലെ കൂലിപ്പണിക്കാരനുമായി പാവപ്പെട്ടവന്‍ മാറും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How Centre’s new Farm Bill will affect farmers and the entire Indian population – Explained

മനോജ് കുമാര്‍ കെ

മുന്‍ അഡീഷണല്‍ ഡയറക്ടകര്‍, പി.ആര്‍.ഡി കേരള

We use cookies to give you the best possible experience. Learn more