| Friday, 20th October 2017, 3:53 pm

നിശബ്ദരായിരിക്കാന്‍ ആര്‍ക്കാണ് അവകാശം; കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് പി.രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 18 വയസ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വോട്ടവകാശം ഉള്ള രാജ്യത്ത് വിദ്യാര്‍ത്ഥിക്ക് കാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്ന് പി.രാജീവ്. കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി വീണ്ടും രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാമ്പസുകള്‍ പഠിക്കാനുള്ളതാണ്, ഫാക്ടറികള്‍ ഉല്‍പ്പാദനം നടത്താനുള്ളതാണ് , തെരുവുകള്‍ നടക്കാനുള്ളതാണ് അവിടെയൊന്നും രാഷ്ട്രീയം പാടില്ല എന്ന കൊളോണിയല്‍കാല വാദം വീണ്ടും ആധുനിക കേരളത്തില്‍ നിന്നും ആധികാരികമായി ഉയരുന്നെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം വേണമെങ്കില്‍ പഠനം ഉപേക്ഷിക്കണമെന്നു വരെ നീതിപീഠം പറയുന്നു18 വയസ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വോട്ടവകാശം ഉള്ള രാജ്യത്ത് വിദ്യാര്‍ത്ഥിക്ക് കാമ്പസ്സില്‍ രാഷ്ട്രീയം വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. അദ്ദേഹം ചോദിക്കുന്നു.


Also Read രക്ഷിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല; കലാലയ രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി


അഭിപ്രായം പറയാനും സംഘം ചേരാനും പ്രതിഷേധിക്കാനും ഭരണഘടന പ്രകാരം പൗരന് മൗലികാവകാശമുള്ള രാജ്യത്ത് അതു സംരക്ഷിക്കലും ഉയര്‍ത്തിപ്പിടിക്കലുമാണ് കോടതികളുടെ ഉത്തരവാദിത്തം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ കുറവുകളുണ്ടെങ്കില്‍ അവ തിരുത്തപ്പെടേണ്ടതുണ്ട്. അത്തരം ഘട്ടങ്ങളില്‍ സര്‍ക്കാരും കോടതിയും ഇടപ്പെടേണ്ടി വരാം. എന്നാല്‍, അതിന്റെ പേരില്‍ കാമ്പസുകള്‍ നിശബ്ദ വിധേയ ഇടങ്ങളാക്കണമെന്ന് ആജ്ഞാപിക്കാന്‍ എങ്ങനെയാണ് കഴിയുകയെന്നും രാജീവ് ചോദിക്കുന്നു.

വിദ്യാര്‍ത്ഥി എന്തു പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും തീരുമാനിക്കുന്നത് രാഷട്രീയമായാണ്. ആ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അനിവാര്യ ഘടകമാണ്.വിദ്യാര്‍ത്ഥി രാഷട്രീയം അന്യമാക്കപ്പെട്ട പല കാമ്പസ്സുകളും അരാജകത്വത്തിന്റെ കേന്ദ്രങ്ങളാണ്. വിദ്യാര്‍ത്ഥി സംഘടനകളെ രാഷ്ട്രീയത്തിന്റെ പേരില്‍ പുറത്തു നിര്‍ത്തുന്നവര്‍ വര്‍ഗ്ഗീയ സംഘടനകളെ മതത്തിന്റെ പേരില്‍ കാമ്പസ്സില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമുണ്ടെന്നും രാജീവ് വ്യക്തമാക്കി.


Also Read മേഘാലയയില്‍ ഗോവധ നിരോധനമില്ല; അടവ് മാറ്റി ബി.ജെ.പി


അതിവേഗത്തില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുകയും വര്‍ഗീയവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന വിദ്യാഭ്യാസ മേഖലയില്‍ ജൈവവും സര്‍ഗാത്മകവുമായ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലക്കാത്ത പോരാട്ടങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്. എല്ലാത്തിനെയും ചരിത്രവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കലുമാണ് ഇന്നിന്റെ കടമയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

We use cookies to give you the best possible experience. Learn more