മുംബൈ: വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അറിവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേന.
സര്‍ക്കാരിന് എങ്ങനെ വിഷയത്തില്‍ ഒന്നുമറിയില്ലെന്ന് പറയാനാകുമെന്ന് ശിവസേന ചോദിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് മല്ല്യയുടെ വിഷയത്തിലുള്ള കേന്ദ്ര നിലപാടിനെതിരെ ശക്തമായ എതിര്‍പ്പുമായി ശിവസേന രംഗത്തെത്തിയത്.
”പ്രതിപക്ഷം എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ കേന്ദ്രം പറയും ഒരു വിവരവും ലഭ്യമല്ല എന്ന്. കോടതി എന്തെങ്കിലും വിഷയത്തില്‍ വിവരങ്ങള്‍ തേടിയാല്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറയും ഒന്നുമറിയില്ലെന്ന്. എത്ര തവണയാണ് ഒന്നുമറിയില്ലെന്ന് സര്‍ക്കാര്‍ പറയാന്‍ പോകുന്നത്”, ശിവസേനയുടെ മുഖപത്രം ചോദിക്കുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സുശാന്ത് സിങ് രജ്പുതുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിന്റെ എല്ലാ വിശദാംശങ്ങളുമറിയാം. ഹാത്രാസ് കേസിലെ ഗൂഢാലോചനയെക്കുറിച്ചും എല്ലാം അറിയാം. പക്ഷേ കോടികള്‍ അപഹരിച്ച് വിദേശത്തേക്ക് കടന്ന മല്ല്യയെക്കുറിച്ച് ഒന്നുമറിയില്ല. സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
ഒക്ടോബര്‍ അഞ്ചിന് മല്ല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ തേടിയ സുപ്രീം കോടതിയോട് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് യു.കെയില്‍ നടക്കുന്ന രഹസ്യ നടപടികളെക്കുറിച്ച് ധാരണയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ അറിയിച്ചത്.
മല്ല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യു.കെയിലെ പരമോന്നത നീതിപീഠം ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെയായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു.
” യു.കെ കോടതിയിലെ നടപടികളെക്കുറിച്ച് സര്‍ക്കാറിന് അറിവില്ല. വിജയ് മല്ല്യയെ നാടുകടത്താനുള്ള ഉത്തരവിട്ട കോടതി വിധിയില്‍ സര്‍ക്കാര്‍ കക്ഷിയുമല്ല” എന്നായിരുന്നു തുഷാര്‍ മേത്തയുടെ പ്രതികരണം.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന നടപടികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് തേടിയത്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 2ന് കോടതി വീണ്ടും വാദം കേള്‍ക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക