ആരോഗ്യ പ്രശ്‌നം പറഞ്ഞ് ജാമ്യം വാങ്ങിയ ഭീകരവാദക്കേസ് പ്രതിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി, ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: ഉമര്‍ അബ്ദുള്ള
D' Election 2019
ആരോഗ്യ പ്രശ്‌നം പറഞ്ഞ് ജാമ്യം വാങ്ങിയ ഭീകരവാദക്കേസ് പ്രതിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി, ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: ഉമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th April 2019, 5:24 pm

ശ്രീനഗര്‍: മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാസിങ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിയ്‌ക്കെതിരെയുള്ള വിമര്‍ശനം തുടരുന്നു.

ഭീകരവാദക്കേസില്‍ വിചാരണ നേരിടുന്നയാളെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് പ്രഗ്യാസിങ്ങിന് ജാമ്യം കിട്ടിയത്. പക്ഷെ ജയിലില്‍ കിടക്കാന്‍ ആരോഗ്യമില്ലാത്ത പ്രഗ്യാസിങ്ങിന് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമെന്നും ഉമര്‍ അബ്ദുള്ള ചോദിച്ചു.

ബി.ജെ.പിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഉമര്‍ അബ്ദുള്ള പറഞ്ഞു.

എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രഗ്യാസിങ് താക്കൂറിന് 2017ലാണ് ജാമ്യം ലഭിച്ചത്. പ്രഗ്യയ്ക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.