ജയ്പൂര്‍: ചരിത്രപുസ്തകത്തില്‍ തിരുത്തല്‍ വരുത്തണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍. 1576ല്‍ നടന്ന ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ ജയിച്ചത് അക്ബറല്ല റാണാ പ്രതാപ് ആണെന്ന തരത്തില്‍ ചരിത്രപുസ്തകം തിരുത്തണമെന്നാണ് ഇവര്‍ പറയുന്നത്.
ബി.ജെ.പി നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ (ഇപ്പോള്‍ ആരോഗ്യമന്ത്രി) വസുദേവ് ദേവ്‌നാനിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
മുഗള്‍ രാജാവായിരുന്ന അക്ബറും മേവാര്‍ ഭരണാധികാരിയായിരുന്ന റാണാ പ്രതാപും തമ്മില്‍ നടന്ന യുദ്ധമായിരുന്നു ഹാല്‍ദിഗാട്ടി. യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങി റാണാ പ്രതാപ് തെക്കന്‍ മേവറിലേക്കു പോയതിനാല്‍ വിജയി ആരായിരുന്നു എന്ന് ചരിത്രം പറയുന്നില്ലെന്നാണ് സതീഷ് ചന്ദ്രയെപ്പോലുള്ള ചരിത്രവിഗദ്ധര്‍ അവരുടെ പുസ്തകങ്ങളില്‍ പറയുന്നത്.
എന്നാല്‍ ഇത് സത്യമല്ലെന്നും യുദ്ധത്തില്‍ റാണാ പ്രതാപാണ് ജയിച്ചതെന്നുമാണ് ഇവരുടെ വാദം. ഇതനുസരിച്ച് കോളജുകളിലെയും സ്‌കൂളുകളിലെയും ചരിത്രപുസ്തകത്തില്‍ മാറ്റംവരുത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞയാഴ്ച യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗവും ബി.ജെ.പി എം.എല്‍.എയുമായ മോഹന്‍ലാല്‍ ഗുപ്ത റാണാ പ്രതാപിനെ യുദ്ധത്തില്‍ വിജയിയാക്കി ചരിത്രപുസ്തകം തിരുത്തണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റിക്കു മുമ്പാകെ വെച്ചിരുന്നു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ആക്ടിങ് വൈസ് ചാന്‍സലര്‍ രാജേശ്വര്‍ സിങ് ഈ നിര്‍ദേശം അംഗീകരിക്കുകയും വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു.
നേരത്തെ അക്ബറിന്റെ പേരിനൊപ്പം “മഹാനായ” എന്നു ചേര്‍ത്തത് വെട്ടിമാറ്റാന്‍ ദേവ്‌നാനി നിര്‍ദേശിച്ചിരുന്നു. ഇതാദ്യമായല്ല ബി.ജെ.പി മഹാറാണാ പ്രതാപിന് പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുന്നത്. അക്ബറിനെ മഹാനായ അക്ബര്‍ എന്നു വിളിക്കുന്നുണ്ടെങ്കില്‍ റാണാ പ്രതാപിനെ മഹാനായ മഹാറാണാ പ്രതാപ് എന്നു വിളിക്കണമെന്ന് 2015 മെയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.