| Wednesday, 19th June 2024, 12:56 pm

ഭീഷണിപ്പെടുത്തല്‍, മര്‍ദനം; വോട്ടര്‍മാരെ 'തോക്കിന്‍മുനയില്‍' നിര്‍ത്തി യു.പിയില്‍ ബി.ജെ.പി സീറ്റുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും കടുത്ത ആഘാതം ലഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഉത്തര്‍പ്രദേശ്. മറ്റേത് തോല്‍വിയേക്കാളും ബി.ജെ.പിയെ ഞെട്ടിച്ചതും യു.പിയിലെ തോല്‍വി തന്നെയായിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ മുന്നേറ്റം ചെറുതായൊന്നുമല്ല ബി.ജെ.പിയെ തളര്‍ത്തിയത്. മാത്രമല്ല ബി.ജെ.പിയുടെ എക്കാലത്തേയും വലിയ അജണ്ടയായ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയ അയോധ്യയില്‍ പോലും ബി.ജെ.പി തോറ്റത് പാര്‍ട്ടിയെ ചെറുതായൊന്നുമല്ല പിടിച്ചു കുലുക്കിയത്.

യു.പിയില്‍ ബി.ജെ.പി വളരെ ചെറിയ മാര്‍ജിനില്‍ വിജയിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇവിടെയൊക്കെ എങ്ങനെയാണ് ബി.ജെ.പി വിജയിച്ചതെന്ന് പറയുകയാണ് ഇവിടുത്തെ പ്രദേശവാസികള്‍. പല മണ്ഡലങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി വലിയ അക്രമം നടത്തിയെന്നും ഭീഷണികള്‍ മുഴക്കിയെന്നുമാണ് ഇവര്‍ പറയുന്നത്. ദി സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തിലാണ് യു.പിയില്‍ നേരിയ മാര്‍ജിനില്‍ ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിലെ ഉള്ളുകളികള്‍ പുറത്തുവന്നത്.

ബി.ജെ.പി വെറും 2,678 വോട്ടുകള്‍ക്ക് വിജയിച്ച ഫറൂഖാബാദില്‍, തങ്ങളെ വോട്ടുചെയ്യുന്നതില്‍ നിന്ന് ബി.ജെ.പിക്കാര്‍ തടഞ്ഞുവെന്നാണ് സമാജ്വാദി പാര്‍ട്ടി അനുഭാവികള്‍ ആരോപിക്കുന്നത്. ഇവരുടെ ഈ ആരോപണം ശരിവെക്കുന്ന വോട്ടിങ് ഡാറ്റകളാണ് ഇവിടെ നിന്നും പുറത്തുവന്നതും.

മെയ് 13ന് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ വോട്ടെടുപ്പ് നടക്കുന്നുകൊണ്ടിരിക്കെ ഖിരി പമാരന്‍ ഗ്രാമത്തില്‍ കള്ളവോട്ട് നടന്നതായി സമാജ്‌വാദി പാര്‍ട്ടി ആരോപച്ചിരുന്നു.

ആറ് ദിവസത്തിന് ശേഷം ഒരു ബി.ജെപി പ്രവര്‍ത്തകന്റെ മകന്‍ പാര്‍ട്ടിക്ക് അനുകൂലമായി എട്ട് വോട്ടുകള്‍ രേഖപ്പെടുത്തുന്ന വീഡിയോ പുറത്തുവരികയും ചെയ്തു. ഈ ദൃശ്യം പുറത്തുവരുന്നതുവരെ കള്ളവോട്ട് നടന്നെന്ന പരാതി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. സംഭവത്തിന് പിന്നാലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗ്രാമത്തില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ടു.

തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നതിന് ഈയൊരു ഉദാഹരണം മാത്രമല്ല ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം തന്നെ അതിനൊരു തെളിവായിരുന്നു. യു.പിയിലെ ഫറൂഖാബാദില്‍ 2,678 വോട്ടുകളുടെ മാര്‍ജിനിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. 10 ലക്ഷത്തിലധികം വോട്ടുകളാണ് ഈ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇവിടെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നാണ് ആളുകള്‍ പറയുന്നത്.

മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ വോട്ട് ചെയ്യുന്നതില്‍ നിന്നും എങ്ങനെയൊക്കെ ഭീഷണിപ്പെടുത്തി പിന്മാങ്ങിപ്പിച്ചു എന്ന് വോട്ടര്‍മാര്‍ ദി സ്‌ക്രോളിനോട് പറയുന്നുണ്ട്.

പോളിങ് ബൂത്തുകളില്‍ നിന്ന് പലരേയും ആട്ടിയോടിച്ചു. വോട്ട് ചെയ്തവരെ തന്നെ മര്‍ദ്ദിച്ചു. അവരില്‍ ഭൂരിഭാഗവും ശാക്യ, യാദവ വോട്ടര്‍മാരായിരുന്നു, അവര്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ വന്നവരായിരുന്നു, വോട്ടര്‍മാര്‍ പറയുന്നു.

മംഗദ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഠാക്കൂറുകള്‍ തങ്ങളെ വോട്ട് ചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായി പരശുപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ കര്‍ഷകന്‍ അശോക് യാദവ് പറയുന്നു. അവര്‍ ബി.ജെ.പിക്കാരായിരുന്നു. ‘ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും അവര്‍ക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ മാത്രമേ തിരിച്ച് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു. വയലില്‍ നിന്ന് ചില വെടിയൊച്ചകളും ഞങ്ങള്‍ കേട്ടു. വഴങ്ങാതിരുന്ന എനിക്ക് മര്‍ദനമേറ്റു. മൂന്ന് ആഴ്ചയോളം ഞാന്‍ ആശുപത്രിയിലായിരുന്നു. വാരിയെല്ലിന് വലിയ പരിക്ക് പറ്റി, അദ്ദേഹം പറഞ്ഞു.

ഇവര്‍ പറയുന്നതിനെ സാധൂകരിക്കുന്ന കണക്കുകളാണ് ഈ മണ്ഡലത്തില്‍ നിന്നും പുറത്തുവന്നതും. അയല്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് ഇവിടെ പോളിങ് ശതമാനം വളരെ കുറവായിരുന്നു, മുന്‍ തെരഞ്ഞെടുപ്പുകളില്‍ രേഖപ്പെടുത്തിയ അത്ര പോളിങ് ശതമാനം ഇത്തവണ ഉണ്ടായിരുന്നില്ല. കുറഞ്ഞ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് മാത്രമല്ല രേഖപ്പെടുത്തിയ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലവുമായിരുന്നു.

500 വോട്ടര്‍മാരുള്ള യു.പിയിലെ മറ്റൊരു ഗ്രാമത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. എറ്റാ ജില്ലയിലെ അലിഗഞ്ച് ബ്ലോക്കിലാണ് നഗ്ല ഭാഗു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏകദേശം ആയിരത്തോളം നിവാസികളുണ്ട്, അവരില്‍ ഭൂരിഭാഗവും ശാക്യകളാണ്. ഉരുളക്കിഴങ്ങും ചോളവും കൃഷി ചെയ്യുന്നവരാണ് ഇവര്‍.

ഗ്രാമത്തില്‍ രജിസ്റ്റര്‍ ചെയ്ത 500 വോട്ടര്‍മാരുണ്ട്. എന്നാല്‍ അവരില്‍ ഒരാള്‍ക്കും മെയ് 13 ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഗ്രാമീണര്‍ സ്‌ക്രോളിനോട് പറഞ്ഞു. വര്‍ഷങ്ങളായി, ഈ ഗ്രാമത്തിലെ നിവാസികള്‍ അയല്‍ ഗ്രാമമായ കദരഗഞ്ചിലെ ഒരു പോളിംഗ് ബൂത്തിലാണ് വോട്ട് ചെയ്യുന്നത്.

വോട്ടെടുപ്പ് ദിവസം പുലര്‍ച്ചെ 5.30 ഓടെ നഗ്ല ഭാഗു നിവാസികളായ രഘുവീര്‍ സിംഗ്, കൃഷ്ണ മുരാരി, രമേഷ് എന്നിവരും അവരുടെ ആറ് സുഹൃത്തുക്കളും കദരഗഞ്ചില്‍ വോട്ട് ചെയ്യാനെത്തി. മുരാരിയെയും രമേശിനെയും കദരഗഞ്ച് പോളിംഗ് സ്റ്റേഷനില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോളിംഗ് ഏജന്റുമാരായി നിയമിച്ചിരുന്നു. എന്നാല്‍ ഇവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിന് അനുവദിച്ചില്ല.

ബി.ജെ.പി പ്രവര്‍ത്തകനായ ധീരേന്ദ്ര രാജ്പുത് തങ്ങളില്‍ നിന്ന് ഫോമുകള്‍ തട്ടിയെടുത്തെന്നും ആരേയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു.

പോളിംഗ് ബൂത്തില്‍ വലിയ വാക്കേറ്റമുണ്ടായി, സിംഗ്, മുരാരി, രമേഷ് എന്നിവര്‍ അതിനെ അവഗണിച്ച് വോട്ട് ചെയ്തു. ഞങ്ങള്‍ക്കും ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യണമെന്ന് പറഞ്ഞെങ്കിലും അവര്‍ അതിന് അനുവദിച്ചില്ല, ഇവര്‍ പറഞ്ഞു.

എന്നാല്‍ കദരഗഞ്ചിലെ ബി.ജെ.പിയുടെ ബൂത്ത് കമ്മിറ്റി അംഗമായ രജ്പുത്തും ജാതിപ്രകാരം ലോധിയും പ്രദേശവാസികളുടെ ഈ ആരോപണം നിഷേധിച്ചു.

കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈ വെട്ടിക്കളയുമെന്നുമുള്‍പ്പെടെയുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ നേരിടേണ്ടി വരുന്നത്. യുദ്ധം ചെയ്യാനല്ല വോട്ട് ചെയ്യാനാണ് വന്നതെന്ന് പറഞ്ഞ് മടങ്ങാനേ തങ്ങള്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ എന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

ഒറ്റയ്ക്കും കൂട്ടായും പോളിങ് സ്‌റ്റേഷനിലേക്ക് പോകാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. കാരണം ജീവന്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു പലയിടത്തും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പലയിടത്തും അത് ലഭിച്ചിട്ടില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു.
ബ്രിട്ടീഷ് രാജിനെക്കാള്‍ വലിയ സ്വേച്ഛാധിപത്യത്തെയാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

ബി.ജെ.പി പ്രവര്‍ത്തകനായ മുകേഷ് രാജ്പുത് 2014 മുതല്‍ ഫറൂഖാബാദില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. പാര്‍ട്ടി അദ്ദേഹത്തെ 2024-ല്‍ വീണ്ടും മത്സരിപ്പിച്ചു. അദ്ദേഹം വിജയിച്ചെങ്കിലും, 2019-ല്‍ 2 ലക്ഷം വോട്ടുകള്‍ നേടിയ അദ്ദേഹത്തിന്റെ മാര്‍ജിന്‍ ഇത്തവണ വെറും 2,678 വോട്ടുകളായി ചുരുങ്ങി.

2019 ല്‍ ഞങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പിക്ക് വോട്ട് ചെയ്തപ്പോള്‍ ലോധികള്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. എന്നാല്‍ ഇത്തവണ അവര്‍ ഞങ്ങളുടെ ആത്മാഭിമാനത്തെ ആക്രമിച്ചു, കാരണം ഞങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു, വോട്ടറായ രാജേന്ദ്ര സിങ് പറയുന്നു. റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ത്ഥികളുമായി പങ്കിട്ട ബൂത്ത് ലെവല്‍ ഡാറ്റ അനുസരിച്ച്, ഇവിടെ രജിസ്റ്റര്‍ ചെയ്ത 1,237 വോട്ടര്‍മാരുണ്ട്, എന്നാല്‍ 689 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത് അതായത് 55.6% പോളിംഗ്.

മുന്‍ തെരഞ്ഞടുപ്പുകളെ അപേക്ഷിച്ച് പോളിങ് ശതമാനം വളരെ കുറവാണ്. കദരഗഞ്ച് പോളിംഗ് കേന്ദ്രത്തില്‍ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 84.9%, ആണ് രേഖപ്പെടുത്തിയ വോട്ടിങ്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ 78.3%, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 86.7% എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായ ഔദ്യോഗിക ബൂത്ത് ലെവല്‍ ഡാറ്റ.

വോട്ടര്‍മാരെ അടിച്ചമര്‍ത്തിയെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിക്കാത്ത സമീപ ഗ്രാമങ്ങളായ ബാനി, അലിയാപൂര്‍, മിഹുത എന്നിവിടങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ ഇത്രയും ഇടിവുണ്ടായിട്ടുമില്ല.

ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സമാജ്വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറഞ്ഞുവെന്നും വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചപിപ്പിക്കുന്നു.

കദരഗഞ്ച് പോളിംഗ് കേന്ദ്രത്തില്‍ ആകെ രേഖപ്പെടുത്തിയ 689 വോട്ടുകളില്‍ ബി.ജെ.പിയുടെ മുകേഷ് രാജ്പുതിന് 659 വോട്ടുകള്‍ ലഭിച്ചതായാണ് ബൂത്ത് ലെവല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗ്ല ഭാഗുവില്‍ ആളുകള്‍ക്ക് സ്വീകാര്യനായിരുന്ന സമാജ്വാദി പാര്‍ട്ടിയുടെ ശാക്യക്ക് 24 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഫാറൂഖാബാദ് തിരഞ്ഞെടുപ്പില്‍ എസ്.പി തോറ്റിട്ടില്ലെന്നും ഇത് ബി.ജെ.പി തട്ടിയെടുത്ത വിജയമാണെന്നും രാജേന്ദ്ര സിങ് പറഞ്ഞു.

അലിഗഞ്ചിലെ മൂന്ന് യാദവ ആധിപത്യ ഗ്രാമങ്ങളായ നാഗ്ല ഗാംഗി, പര്‍സുപൂര്‍, ബിനൗറ എന്നിവിടങ്ങളിലും നാഗ്ല ഭാഗുവിന് സമാനമായ രീതിയിലാണ് ഫലം വന്നത്.

മംഗദ്പൂരിലെ താക്കൂര്‍മാര്‍ അയല്‍ ഗ്രാമങ്ങളിലെ യാദവരെ വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന സംഭവങ്ങളാണ് വോട്ടിങ് ദിവസം സംഭവിച്ചത്.

മെയ് 13 ന് രാവിലെ 9 മണിയോടെ അശോക് യാദവ് എന്ന 40 കാരനായ കര്‍ഷകന്‍ വോട്ട് ചെയ്യുന്നതിനായി പര്‍സുപൂരിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. നാഗ്ല ഗംഗി, ബിനൗറ ഗ്രാമങ്ങളില്‍ നിന്നുള്ള 30 ഓളം പേര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

‘ഞങ്ങള്‍ മംഗദ്പൂര്‍ ഗ്രാമത്തില്‍ എത്തുന്നതിന് തൊട്ടുമുമ്പ്, ഏകദേശം എട്ടോളം ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ ഗ്രാമത്തിലെ താക്കൂര്‍മാര്‍ ആയിരുന്നു അവര്‍. നിങ്ങളെ വോട്ട് ചെയ്യാന്‍ അനുദിക്കില്ലന്ന് പറഞ്ഞു.

കദരഗഞ്ച് പോലെ തന്നെ മംഗദ്പൂര്‍ പോളിംഗ് കേന്ദ്രത്തിലും വോട്ടിംഗ് ശതമാനത്തില്‍ അസാധാരണമായ കുറവുണ്ടായി. 2017-ല്‍ 59.1%, 2019-ല്‍ 65.1%, 2022-ല്‍ 70.1% എന്നിവ രേഖപ്പെടുത്തിയ ഇടത്തു നിന്ന് 2024-ല്‍ ഇത് 47.4% ആയി കുറഞ്ഞു. ഇവിടെയൊക്കെ കുറവ് വന്നത് സമാജ് വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തിലാണ്.

അമൃത്പുത് നിയമസഭാ മണ്ഡലത്തിലെ 283 പോളിംഗ് സ്റ്റേഷനിലും അലിഗഞ്ചിലെ 172 , ഭോജ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 84, 85 എന്നിങ്ങനെ മൂന്ന് പോളിംഗ് സ്റ്റേഷനുകളിലും കള്ളവോട്ട് നടന്നതായി കോടതി തന്നെ കണ്ടെത്തിയിരുന്നു. അലിഗഞ്ച് അസംബ്ലി സെഗ്മെന്റിലെ 377 , 378 , 382 , 338 , 176 പോളിംഗ് സ്റ്റേഷനുകളിലും അട്ടിമറി നടന്നതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരുന്നു.

Content Highlight: How BJP wrested a narrow victory in UP

We use cookies to give you the best possible experience. Learn more