അഗര്‍ത്തല: കാല്‍ നൂറ്റാണ്ടായി സി.പി.ഐ.എം ഭരിച്ചിരുന്ന ത്രിപുരയില്‍ കാവിക്കൊടി പാറിച്ചുകൊണ്ട് അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി തങ്ങളെ പോലും അത്ഭുതപ്പെടുത്തിയ വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയത്. വര്‍ഷങ്ങളായി ത്രിപുരയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയുടെ വിജയത്തിന്റെ നട്ടെല്ലായത്.
നഗരമേഖല കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തിയ മുന്നേറ്റമാണ് ഇത്രവലിയ വിജയം നേടുന്നതിനു പ്രധാനമായ കാരണമായതെന്നാണ് വിലയിരുത്തല്‍. “നമുക്ക് മാറാം” എന്ന മുദ്രാവാക്യമാണ് ത്രിപുരയില്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. തൊഴിലില്ലായ്മ ഉള്‍പ്പെടെ രൂക്ഷമായിരുന്ന ത്രിപുരയിലെ ജനങ്ങള്‍ക്ക് ബി.ജെ.പി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയപ്പോള്‍ അതില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല.
ആദിവാസി മേഖലയിലെ ജനങ്ങള്‍ മാറി ചിന്തിച്ചതാണ് സി.പി.ഐ.എമ്മിന് തിരിച്ചടി നേരിട്ടതിനുള്ള മറ്റൊരു പ്രധാന കാരണം. എക്കാലവും സി.പി.ഐ.എമ്മിനെയാണ് ഇവര്‍ പിന്തുണച്ചിരുന്നത്. ഗോത്രവര്‍ഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്‍ഡിജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) എന്ന തീവ്രസ്വഭാവമുള്ള സംഘടനയുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി മത്സരിച്ചത്. സി.പി.ഐ.എമ്മിനെ ശക്തമായി എതിര്‍ക്കുന്ന സംഘടനയാണ് ഇത്. ആദിവാസി മേഖലകളിലെ ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് ഈ സഖ്യമാണ്.
ബി.ജെ.പിയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നത് ആര്‍.എസ്.എസ് നേതാവ് സുനില്‍ ദിയോധര്‍ ആണ്. സുനില്‍ ചുമതലയേറ്റപ്പോള്‍ ബി.ജെ.പിക്കാര്‍ക്കു പോലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. സി.പി.ഐ.എമ്മും ഇത് ഗൗരവത്തിലെടുത്തില്ല. കഴിഞ്ഞ തവണ 1.4 ശതമാനം വോട്ട് നേടിയിടത്തു നിന്നാണ് ബി.ജെ.പി ഈ കുതിച്ചു ചാട്ടം നടത്തിയത്. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാകട്ടെ ഇത് 5.7 ശതമാനമാനമായിരുന്നു.
കൃത്യമായ പദ്ധതിയൊരുക്കിയാണ് ബി.ജെ.പി ത്രിപുരയില്‍ കളത്തിലിറങ്ങിയത്. സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയ്ക്കായി വിശ്രമം മറന്ന് പ്രവര്‍ത്തിച്ചിരുന്നു. 50 പേര്‍ക്ക് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന കണക്കിനാണ് പ്രചരണം മുന്നേറിയത്. എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവാണ്.
50 ഓളം കേന്ദ്രനേതാക്കളാണ് മാസങ്ങളോളം ത്രിപുരയില്‍ ക്യാമ്പു ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏഴാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം ത്രിപുരയില്‍ നടപ്പിലാക്കുമെന്ന വാഗ്ദാനമാണ് ഇവര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. കേന്ദ്രഭരണം കയ്യിലുള്ളതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പിയെ ജയിപ്പിച്ചാല്‍ കൂടുതല്‍ വികസനവും കേന്ദ്രപദ്ധതികളും കൊണ്ടുവരുമെന്ന പ്രചരണവും ജനങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ചു.
മണിക് സര്‍ക്കാറിനെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളും ബി.ജെ.പിയെ തുണച്ചു. കേന്ദ്ര ഫണ്ട് പാര്‍ട്ടി നേതാക്കള്‍ കൊള്ളയടിക്കുന്നുവെന്നും മണിക് സര്‍ക്കാറിന്റെ ഭരണം അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ഉള്‍പ്പെടെ നേതാക്കളെ മറുകണ്ടം ചാടിക്കുന്ന കുതന്ത്രവും ബി.ജെ.പി പയറ്റി. ഇതുള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ക്കും പ്രചരണത്തിനുമായി വന്‍തോതിലാണ് ബി.ജെ.പി പണമൊഴുക്കിയെന്നാണ് ത്രിപുരയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നത്.
റാം മാധവാണ് ചാക്കിട്ടു പിടുത്തത്തിനും കുതിരക്കച്ചവടത്തിനും ചുക്കാന്‍ പിടിച്ചതത്. അഞ്ച് എം.എല്‍.എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയ സുദീപ് റോയ് ബര്‍മ്മനെ ബി.ജെ.പി തങ്ങളുടെ പാളയത്തിലെത്തിച്ചു. അഗര്‍ത്തലയില്‍ നിന്നും സ്ഥിരമായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു സുദീപ്. നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് അണികളും ബി.ജെ.പിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാര്‍ട്ടി അംഗത്വത്തിന്റെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ബി.ജെ.പിയ്ക്ക് ത്രിപുരയില്‍ ഉണ്ടായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് 15,000 മാത്രമായിരുന്ന ബി.ജെ.പിയുടെ അംഗസംഖ്യ ഇപ്പോള്‍ രണ്ടുലക്ഷമാണ്.
തീവ്രസ്വഭാവമുള്ള വിഘടനവാദ സംഘടനയായ ഐ.പി.എഫ്.ടിയുമായുള്ള സഖ്യത്തിനൊപ്പം ബി.ജെ.പി എങ്ങനെ ത്രിപുരയില്‍ ഭരണം മുന്നോട്ടുപോകുമെന്നാണ് ഇനി അറിയാനുള്ളത്.