പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാള്‍ രാഷ്ട്രീയം കൂടുതല്‍ കുഴഞ്ഞ് മറിയുകയാണ്. ബംഗാള്‍ തലസ്ഥാനത്ത് വെച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് നേരെയുണ്ടായ ആക്രമണം ബംഗാളിലെ തൃണമൂല്‍ സര്‍ക്കാറും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറും തമ്മിലുള്ള കടുത്ത പോരിലേക്ക് വഴി തെളിയിച്ചിരിക്കുന്നു. ബംഗാളിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വരാന്‍ പോകുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്നത് പരിശോധിക്കുകയാണിവിടെ.
ബംഗാളിന്റെ തലസ്ഥാനനഗരമായ കൊല്‍ക്കത്തയ്ക്കടുത്ത് ഡയമണ്ട് ഹാര്‍ബറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെയാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അവസരമായി എടുത്തിരിക്കുന്നത്. ബംഗാളിലെ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഉടന്‍ തന്നെ ഡല്‍ഹിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ ഇടപെടല്‍ നിയമപരമല്ല, അതനുസരിക്കുന്ന പ്രശ്നമില്ല എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉടന്‍തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
ജെ.പി നദ്ദ
ഇതിനെ തുടര്‍ന്ന് ജെ.പി നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സംസ്ഥാന കേഡറിലെ മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടേഷനില്‍ വരാന്‍ ഉത്തരവിട്ടിരിക്കുകയാണ്. തൃണമൂല്‍ ഇതിനെതിരെയും രംഗത്തുവന്നു കഴിഞ്ഞു.
അതേ സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ബംഗാളിലെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍, സംസ്ഥാനത്തെ ക്രമസമാധാന നില ഇപ്പോഴല്ല മുമ്പേ തന്നെ തകര്‍ന്നതാണെന്ന പരസ്യപ്രസ്താവന നടത്തുകയും ആ രീതിയില്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും രൂക്ഷമായ ഒരു കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്കാണ് ഇത് നീങ്ങുന്നത്. സമാനമായ രീതിയില്‍ തന്നെ മമതയും മോദി സര്‍ക്കാറും പരസ്പരം പോരടിച്ച അനേകം സന്ദര്‍ഭങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു. ആധാര്‍, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ നടപടികളെ തങ്ങള്‍ അനുസരിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച് ഫെഡറല്‍ ജനാധിപത്യത്തിന്റെ സവിശേഷാധികാരത്തെ മമത പല തവണ മുറുകെ പിടിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ മമതയും മോദി സര്‍ക്കാറും തമ്മില്‍ പോരടിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. അന്ന് ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ. സംഘം എത്തിയപ്പോള്‍ സംസ്ഥാനത്തുണ്ടായത് വലിയ കോലാഹലങ്ങളായിരുന്നു. അന്ന് ബംഗാള്‍ പൊലീസ് വന്ന് സി.ബി.ഐ ഉദ്യോഗസ്ഥരെ ഉപരോധിക്കുകയും സി.ബി.ഐ. സംഘത്തിലെ ചിലരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. മമത ബാനര്‍ജി നേരിട്ട് തന്നെയാണ് അന്ന് കേന്ദ്രത്തിനെതിരെ സത്യാഗ്രഹം നടത്തിയത്.
മമതാ ബാനര്‍ജി
ബി.ജെ.പി. അധ്യക്ഷന്റെ യാത്രയ്ക്ക് നാല് സൂപ്രണ്ടുമാരുടെയും എട്ട് ഡി.വൈ.എസ്.പി.മാരുടെയും 70 എസ്.ഐ.മാരുടെയും നേതൃത്വത്തില്‍ എഴുന്നൂറോളം സുരക്ഷാഭടന്മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നുവെന്നും ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കേസെടുത്തെന്നും ഏഴുപേരെ അറസ്റ്റ് ചെയ്തെന്നുമാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. ബി.ജെ.പി. അധ്യക്ഷന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് സംസ്ഥാന സര്‍ക്കാറിനെതിരായ ഗൂഢാലോചനയുണ്ടെന്നാണ് മമതാ ബാനര്‍ജി പ്രതികരിച്ചത്. അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ജെ.പി നദ്ദയ്ക്ക് യാതൊരു സുരക്ഷയും ഒരുക്കിയില്ലെന്ന് ബി.ജെ.പി യുടെ സംസ്ഥാന ഘടകം ആരോപിച്ചു.
ക്രമസമാധാന പ്രശ്നത്തെ വലിയ രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിച്ച് അത് തിരഞ്ഞെടുപ്പിലെ അജന്‍ഡയാക്കാനാണ് ബി.ജെ.പി യുടെ ശ്രമം എന്ന് വ്യക്തമാവുകയാണ്. അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ തൃണമൂലും ശ്രമിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ വെച്ച് ജെ.പി നദ്ദയ്ക്ക് നേരെയുണ്ടായ സംഭവം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയെന്നതിലപ്പുറം കേന്ദ്ര ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെടുന്നത് ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല എന്ന വിമര്‍ശനങ്ങള്‍ ഗൗരവമായി ഉയരുന്നുണ്ട്.
ഗവര്‍ണറെ ഉപയോഗിച്ച്, ഫെഡറലിസത്തെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രം നടത്തിയ നീക്കങ്ങള്‍ മഹാരാഷ്ട്രയിലടക്കം ചില സ്ഥലങ്ങളില്‍ നേരത്തെ തന്നെ പാളിയതുമാണ്.
33 വര്‍ഷം തുടര്‍ന്ന ഇടത് ഭരണത്തില്‍ നിന്ന് 2011 ലാണ് ബംഗാളിന്റെ രാഷ്ട്രീയാധികാരം മമത പിടിച്ചെടുക്കുന്നത്. മമത സര്‍ക്കാറിന്റെ പ്രതിപക്ഷത്തുള്ള സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസ്സിനെയും അപ്രസക്തരാക്കി മമതയോട് മത്സരിച്ച് ബംഗാളില്‍ അധികാരം നേടാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപരമായ ധ്രുവീകരണമടക്കം പല തന്ത്രങ്ങളും ബി.ജെ.പി ഇതിനായി നേരത്തെ തന്നെ പയറ്റിയിട്ടുമുണ്ട്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നീക്കങ്ങളും വിലയിരുത്തപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക