| Wednesday, 11th November 2020, 9:31 am

തെരഞ്ഞെടുപ്പ് ഫലം എന്തായാലും പ്രശ്‌നമല്ല, നിങ്ങള്‍ക്കെന്റെ നന്ദി, ട്രപിനോട് എര്‍ദൊഗാന്‍, ബൈഡന്‍ അമരത്തെത്തുന്നതില്‍ തുര്‍ക്കിക്ക് ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ആശംസകളുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. തുര്‍ക്കിയുമായുള്ള ട്രംപിന്റെ നാലുവര്‍ഷത്തെ സഹകരണത്തിന് നന്ദി അറിയിക്കുന്നെന്നാണ് എര്‍ദൊഗാന്റെ പ്രസ്താവനയില്‍ പറയുന്നത്.

‘ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തുതന്നെയായാലും പ്രശ്‌നമല്ല, തുര്‍ക്കി-യു.എസ് ബന്ധത്തിനായി നിങ്ങള്‍ മുന്നോട്ട് വെച്ച ആത്മാര്‍ത്ഥവും നിശ്ചയദാര്‍ഢ്യവുമുള്ള കാഴ്ചപ്പാടിന് ഞാന്‍ നന്ദി പറയുന്നു,’ എര്‍ദൊഗാന്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ തുര്‍ക്കി-യു.എസ് പരസ്പര താല്‍പ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ ബന്ധം വികസിപ്പിച്ചതിനും എര്‍ദൊഗാന്‍ നന്ദി പറഞ്ഞു.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും എര്‍ദൊഗാന്‍ അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ സഹകരണവും സഖ്യവും തുടര്‍ന്നും ഉണ്ടാവാന്‍ പ്രതിജ്ഞാബന്ധരാണെന്നും ലോകസമാധാനത്തിനായി അമേരിക്കയും തുര്‍ക്കിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും എര്‍ദൊഗാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബൈഡനും എര്‍ദൊഗാനും

പുതിയ പ്രസിഡന്റായി ജോ ബൈഡനെത്തുന്നത് എര്‍ദൊഗാനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന കാര്യമാണ്. ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കി മാറ്റിയത്, മെഡിറ്ററേനിയന്‍ മേഖലയിലെ ഗ്രീസ്-തുര്‍ക്കി സംഘര്‍ഷം എന്നിവയ്‌ക്കെതിരെ നേരത്തെ ബൈഡന്‍ രംഗത്തെതിയിരുന്നു.

ഗ്രീസിനെതിരെയുള്ള തുര്‍ക്കി ആക്രമണത്തില്‍ ട്രംപ് ഭരണകൂടം ശക്തമായി നടപടി എടുക്കണമെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. ഒപ്പം ഹാഗിയ സോഫിയ തിരികെ ചരിത്ര സ്മാരകമാക്കി മാറ്റണമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

2019 ഡിസംബര്‍ മാസത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എര്‍ദൊഗാനെ ഏകാധിപതി എന്നായിരുന്നു ബൈഡന്‍ വിശേഷിപ്പിച്ചത്. ഒപ്പം കുര്‍ദ് വംശജര്‍ക്കെതിരെ തുര്‍ക്കി സൈന്യം നടത്തുന്ന ആക്രമണത്തെ ബൈഡന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ വര്‍ഷം ആഗസ്റ്റില്‍ ഈ അഭിമുഖം വീണ്ടും വൈറലായിരുന്നു. തുടര്‍ന്ന് തുര്‍ക്കി സര്‍ക്കാര്‍ ബൈഡന്റെ പരാമര്‍ശത്തെ അപലപിക്കുകയും ചെയ്തിരുന്നു.

തുര്‍ക്കിയും അമേരിക്കയും തമ്മില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍

നാറ്റോ അംഗരാജ്യങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ സൈനിക തലത്തിലും അഭിപ്രായ വ്യത്യാസമുണ്ട്. റഷ്യയില്‍ നിന്നും എസ്400 മിസൈലുകള്‍ വാങ്ങാന്‍ തുര്‍ക്കി തീരുമാനിച്ചത് അമേരിക്കയും തുര്‍ക്കിയും തമ്മില്‍ അസ്വാരസ്യത്തിനിടയാക്കിയിട്ടുണ്ട്. റഷ്യുമായുള്ള ഈ ഇടപാടില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ അമേരിക്കന്‍ നിര്‍മ്മിത എസ് 35 യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിക്കു ലഭിക്കില്ലെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ തുര്‍ക്കി ഇതില്‍ നിന്നും പിന്‍മാറിയിരുന്നില്ല. എര്‍ദൊഗാനുമായുള്ള ട്രംപിന്റെ സൗഹൃദം ഈ പ്രശ്‌നം വഷളാവാതിരിക്കാന്‍ സഹായിച്ചിരുന്നു. തുര്‍ക്കി, സിറിയ മേഖലയിലെ കുര്‍ഷിദ് സേനക്ക് അമേരിക്ക സൈനിക സഹായം നല്‍കുന്നതിനെയും എര്‍ദൊഗാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

അമേരിക്ക-തുര്‍ക്കി ബന്ധം വഷളാവാതെ നിലനില്‍ക്കുന്നതില്‍ കഴിഞ്ഞ നാലു വര്‍ഷം ട്രംപ്- എര്‍ദൊഗാന്‍ സൗഹൃദം ഒരു പ്രധാന ഘടകമായിരുന്നു. എന്നാല്‍ ബൈഡന്‍ അമരത്തെത്തുമ്പോള്‍ ഈ സ്ഥിതി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How Biden victory will affect Turkey

We use cookies to give you the best possible experience. Learn more