| Wednesday, 30th November 2016, 2:02 pm

31 വര്‍ഷത്തെ ജയില്‍ശിക്ഷ; ഓരോ വര്‍ഷവും ഒരു മാസത്തെ നിയമവിരുദ്ധ പരോള്‍; ഓരോ തവണയും പുതിയ കേസുകള്‍ : ഗുജറാത്തിലെ നീതിന്യായ വ്യവസ്ഥയുടെ നേര്‍ചിത്രം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരോളിനിറങ്ങി ഗുരുതരമായ ലംഘനം നടത്തിയ ഒരാള്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കുന്നത് അയാള്‍ക്ക് എല്ലാ സംരക്ഷണവും കോടതി നല്‍കുന്നതിന് തുല്യമാണ്.


ഗുജറാത്ത്: 2002 ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതിയായ സുരേഷ് ലംഗാദി ദേദാവാല അലിയാസ് റിച്ചാര്‍ഡിന് വീണ്ടും പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമായി. ഇയാളുടെ പരോള്‍ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, പരോള്‍ സംബന്ധിച്ചകോടതി റിപ്പോര്‍ട്ടും പുറത്തിറക്കിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരെ സമീപിച്ചപ്പോള്‍ പോലീസുകാര്‍ക്കും ഇതിനെ കുറിച്ച്് അറിവില്ല. എന്നാല്‍ സുരേഷ് റിച്ചാര്‍ഡ് പുറത്തിറങ്ങിയിട്ടുണ്ടെന്നും 14 ദിവസത്തെ പരോളാണ് അയാള്‍ക്ക് അനുവദിച്ചെന്ന കാര്യവും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. മുന്‍പ് രണ്ട് തവണ പരോളിലിറങ്ങിയപ്പോഴും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത വ്യക്തികൂടിയാണ് ഇദ്ദേഹം.


പരോളില്‍ കഴിയവെ ഭാര്യയെ ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസും ഇയാള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ തെഹല്‍ക്ക റിപ്പോര്‍ട്ടറായ രേവതി ലോളിനെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ സാഹചര്യത്തില്‍ ഇയാള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചതിന്റെ കാരണം വ്യക്തമല്ല.

നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് തെഹല്‍ക്ക റിപ്പോട്ടര്‍ കൂടിയായ രേവതി ലോള്‍ പറയുന്നു. രണ്ട് തവണ പരോള്‍ ലംഘനം നടത്തിയ ഒരു വ്യക്തിക്ക് വീണ്ടും അത് അനുവദിക്കാനുള്ള കോടതിയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറയുന്നു.

പരോളിനിറങ്ങി ഗുരുതരമായ ലംഘനം നടത്തിയ ഒരാള്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കുന്നത് അയാള്‍ക്ക് എല്ലാ സംരക്ഷണവും കോടതി നല്‍കുന്നതിന് തുല്യമാണ്. നരോദ പാട്യ സംഭവത്തില്‍ നിരവധി പേരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. തുടര്‍ന്ന് 2012 ല്‍ കോടതി ഇയാളെ 31 വര്‍ഷത്തേക്ക് കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഓരോവര്‍ഷവും ഒരു മാസത്തെ പരോള്‍ സുരേഷ് റിച്ചാര്‍ഡിന് കോടതി അനുവദിക്കുന്നുണ്ട്.

ഗുജറാത്ത് ഹൈക്കോടതിയാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചുനല്‍കിയത്. എന്നാല്‍ ഇത്തവണ ഇയാള്‍ക്ക് പരോള്‍ നല്‍കുന്നതിന് മുന്‍പായി കോടതി സ്ഥലത്തെ പോലീസ് സ്‌റ്റേഷന് യാതൊരു വിധത്തിലുള്ള അറിയിപ്പും നല്‍കിയിട്ടില്ല എന്നതാണ് വസ്തുത.- രേവതി പറയുന്നു.

മുന്‍പ് രണ്ട് തവണയും പരോള്‍ ലംഘനം നടത്തിയ ഒരു വ്യക്തിക്ക് വീണ്ടും യാതൊരു നിബന്ധനയും കൂടാതെ പരോള്‍ അനുവദിച്ചെന്ന് മാത്രമല്ല, പരോളിനിറങ്ങുന്നതിന് മുന്‍പ് ഒരു വ്യവസ്ഥയും വെച്ചിട്ടുമില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

പരോളില്‍ ഇറങ്ങിയ അവസരത്തില്‍ സ്വന്തം ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിക്കുയും കൈയിലും കാലിലും സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്ത് വ്യക്തിയാണ് ഇയാള്‍. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇത്തരത്തില്‍ പരോളിലിറങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് എന്തടിസ്ഥാനത്തിലാണ് കോടതി വീണ്ടും പരോള്‍ നല്‍കയിതെന്നും രേവതി ലോള്‍ ചോദിക്കുന്നു.

2016 ജനുവരിയിലാണ് ഇയാള്‍ വീണ്ടും പരോളിന് അപേക്ഷിച്ചത്. തന്റെ മകളെ കാണാനില്ലെന്ന കാരണമായിരുന്നു പരോള്‍ അനുവദിക്കാനായിഇയാള്‍ പറഞ്ഞത്. മകളെ അന്വേഷിക്കാനായി 2 ആഴ്ചത്തെ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ സുരേഷിന്റെ ആവശ്യം അംഗീകരിച്ച കോടതി പരോളിന് അനുമതി നല്‍കുകയുമായിരുന്നു.

ആ സമയത്താണ് ഞാന്‍ അയാളെ കുറിച്ച് എഴുതുന്നത്. അയാളെ നേരിട്ടുകാണുകയാണെങ്കില്‍ സംസാരിക്കണമെന്നും കരുതിയിരുന്നു. അയാളെ ഒരവസരത്തില്‍ കാണുകയും ചെയ്തു. ആ കൂടിക്കാഴ്ചയില്‍ അദ്ദേഹം എന്റെ മുഖത്തടിച്ചു. കണ്ണില്‍ നിന്നും ചോരപൊടിയുന്നതുവരെ മര്‍ദ്ദിച്ചു.

എന്നെ മുടിപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചു. നിരവധി തവണ മര്‍ദ്ദിച്ചു. ഞാന്‍ മരിച്ചുപോകുമെന്നാണ് കരുതിയത്. പക്ഷേ അത് സംഭവിച്ചില്ല. ഞാന്‍ രക്ഷപ്പെട്ടു. ആ സംഭവത്തില്‍ അയാള്‍ക്കെതിരെ ഞാന്‍ കേസ് നല്‍കി. തുടര്‍ന്ന് അയാളുടെ പരോള്‍ റദ്ദാക്കി. അന്ന് പോലീസ് പറഞ്ഞത് ഇനി അയാള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്നാണ്.

എന്നാല്‍ അയാള്‍ക്ക് വീണ്ടും പരോള്‍ ലഭിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടതി റിപ്പോര്‍ട്ടും കണ്ടില്ല. പോലീസുകാരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും അതിനെ കുറിച്ച് അറിയില്ല. പക്ഷേ അയാള്‍ പരോളില്‍ ഇറങ്ങിയിരിക്കുന്നു. 14 ദിവസത്തെ പരോളാണ് അയാള്‍ക്ക് ലഭിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഹൈക്കോടതിയില്‍ നിന്നും പരോള്‍ ഓര്‍ഡറൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കുമ്പോള്‍ സുരേഷ് റിച്ചാര്‍ഡ് എന്ന കൊടുംക്രിമിനല്‍ എങ്ങനെ പുറത്തിറങ്ങി എന്ന സംശയമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്.- രേവതി പറയുന്നു.

We use cookies to give you the best possible experience. Learn more