| Friday, 12th June 2020, 8:48 pm

പരിസ്ഥിതി കാല്‍പനികതയുടെ വിലാപമല്ല അതിരപ്പിള്ളി; പിണറായി വിജയന് ഇനിയും മനസ്സിലായിട്ടില്ലാത്ത, ഗോത്രാവകാശ സമരം കൂടിയാണത്

ഷഫീഖ് താമരശ്ശേരി

സാധ്യമാകില്ലെന്ന് കണ്ട് കേരളം നിരവധി തവണ ഉപേക്ഷിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഒരിക്കല്‍കൂടി വാര്‍ത്തകളിലും വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ വാചാലനായിരുന്നു നമ്മുടെ മുഖ്യമന്ത്രി. പ്രളയാനന്തര പുനര്‍നിര്‍മാണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്ന് നാം വിട്ടുനില്‍ക്കണമെന്നും ആവര്‍ത്തിച്ചു പറയുന്ന നമ്മുടെ മുഖ്യമന്ത്രി, ഈ കൊറോണക്കാലത്ത് ധൃതിപിടിച്ച് അതിരപ്പിള്ളിയുടെ ഫയല്‍ മുന്നോട്ടുനീക്കുന്നതിലെ വിരോധാഭാസം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

എന്നാല്‍ അതിനേക്കാളേറെ പ്രധാന്യത്തോടെ കാണേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതോടുകൂടി പ്രദേശത്ത് നിന്നും കുടിയൊഴിയേണ്ടിവരുന്ന ഗോത്രവിഭാഗങ്ങളുടെ വനാവകാശത്തോട് സി.പി.ഐ.എം പുലര്‍ത്തുന്ന സമീപനവുമായി ബന്ധപ്പെട്ടതാണത്.

കേരളത്തെ സംബന്ധിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്നത് കേവലം ഒരു അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട മാത്രം കാര്യമല്ല. അതിന് വേറെയും ഒരുപാട് രാഷ്ട്രീയമാനങ്ങളുണ്ട്.

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ച്, ഊര്‍ജോത്പാദനത്തിന്റെ ബദല്‍ സാധ്യങ്ങള്‍ തേടുന്നതിനെക്കുറിച്ച്, തദ്ദേശീയ വിഭവങ്ങള്‍ക്ക് മേലുള്ള ജനങ്ങളുടെ അധികാരത്തെക്കുറിച്ച്, വനത്തിന്‍മേലുള്ള ആദിവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെപ്പറ്റി, വികസനത്തിന്റെ പരമ്പരാഗത വഴികളെക്കുറിച്ച്, വികസനങ്ങള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന, അതുവഴി പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യരെ സംബന്ധിച്ച് എല്ലാം ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിതുറന്നിരുന്നു അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി.

പുരോഗമനപരമായ ഒരു സാമൂഹികത നിലനില്‍ക്കുന്നു എന്ന വിലയിരുത്തലുകളുള്ള കേരളത്തില്‍ ഒരു ഇടതുപക്ഷ ഭരണകൂടം അതിരപ്പള്ളി പോലൊരു പദ്ധതി ഇനിയും നടപ്പാക്കാനൊരുങ്ങുന്നു എന്നത് അക്കാദമികമായും അല്ലാതെയും കേരളം ഇന്നെത്തിനില്‍ക്കുന്ന സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ ബോധ്യങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാകുന്നത് അതുകൊണ്ടു കൂടിയാണ്.

തദ്ദേശീയരായ ആദിവാസി സമൂഹം, സാമൂഹ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ഭരണകക്ഷിയിലെ പ്രബലമായ ഒരു വിഭാഗം വരെ തുറന്നെതിര്‍ത്തതിന്റെ പശ്ചാത്തലത്തില്‍, തങ്ങള്‍ പിന്‍മാറി എന്ന് ഒരിക്കല്‍ നിയമസഭയില്‍ വൈദ്യുതിമന്ത്രി തന്നെ പ്രഖ്യാപിച്ച അതിരപ്പള്ളി പദ്ധതിയുമായി വീണ്ടും ഈ സര്‍ക്കാര്‍ രംഗത്ത് വരുന്നതിനെ അത്ര നിസ്സാരമായി കാണാന്‍ സാധിക്കില്ല.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി വിഭാവനം ചെയ്യപ്പെട്ടതിനാധാരമായ സമവാക്യങ്ങളൊന്നും ഇന്നത്തെ അന്തരീക്ഷത്തില്‍ പ്രസക്തമല്ല എന്നത് നിരവധി വിദഗ്ദര്‍ ഇതിനകം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ കേരളം ഇന്ന് നേരിടുന്ന വൈദ്യുതി ക്ഷാമത്തിന്റെ പരിഹാരവും ഊര്‍ജോത്പാദനത്തിലുള്ള ലാഭവുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ അതിലും കാര്യമായ യാതൊരു പ്രയോജനവുമുണ്ടാവില്ല എന്നാണ് അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്.

അതിരപ്പള്ളി വാഴച്ചാല്‍ മേഖലയുടെ ജൈവസമ്പന്നതയും, ഉയര്‍ന്ന സംരക്ഷണ മൂല്യവും, പുഴയുടെ കീഴ്ടത്തടങ്ങളിലെ ജലസേചന കുടിവെള്ള- പദ്ധതികള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ആഘാതങ്ങളുമെല്ലാം പരിഗണിച്ചാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പദ്ധതിക്കെതിരെ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുള്ളതെങ്കില്‍ ഇന്നത്തെ അതിരപ്പള്ളി സമരത്തിന് മറ്റൊരു രാഷ്ട്രീയമാനം കൂടിയുണ്ട്. പിണറായി വിജയന് ഇനിയും മനസ്സിലായിട്ടില്ലാത്ത ആദിവാസി സമരഭാഷ്യമാണത്. തങ്ങളുടെ പരമ്പരാഗത ആവാസഭൂമിയില്‍ നിയമപരമായ അവകാശങ്ങള്‍ നേടിയെടുത്ത ഒരു ഗോത്രവിഭാഗത്തിന്റെ നിലനില്‍പും അവരുടെ തീരുമാനവുമാണ് ഇവിടെ പരിഗണനാ വിഷയം.

വനാശ്രിത സമൂഹങ്ങള്‍ക്ക് അവരുടെ പരമ്പരാഗത ആവാസ ഭൂമിയിലും പ്രകൃതിവിഭവങ്ങളിലും നിയമപരമായ ഉടമസ്ഥത നല്‍കുന്ന 2006 ലെ വനാവകാശനിയമപ്രകാരം, കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കാടര്‍ ആദിവാസികള്‍ സാമൂഹ്യവനാവകാശം നേടിയെടുത്ത പ്രദേശമാണ് അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖല. ഇന്ത്യയിലെ വനത്തില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി നേരിട്ടു പോന്ന അനീതികള്‍ക്കും വഞ്ചനകള്‍ക്കും ഒരു പരിഹാരമെന്നോണമാണ് നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 2006ല്‍ കേന്ദ്ര വനാവകാശനിയമം നിലവില്‍ വന്നത്.

വനഭൂമിക്കും വനവിഭവങ്ങള്‍ക്കും മേലുള്ള തദ്ദേശീയ ജനതയുടെ അവകാശത്തെയും അധികാരത്തെയും മാനിക്കുന്നതിലൂടെ വനത്തിന്റെ ഉടമസ്ഥത, പരമ്പരാഗത ആദിവാസി സമൂഹങ്ങള്‍ക്ക് നിയമം മൂലം പതിച്ചുനല്‍കുക എന്നതായിരുന്നു വനാവകാശ നിയമം മുന്നോട്ടുവച്ച ആശയം. ഇതുപ്രകാരം വനാവകാശ ഗ്രാമസഭകളുടെ അധികാരപരിധിയില്‍ വരുന്ന വനമേഖലയില്‍ പുതുതായി വരുന്ന ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രസ്തുത ഗ്രാമസഭകളുടെ അനുമതി നിര്‍ബന്ധമാണ്.

വനവിഭവങ്ങളുടെ പൂര്‍ണ്ണമായ ശേഖരണ-വിപണന ഉടമസ്ഥതയും ഇവര്‍ക്ക് ലഭിക്കുന്നു. പ്രാക്തന ആദിവാസി വിഭാഗങ്ങള്‍ സ്വയം ഒഴിഞ്ഞുപോകാന്‍ തയ്യാറാണെങ്കില്‍ പോലും അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളില്‍ നിന്നും അവരെ മാറ്റിപ്പാര്‍പ്പിക്കരുതെന്ന് വനാവകാശ നിയമത്തില്‍ വ്യക്തമാക്കുന്നുമുണ്ട്.

തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം വഴി കേരളത്തില്‍ ഏറ്റവുമാദ്യം വനത്തിന്‍മേല്‍ അധികാരം നേടിയെടുത്തത് അതിരപ്പിള്ളി – വാഴച്ചാല്‍ വനമേഖലയിലെ കാടര്‍ ആദിവാസികളാണ്. വനാവകാശ നിയമത്തില്‍ പറയുന്നത് പ്രകാരം ഇവിടുത്തെ ഊരുകൂട്ടങ്ങളുടെയെല്ലാം പൊതുവായ സാമൂഹ്യ വനവിഭവമേഖലയായി (കമ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ് -സി.എഫ്.ആര്‍) അംഗീകരിച്ച് നല്‍കിയിട്ടുള്ള പ്രദേശത്താണ് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി വരുന്നത്.

നിയമപ്രകാരം ഈ മേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ഊരുകൂട്ടങ്ങളുടെ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ ഈരുകൂട്ടങ്ങള്‍ സംയുക്തമായി പദ്ധതിക്കെതിരായി പ്രമേയം പാസ്സാക്കുകയും അണക്കെട്ട് നിര്‍മാണം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിട്ടും അതിനെ മുഖവിലയ്‌ക്കെടുക്കാതെ അവരുടെ സാമൂഹ്യ വനവിഭവ മേഖലയില്‍ അണ കെട്ടുന്നതിനുള്ള നടപടികളുമായി കെ.എസ്.ഇ.ബി മുന്നോട്ടു പോകുന്ന നീക്കമാണ് അതിരപ്പിള്ളിയില്‍ കാണുന്നത്.

വനാവകാശ നിയമം അംഗീകരിച്ച ആദിവാസികളുടെ നിയമപരമായ അവകാശങ്ങളെ ധിക്കരിക്കുന്ന സമീപനമാണ് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇവിടെ ഉണ്ടായിരിക്കുന്നത്. കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആദിവാസി സമൂഹങ്ങള്‍ തങ്ങളുടെ പരമ്പരാഗതമായ ജീവിതമാര്‍ഗങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് തടയാനായി രൂപപ്പെടുത്തിയ നിയമം ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്.

മുന്‍ നൂറ്റാണ്ടുകളില്‍ ആനമല-പറമ്പിക്കുളം മലിനരകളില്‍ അധിവസിച്ചിരുന്ന കാടര്‍ ആദിവാസികള്‍ പില്‍ക്കാലത്ത് വന്ന നിരവധി വികസനപദ്ധതികളുടെ ഭാഗമായി ഇതിനകം തന്നെ നിരവധി തവണ കുടിയൊഴിപ്പിക്കപ്പെട്ടതാണ്. ചാലക്കുടിപ്പുഴയില്‍ പലകാലങ്ങളിലായി നിര്‍മിക്കപ്പെട്ട പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം, തമിഴ്‌നാട് ഷോളയാര്‍, കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളുടെയും ചാലക്കുടി റിവര്‍ ഡൈവേഴ്ഷന്‍ സ്‌കീം, ഇടമലയാര്‍ ഓഗ്മെന്റേഷന്‍ സ്‌കീം, പറമ്പിക്കുളം-ആളിയാര്‍ ഇന്റര്‍ബേസിന്‍ റിവര്‍ലിങ്ക് പ്രൊജക്ട് (പി.എ.പി) എന്നീ പദ്ധതികളുടെയുമെല്ലാം ഭാഗമായി പല തവണ കുടിയൊഴിപ്പിക്കപ്പെടുകയും പുനരധിവസിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് വാഴച്ചാല്‍ മേഖലയിലെ കാടര്‍ കോളനികള്‍ ഇന്നത്തെ സ്ഥലത്തെത്തിച്ചേര്‍ന്നത്.

പോയകാലങ്ങളില്‍ നടന്ന അനേകം വികസന പദ്ധതികളുടെ ഭാഗമായി ഇതിനകം തന്നെ നിരവധി തവണ കുടിയൊഴിപ്പിക്കപ്പെട്ട് ചിന്നഭിന്നമായ കാടര്‍ ആദിവാസിവിഭാഗം ഇനിയുമൊരു കുടിയൊഴിയലിന് തയ്യാറല്ല എന്നാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ‘കാട് കാക്കാന്‍ കാടരുണ്ട്’ എന്ന അവര്‍ മുന്നോട്ടുവെച്ചിരിക്കുന്ന മുദ്രാവാക്യം ഇന്ത്യയിലെ ഇടതുപക്ഷത്തിന് അത്ര അപരിചിതമായ ഒന്നല്ല. സി.പി.ഐ.എമ്മിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും മുന്‍കൈയില്‍ പതിനായിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി മഹാരാഷ്ട്രയില്‍ നടന്ന ലോങ്മാര്‍ച്ച് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു വനാവകാശ നിയമം നടപ്പിലാക്കുക എന്നത്.

2006 ല്‍ വനാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിനായി നടന്ന ദേശീയ ഇടപെടലുകളിലും സി.പി.ഐ.എമ്മിന് ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു. ഇതേ സി.പി.ഐ.എം അധികാരത്തിലിരിക്കുന്ന കേരളത്തില്‍ ആദ്യമായി സാമൂഹ്യവനാവകാശം ലഭിച്ച ഗോത്രജനതയുടെ നിയമപ്രകാരമുള്ള അവകാശ പ്രഖ്യാപനത്തെയാണ് പിണറായി വിജയനും എം.എം മണിയും തങ്ങളുടെ പുതിയ തീരുമാനത്തിലൂടെ ചോദ്യം ചെയ്യുന്നത്. മരങ്ങളും ജീവജാലങ്ങളും വെള്ളത്തിനടിയിലാകുന്നതിലുള്ള പരിസ്ഥിതി സ്‌നേഹികളുടെ വിലാപം മാത്രമല്ല ഇന്നത്തെ അതിരപ്പിള്ളിയുടെ സമരഭാഷ്യം. തലമുറകളായി അനീതി നേരിട്ടുകൊണ്ടിരിക്കുന്ന ഗോത്രവിഭാഗം തങ്ങളുടെ ആവാസഭൂമി വിട്ടൊഴിയാന്‍ ഇനിയും തയ്യാറല്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ അവിടെ ഉയരുന്നത് വിഭവങ്ങള്‍ക്ക് മേലുള്ള അധികാരവും അവകാശവും സംബന്ധിച്ച രാഷ്ട്രീയം കൂടിയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more