അസമില്‍ നിന്ന് മുസ്ലീങ്ങളെ, ബംഗ്ലദേശികളെന്ന് ചാപ്പ കുത്തി പുറത്താക്കാനുള്ള ശ്രമം ഇപ്പോഴൊന്നും ആരംഭിച്ചതല്ല. അഥവാ അസം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് 40 ലക്ഷത്തോളം ഇന്ത്യാക്കാരെ ബംഗ്ലാദേശികള്‍ എന്ന് പേരിട്ട് പൗരത്വപട്ടികയില്‍ നിന്ന് വെട്ടിമാറ്റി നാടുകടത്താനും ജയിലിടാനും ഒള്ള നീക്കത്തിന് ചരിത്ര വഴികളുണ്ട്. അസമിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ എങ്ങനെയാണ് അസമില്‍ കുടംബങ്ങളെ തകര്‍ക്കുന്നത്, മുസ്ലിങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ ആയുധമായി മാറുന്നത് എന്നതിനെ കുറിച്ച് “കാരവന്‍” മാഗസിന്റെ ജൂലായ് ലക്കത്തില്‍ പ്രവീണ്‍ ദോന്തി എഴുതിയ വിശദമായ റിപ്പോര്‍ട്ടിന്റെ വിവര്‍ത്തനത്തിന്റെ മൂന്നാം ഭാഗം.
ബാര്‍പേട ജില്ലയിലെ മജര്‍ചാറിലാണ് നുര്‍ ഇസ്ലാം സിക്ദര്‍ എന്ന 31 കാരനായ ടാക്സി ഡ്രൈവറും കുടംബവും താമസിക്കുന്നത്. 1995-ല്‍ അസം മെയ്ന്‍ ലാന്‍ഡിന്റെ (ബ്രഹ്മപുത്രയുടെ തീരത്തുള്ള ചാര്‍ എന്നറിയപ്പെടുന്ന മണ്‍ തിട്ടകളില്‍ നിന്നും ചെറുദ്വീപുകളില്‍ നിന്നും അകന്ന, താരതമ്യേന സമ്പന്ന വര്‍ഗ്ഗവും മുസ്ലീം ഇതര വിഭാഗങ്ങളും താമസിക്കുന്ന മുഖ്യഭൂവിഭാഗം) ഭാഗമായ കാക്ധുവ ഗ്രാമത്തില്‍ ഒരു വീടുവച്ചു. പക്ഷേ ചാറില്‍ തന്നെയാണ് തുടര്‍ന്നും ജീവിച്ചത്. 2016-ല്‍ സിക്ദറിന്റെ ജ്യേഷ്ഠന് ഫോറിന്‍ ട്രൈബൂണലില്‍ നിന്ന് ഒരു അറിയിപ്പ് ലഭിച്ചു. “”ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവനാളുകളേയും ഡി-പട്ടികയില്‍ (ഡൗട്ട്ഫുള്‍, സംശയാസ്പദമായ പൗരത്വമുള്ള ജനത) പെടുത്തിയിരിക്കുകയാണെന്ന് ഞങ്ങളെ ആരോ അറിയിച്ചു. ഞങ്ങള്‍ വീടുവച്ച് താമസിക്കുന്ന ഗ്രാമത്തിലുള്ള എല്ലാവരും 1997-മുതല്‍ മുഴുവന്‍ ഡി പട്ടികയിലാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ പോയി പരിശോധിച്ചപ്പോള്‍ മനസിലായി. ഞങ്ങക്കിതേ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഇപ്പോഴും ജീവിക്കുന്ന അതേ ചാറില്‍ തന്നെ താമസിച്ചാണ് ഇതുവരെയുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ വോട്ടു ചെയ്തത്””-സിക്ദര്‍ പറഞ്ഞു. അയാളുടെ ഒരു സഹോദരിയും മൂന്ന് സഹോദരന്മാരുമല്ലാതെ ആ കുടംബത്തിലുള്ള എല്ലാവരും ഡി. പട്ടികയിലുണ്ട്.
“”ഞങ്ങളുടെ പേര് അവര്‍ക്ക് നല്‍കിയവര്‍ രണ്ട് പേരുകള്‍ തെറ്റിച്ചു, നാല് പേരുകള്‍ ശരിയാക്കി നല്‍കി. എന്റെ അമ്മയുടെ പേര് രോഹിമ ഖടുന്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ശരിക്കും പേര് ജോഹുറ ഖടുന്‍ എന്നാണ്. ഞങ്ങള്‍ ഫോറിന്‍ ട്രിബൂണലില്‍ പോയി ഡി.പട്ടിക തയ്യാറാക്കുന്നതിനുള്ള വിജ്ഞാപനം കാണിക്കാനാവശ്യപ്പെട്ടു.””-സിക്ദര്‍ കൂട്ടിച്ചേര്‍ത്തു.
ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പക്ഷേ അവര്‍ ജയിക്കാനുള്ള ഒരു സാധ്യതയുമില്ല. 1951 മുതലുള്ള സെന്‍സസുകളില്‍ സിക്ദറിന്റെ പിതാവിന്റെ പേരുണ്ടങ്കിലും, അസമിലെ മറ്റ് പല ബംഗാള്‍ മുസ്ലീങ്ങളുടേയും അതേ പ്രശ്നം സിക്ദറിനേയും അലട്ടുന്നുണ്ട്. സിക്ദറിന്റെ പിതാവിന്റെ പേര് 1951-ല്‍ അന്‍വറുദ്ദീന്‍ എന്നും “66-ല്‍ പിതാവിന്റെ പേര് അന്‍വര്‍ ഹുസൈന്‍ എന്നും ഇപ്പോള്‍ അന്‍വര്‍ സിക്ദര്‍ എന്നുമാണ്.
ഇത്തരത്തില്‍ ഇവര്‍ വിദേശികളാണെന്ന് കണ്ടെത്തി തടവറയിലിട്ട എല്ലാവരേയും അതിര്‍ത്തികടത്തി വിടാന്‍ തുടങ്ങുമ്പോള്‍ ബോര്‍ഡര്‍ പോലീസ് അവരുടെ ജീവിതം ഒന്നു കൂടി ദുസഹം ആക്കുന്നുണ്ട്. ഇവരുടെ കേസ് ഫയലുകളില്‍ സുപ്രധാന കോളമായ “ജനിച്ച നാട്ടിലെ വിലാസം”, നിയമാനസൃതമായി നിര്‍ബന്ധമായി ചേര്‍ക്കേണ്ടതാണെങ്കിലും, സാധാരണ ബോര്‍ഡര്‍ പോലീസ് പൂരിപ്പിക്കുകയേയില്ല. ബംഗ്ലാദേശുമായി ഇനിയിപ്പോള്‍ ഈ ആളുകളെ നാടുകടത്തുന്നതിന് സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ പോലും, ഒരു വിലാസം രേഖപ്പെടുത്താത്ത ആളുകളെ ബംഗ്ലാദേശ് സ്വീകരിക്കുകയില്ല.
“കുടിയേറ്റക്കാരെ ഭയപ്പെടുത്തുന്നതിനും അന്യവത്രിക്കുന്നതിനും നിയമം കൊണ്ട് മാത്രമായാല്‍ മൂര്‍ച്ച പോരാ എന്ന് മനസിലാക്കിയാണെന്ന് തോന്നുന്നു, തെരേസ മെയ് (ബ്രിട്ടീഷ് പ്രധാനമന്ത്രി) രേഖകള്‍ തയ്യാറാക്കല്‍ സമ്പ്രദായത്തെ-പേപ്പര്‍ വര്‍ക്ക്- മികച്ച ആയുധമാക്കി മാറ്റി””-ഈടുത്തിടെ രാഷ്ട്രീയപണ്ഡിതനായ വില്യം ഡേവീസ് ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സില്‍ എഴുതിയതാണിത്. വിദ്വേഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുക എന്ന തന്ത്രം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നാടുകടുത്തുന്നതിനുമുള്ള വഴിയായിട്ട് മാത്രമല്ല ഒരിക്കലും അവതരിക്കപ്പെട്ടിട്ടുള്ളത്, സ്വാഭാവികമായ ജീവിതം കെട്ടിപ്പെടുക്കാനുള്ള അവരുടെ കഴിവിനെ പോലും പൂര്‍ണ്ണമായി തകര്‍ത്തുകളയുക എന്ന ലക്ഷ്യമാണ് അതിന് കൂടുതല്‍ പ്രധാനമായുള്ളത്””. വില്യം ഡേവീസിന്റെ ഈ നിരീക്ഷണം, അറുപതുകളില്‍ ബ്രിട്ടണില്‍ കുടിയേറിയ കരീബിയക്കാര്‍ക്ക് അഥവാ വിന്‍ഡ്റഷ് തലമുറക്ക് എതിരായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രചരണത്തെ കുറിച്ചാണെങ്കിലും സമകാലിക അസമിനും കൃത്യമായി ചേരും.
പതിറ്റാണ്ടോളം, സംസ്ഥാന ഭരണചക്രത്തെ ഭയന്നാണ് അസമിലെ ബംഗാളി വംശജരായ മുസ്ലിങ്ങള്‍ ജീവിച്ചിരുന്നത്. ആ സര്‍ക്കാര്‍ ഭരണചക്രമാകട്ടെ 1946 ലെ വിദേശി നിയമം സൃഷ്ടിച്ച, തകര്‍ക്കാനാകാത്ത ഒരു ഊരാക്കുടുക്കാണ്. ഈ വിദേശിനിയമം സംസ്ഥാന സര്‍ക്കാരിന് ആരെയും സംശയിക്കാനും തടങ്കലില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കുന്നു. സത്യന്ധതയൊട്ടുമില്ലാത്ത ഫോറിന്‍ ട്രൈബൂണലുകള്‍ക്കാകട്ടെ ആരെയും വിദേശിയായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. ട്രൈബൂണലുകളുടെ തീരുമാനങ്ങള്‍ ശരിവയ്ക്കാന്‍ ആവേശപ്പെടുന്ന ഒരു ഹൈക്കോടതി, ഏതൊരാളേയും “വിദേശിയാണെന്ന് സംശയിക്കുന്നു” എന്ന പേരില്‍ ട്രൈബൂണുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരമുള്ള അസം ബോര്‍ഡര്‍ പോലീസ്. ഈ സംവിധാനത്തിലേയ്ക്കാണ് 2005-ല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തിരികെയെത്തുന്നതും 2015-ല്‍ അത് നടപ്പില്‍ ആകുന്നതും ഈ ഭരണചക്രത്തിന്റെ അധികാരശക്തി ബഹുമടങ്ങാക്കുന്നതും.
ദേശീയ പൗരത്വ രജിസ്റ്ററിന്‍െ ആദ്യ രൂപം ഉണ്ടാകുന്നത് 1951 ലാണ്, ആ വര്‍ഷത്തെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍. അത് തെറ്റുകുറ്റങ്ങള്‍ ഉള്ളതും അപൂര്‍ണ്ണവുമാണെന്ന് പരക്കേ അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ പലപ്പോഴും പല ലക്ഷ്മണ രേഖകളും വരയ്ക്കാനയി ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പൗരത്വത്തിനുള്ള തെളിവായി 1951 ലെ പൗരത്വ രജിസ്റ്റര്‍ പരിഗണിക്കരുത് എന്ന് 1970-ല്‍ ഗുവഹാത്തി ഹൈക്കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ എണ്‍പതുകളില്‍ ആള്‍ അസം സ്റ്റുഡന്റ്ഡ് യൂണിയന്‍ അധ്യക്ഷനായ പ്രഫുല്ല മൊഹന്തയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ പൗരത്വ രജിസ്റ്റര്‍ വീണ്ടും ശ്രദ്ധയിലേയ്ക്ക് വന്നു. ഈ രജിസ്റ്റര്‍ പുതുക്കണമെന്നായിരുന്നു മൊഹന്ത അക്കാലത്ത് പ്രധാനമന്ത്രിക്കയച്ച ഒട്ടേറെ കത്തുകളിലെ പ്രധാന ആവശ്യം. 1985-ല്‍ ഉണ്ടാക്കിയ കരാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലങ്കിലും കരാറിന്റെ പ്രധാന ലക്ഷ്യങ്ങളായ അനധികൃത കൂടിയേറ്റക്കാരുരെ തടങ്കലില്‍ പാര്‍പ്പിക്കുക, അവരുടെ പൗരത്വം റദ്ദാക്കുക, നാടുകടത്തുക എന്നിവയ്ക്കൊക്കെ ഉപദാനമായി നിന്നത് പൗരത്വ രജിസ്റ്റര്‍ തന്നെയായിരുന്നു.
2005-ല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2012-ല്‍ ബോഡോകളും ബംഗാളി വംശജരായ മുസ്ലീങ്ങളും തമ്മില്‍ വന്‍തോതിലുളള വംശീയ സംഘര്‍ഷം ഉണ്ടായി. ബോഡോലാന്‍ഡ് അതിര്‍ത്തി മേഖല ജില്ലകളിലായി നടന്ന ഈ കലാപത്തില്‍ എഴുപത് പേര്‍ കൊല്ലപ്പെടുകയും ഏതാണ്ട് നാലു ലക്ഷത്തോളം പേര്‍ക്ക് ഭൂമിഭൃഷ്ടരാവുകയും ചെയ്തു-ഇവരിലേതാണ്ട് എല്ലാവരും മുസ്ലീങ്ങളായിരുന്നു.
ഈ പ്രദേശത്ത് അക്കാലത്ത് സന്ദര്‍ശനം നടത്തിയ എല്‍.കെ.അദ്വാനി പറഞ്ഞത് ഇത് ഇന്ത്യാക്കാരും അനിധികൃത കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് എന്നായിരുന്നു. അപ്പോഴേക്കും സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ടും ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പല ഹര്‍ജികളും ഫയല്‍ ചെയ്യപ്പെട്ടിരുന്നു.
2014-ല്‍ അസംകാരനായ ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും രോഹിങ്ടണ്‍ നരിമാനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിശ്ചിത സമയത്തിനുള്ളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിനുത്തരവിട്ടു. അസം ദേശീയ വാദികള്‍ കഴിഞ്ഞ കുറേകാലമായി ഉയര്‍ത്തുന്ന ആശങ്കകളും വാദങ്ങളും കൊണ്ട് സമൃദ്ധമായിരുന്നു ആ ഉത്തരവ്.
അതില്‍ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള വലിയ തോതിലുള്ള കുടിയേറ്റം അസമീസ് ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണിയാകുന്നുവെന്ന് ബ്രിട്ടീഷ് സെന്‍സസ് ഓഫീസര്‍ സി.എസ്.മുള്ളന്‍ 1931-ല്‍ ചൂണ്ടിക്കാണിച്ചത് മുതല്‍ അധികം വൈകാതെ അസമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശം ബംഗ്ലാദേശില്‍ ചേരണമെന്ന വാദമുയര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ലെഫ്നന്റ് ഗവര്‍ണര്‍ എസ്.കെ സിന്‍ഹ 1998-ല്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് വരെയുണ്ട്. എസ്.കെ.സിന്‍ഹയുടെ ആ റിപ്പോര്‍ട്ട് ആര്‍.എസ്.എസിന്റെ വാദത്തിന്റെ പകര്‍പ്പായിരുന്നു. 2009-ല്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ഭഗവത് പ്രഖ്യാപിച്ചു- “ഞങ്ങള്‍ക്ക് കൂടുതല്‍ ജനങ്ങളും കുറച്ച് ഭൂമിയുമാണാണുള്ളത്, അതുകൊണ്ട് അസമിനെ കൂടി ചേര്‍ത്ത് ഞങ്ങളുടെ രാജ്യം വലുതാക്കും. ഇതാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം, അവരത് പറഞ്ഞാലും ഇല്ലെങ്കിലും. അവര്‍ക്കതാണ് വേണ്ടത്.”” (തുടരും)