അസമില്‍ നിന്ന് ബംഗാള്‍ വംശജരായ മുസ്‌ലീങ്ങളെ, ബംഗ്ലദേശികളെന്ന് ചാപ്പ കുത്തി പുറത്താക്കാനുള്ള ശ്രമം ഇപ്പോഴൊന്നും ആരംഭിച്ചതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന ഇടമാണ് അസം. ഗുജറാത്തിന് മുമ്പ്, മുസ്‌ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ തീവ്രഹൈന്ദവ ശ്രമിച്ച ഇടം. 1967-ല്‍ രൂപം കൊണ്ട ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ എന്ന സംഘടന ബംഗ്ലാദേശി കുടിയേറ്റക്കാരാണ് എന്നാരോപിച്ച് മുസ്ലീങ്ങള്‍ക്കെതിരെ കലാപം നടത്താന്‍ ആരംഭിച്ചതോടെയാണ് അസമില്‍ ഇന്നുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
1979 മുതല്‍ 85 വരെ ആയിരക്കണക്കിന് മുസ്‌ലീങ്ങളെ കൊന്നൊടുക്കി അസം മൂവ്മെന്റ് മുന്നോട്ട് പോയി. ആറുമണിക്കൂറിനുള്ളില്‍ മൂവായിരത്തോളം മുസ്‌ലീങ്ങളെ കൊന്ന് തള്ളിയ നല്ലി കൂട്ടക്കൊലയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഈ വംശഹത്യയുടെ തുടര്‍ച്ചയായി ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ രാഷ്ട്രീയ വിഭാഗമായ അസം ഗണപരിഷദ് അധികാരത്തില്‍ വന്നു. അതോടെ കലാപകാരികളുമായി കരാറുണ്ടാകുന്നുവെന്ന മട്ടില്‍ അവര്‍ ഒപ്പിട്ട കരാര്‍ പ്രകാരം 1971 മാര്‍ച്ച് 25ന് മുമ്പ് അസമിലുണ്ടായതായി രേഖയില്ലാത്തവരെയെക്കെ ബംഗ്ലാദേശി കുടിയേറ്റക്കാരി കണക്കാക്കാം എന്നതായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അസം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് 40 ലക്ഷത്തോളം ഇന്ത്യാക്കാരെ ബംഗ്ലാദേശികള്‍ എന്ന് പേരിട്ട് പൗരത്വപട്ടികയില്‍ നിന്ന് വെട്ടിമാറ്റി നാടുകടത്താനും ജയിലിടാനും ഒരുങ്ങുന്നത്.
അസമിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ എങ്ങനെയാണ് അസമില്‍ കുടുംബങ്ങളെ തകര്‍ക്കുന്നത്, മുസ്ലിംങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ ആയുധമായി മാറുന്നത് എന്നതിനെ കുറിച്ച് “കാരവന്‍” മാഗസിന്റെ ജൂലായ് ലക്കത്തില്‍ പ്രവീണ്‍ ദോന്തി എഴുതിയ വിശദമായ റിപ്പോര്‍ട്ടിന്റെ വിവര്‍ത്തനത്തിന്റെ രണ്ടാം ഭാഗം.
കൊക്രാജാര്‍ ജയിലില്‍ ഞാന്‍ കമാര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള സോഫിയ ഖട്ടൂനിന്റെ കുടുംബത്തേയും കണ്ടുമുട്ടി. ബാര്‍പേട്ട ട്രൈബൂണ്‍ ആണ് അമ്പതുകാരിയായ സോഫിയ വിദേശിയാണ് എന്ന് വിധിച്ചത്. 1998-ല്‍ സോഫിയായുടെ കേസ് അന്വേഷണം ആരംഭിച്ചതാണ്, വിചാരണ തുടങ്ങിയതാകട്ടെ 2016 ലും അഞ്ചാണുങ്ങളും അഞ്ചുപെണ്ണുങ്ങളുമടക്കമുള്ള പത്ത് സഹോദരങ്ങളിലൊരാളാണ് അവര്‍. പിതാവുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാണ് സോഫിയായും വിദേശിയായത്. വിവിധ വോട്ടര്‍ പട്ടികകളില്‍ ഹസന്‍ അലി, ഹസന്‍ മുന്‍സി, ഹസന്‍ അലി മുന്‍സി എങ്ങിങ്ങനെയായിരുന്നു സോഫിയായുടെ ഉപ്പയുടെ പേര്‍. അദ്ദേഹമാകട്ടെ 1988 ലും ഉമ്മ 1991 ലും മരിച്ചുപോയി- സോഫിയാക്കെതിരായ കേസ് ആരംഭിക്കുന്നത് ഏറെ മുമ്പ് തന്നെ. ഉപ്പാപ്പയുടെ പേരിലും സംശയങ്ങളുണ്ടെന്ന് സോഫിയയുടെ കേസില്‍ ജഡ്ജ് വിലയിരുത്തി.
സോഫിയുടെ കുടുബം താരതമ്യേന മെച്ചപ്പെട്ട ധനസ്ഥിതിയുള്ളവരാണ്. എന്നാല്‍ ഫോറിന്‍-ട്രിബൂണല്‍ കേസുകള്‍ പരിചയമില്ലാത്ത ഒരു അഭിഭാഷകനെയാണ് അവര്‍ കേസ് ഏല്‍പ്പിച്ചത്. അയാളാകട്ടെ വളരെ അടിസ്ഥാനപരവും എന്നാല്‍ ഗൗരവമേറിയതുമായ തെറ്റുകള്‍ വരുത്തി. സോഫിയായുടെ ജനനത്തീയതിയോ ജനിച്ച സ്ഥലമോ സഹോദരീസഹോദരന്മാരുടെ പേരുകളോ, എന്തിന് മക്കളുടെ പേരുപോലും അഭിഭാഷകന്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരാക്കിയ രേഖകളില്‍ പരാമര്‍ശിച്ചില്ല.
കമല ബീഗം
ട്രിബ്യൂണല്‍ അംഗം തന്റെ വിധിയില്‍ എഴുതിയിരുന്നത് -പിന്നീടത് ഹൈക്കോടതി ശരിവച്ചു- “ഒരാളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ട തികച്ചും ആവശ്യമായ കാര്യങ്ങള്‍ പോലും വെളിപ്പെടുത്താന്‍ സോഫിയ ഖട്ടൂന്‍ തയ്യാറായില്ല എന്നാണ്. സോഫിയായുടെ ഭാഗം തെളിയിക്കാന്‍ സഹോദരങ്ങളേയോ ഭര്‍ത്താവിനോ കുട്ടികളേയോ കോടതിയില്‍ ഹാജരാക്കാന്‍ ഈ വക്കീല്‍ മെനെക്കെട്ടില്ല. ഇതും സോഫിയക്കെതിരായി ഹൈക്കോടതി കണ്ടെത്തി. ഹൈക്കോടതിയില്‍ ഈ രേഖകള്‍ സോഫിയ ഖട്ടൂന്‍ ഹാജറാക്കിയപ്പോള്‍ ജഡ്ജ് ഉപ്പ, ഉമ്മ, ഉപ്പാപ്പ എന്നിരുടെ പേരുകളിലുള്ള വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിച്ചു. കേസിപ്പോള്‍ സുപ്രീം കോടതിയിലാണ്.
സോഫിയ ഖട്ടൂനിനെ സന്ദര്‍ശിക്കാന്‍ മകന്‍ ഷഫിക്കുള്‍ ഇസ്‌ലാം, സഹോദരന്‍, മരുമകന്‍ എന്നിവര്‍ ജയിലില്‍ വന്നപ്പോഴാണ് ഞാന്‍ കണ്ടത്. ചെറിയ ദുര്‍ബലയായ ഒരു സ്ത്രീയാണ് സോഫിയ. കൂടിക്കാഴ്ചയ്ക്കനുവദിച്ച സമയത്ത് മിക്കവാറും അവര്‍ കരഞ്ഞു കൊണ്ടേയിരുന്നു, കുടുംബാംഗങ്ങള്‍ സമാധാനിപ്പിക്കുകയും. അവര്‍ രണ്ട് ബാഗ് നിറയെ സമ്മാനങ്ങളുമായാണ് അവരെ കാണാന്‍ വന്നിരുന്നത്. പക്ഷേ അവരത് വാങ്ങിയില്ല. നിക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത ജയിലറയിലാണോ സമ്മാനം വയ്ക്കുക എന്നായിരുന്നു അവരുടെ പ്രതികരണം. പകരം കുറച്ച് വിഷം സംഘടിപ്പിച്ച് കൊടുക്കാനും അവര്‍ പറഞ്ഞു.
സോഫിയയുടെ കൂടെ ജയിലിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ ആ സമ്മാനങ്ങള്‍ വാങ്ങി. സോഫിയായുടെ സഹോദരന്‍ ഉസ്മാന്‍ ഗോനി പിന്നീട് പറഞ്ഞു, സോഫിയാക്ക് ജയിലധികൃതര്‍ നല്‍കിയിരിക്കുന്ന ജോലി നിലം തുടയ്ക്കലാണ്, പക്ഷേ സുഖമില്ലാത്തത് കൊണ്ട് അത് മറ്റൊരു സ്ത്രീയെ കൊണ്ട് ചെയ്യിച്ച് അവര്‍ക്ക് പണം നല്‍കുകയാണ് എന്ന്. ജയിലിന്റെ പുറത്ത് പിന്നീട് ഞാന്‍ കാത്തിരിക്കുമ്പോള്‍, അവരുടെ ഇരുപതുകാരനായ മകന്‍ കരഞ്ഞുകൊണ്ട് ജയില്‍ വളപ്പില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടു.
സോഫിയ ഖട്ടൂന്റെ മകന്‍ ഷഫിക്കുള്‍ ഇസ്‌ലാം ജയിലില്‍ നിന്ന് പുറത്തേക്ക് വരുന്നു
കമല ബീഗവും സോഫിയ ഖട്ടുനും ആദ്യം “ഡി” -ഡൗട്ട്ഫുള്‍ (സംശയിക്കേണ്ട) വോട്ടര്‍മാരായാണ് മുദ്രകുത്തപ്പെട്ടത്. 1997-ല്‍ വോട്ടര്‍ പട്ടിക വലിയതോതില്‍ മാറ്റിമറയ്ക്കപ്പെട്ടപ്പോഴാണ്, വിദേശ ട്രിബ്യൂണലുകള്‍ക്ക് മുന്നില്‍ പൗരത്വം തെളിയിക്കേണ്ട ബാധ്യതയുള്ളവരെ ഡി വിഭാഗ വോട്ടര്‍മാക്കി നിന്ദിതരായവരുടെ പട്ടിക വേറെയുണ്ടാക്കിയത്. അവരുടെ അനധികൃത വിദേശീയരായി കണക്കാക്കുന്നതിന്റെ ആദ്യപടിയായിരുന്നു അത്. ഈ നിസംഗമായ പ്രക്രിയയുടെ എളുപ്പത്തിലുള്ള ഇരകള്‍ സ്ത്രീകളായിരുന്നു. 60 ശതമാനത്തിലധികം ഡി വോട്ടര്‍മാര്‍ വിവാഹിതകളായ സ്ത്രീകളായിരുന്നു.
പാവപ്പെട്ട കുടംബങ്ങളില്‍ നിന്നുള്ള നിരക്ഷരരായ സ്ത്രീകള്‍, മിക്കവാറും പേര്‍ ചെറുപ്പത്തിലേ വിവാഹം ചെയ്ത് മറ്റ് ഗ്രാമങ്ങളിലേയ്ക്ക് പോയര്‍, ഇവര്‍ക്ക് തങ്ങളുടെ ജന്മസ്ഥലവും കുടംബവുമായുള്ള ബന്ധവും സ്ഥാപിക്കാനുള്ള രേഖകള്‍ പലതും ഉണ്ടാകാറില്ല. വളരെ കുറിച്ച് സ്ത്രീകളുടെ പേരെ ഭൂമി/വസ്തു രേഖകളില്‍ ഉണ്ടാകാറുള്ളൂ. ഗ്രാമത്തലവന്‍, ഗ്രാമപഞ്ചായത്ത് എന്നിവടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പലപ്പോഴും അവര്‍ക്ക് ഉണ്ടാകാറുള്ളത്, കോടതിയുടെ കണ്ണില്‍ അതെല്ലാം ദുര്‍ബലവും അവിശ്വസിനീയവുമാണ് താനും.
കമല ബീഗത്തിന്റെ കുടുംബം
ബംഗാള്‍ വംശജരായ അസമീസ് മുസ്‌ലീങ്ങളില്‍ മിക്കവരും ജീവിക്കുന്നത് ബ്രഹ്മപുത്രയുടെയും അതിന്റെ പോഷകനദികളുടെയും തീരത്തുള്ള ഫലഭൂയിഷ്ഠമായ മണ്‍തിട്ടകളിലോ ദ്വീപുകളിലോ ആണ്. ചാര്‍ എന്ന് വിളിക്കപ്പെടുന്ന ഈ മേഖല ബ്രഹ്മപുത്രയിലെ വെള്ളപൊക്കത്തിനുള്ളില്‍ പെടുന്ന കാലത്ത് ഇവര്‍ മറ്റ് പ്രദേശങ്ങളിലേയ്ക്ക് മാറി താമസിക്കാനാരംഭിക്കും. അതോടെയാണ് അവര്‍ പെട്ടന്ന് പുറംലോകത്ത് പ്രത്യക്ഷരാകുന്നത്. ചുരുട്ടിമടക്കിയെടുക്കാവുന്ന തകരഷീറ്റുകള്‍ കൊണ്ടുള്ള ഇവരുടെ വീടുകള്‍ പണിയാനും അഴിച്ച് മാറ്റിയെടുക്കാനും എളുപ്പമാണ്.
ചില സമയത്ത് ചില “ചാര്‍” താമസക്കാര്‍ക്ക് ആവശ്യത്തിന് വരുമാനമുണ്ടാവുകയും സാധാരണ ഭൂപ്രദേശത്ത് സാധാരണ വീട് പണിത് താമസിക്കാനുള്ള അവസ്ഥ കൈവരുകയും ചെയ്യും. അതോടെ അവരുടെ പ്രശ്നങ്ങള്‍ ആരംഭിക്കും. ഇത്തരം പുതിയ വീടുകളുടെ കാഴ്ച തന്നെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള നിലനില്‍ക്കുന്ന ഭീതി വര്‍ദ്ധിപ്പിക്കും. സാധാരണഗതിയില്‍ ഈ വീടുകളിലെ താമസക്കാര്‍ “അനധികൃത കുടിയേറ്റക്കാരാണ്” എന്ന മട്ടിലുള്ള പരാതി ബോര്‍ഡര്‍ പോലീസിന് ലഭിക്കും.
എല്ലാ പുതു കുടംബങ്ങളും “സംശയിക്കപ്പെടുന്നവര്‍” എന്ന പട്ടികയില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. ബംഗ്ലാദേശിന്റേയും പശ്ചിമബംഗാളിന്റേയും അതിര്‍ത്തികളുള്ള ലോവര്‍ അസം പ്രദേശത്തെ ബംഗാളി വംശജരായ മുസ്‌ലീങ്ങള്‍ അപ്പര്‍ അസമിലെ പ്രാബല്യവും ആധിപത്യവും ഉള്ള ഹിന്ദുക്കളുടെ നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് ജോലി ചെയ്യുന്നത്. അവിടെ ചുരുങ്ങിയ വേതനത്തിന്റെ ചൂഷണത്തിന് പുറമേ അവര്‍ വിദേശികളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും.
ഇത്തരം പല തൊഴിലാളികളുടേയും വിലാസമായി കൊടുത്തിരിക്കുക ഈ നിര്‍മ്മാണ കേന്ദ്രത്തിന്റെ വിലാസമാകും. 1997-മുതല്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2.4 ലക്ഷമാളുകളാണ് ഡി വോട്ടര്‍മാരായി പ്രഖ്യാപിക്കപ്പെട്ടത്. 1.1 ലക്ഷം കേസുകള്‍ ട്രിബ്യൂണലിന്റെ പരിഗണനയിലുമുണ്ട്. പ്രകൃതിയുടെ ഏതുവെല്ലുവിളികളെയും നൈപുണ്യത്തോടെ എതിരാടാന്‍ തലമുറകളായി വിഗ്ദ്ധരായ മുസ്‌ലീം കര്‍ഷകര്‍ ഭരണകൂടം അവര്‍ക്ക് നേരേയുയര്‍ത്തിയ വെല്ലുവിളികളെ എതിരിടാന്‍ തയ്യാറല്ലായിരുന്നു. “അസമിലെ ബംഗാളി മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് മണ്ണൊലിപ്പുമായി ബന്ധമുണ്ട്. ആഭ്യന്തരമായി സ്ഥാനചലനം സംഭവിക്കുന്നരെയാണ് അനധികൃത കുടിയേറ്റക്കാരി ചിത്രീകരിച്ച് ആക്രമിക്കുന്നത്.