ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിന്‍ ഇല്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്സിന്‍ ലഭ്യമാവുന്നതെന്ന് കേന്ദ്രത്തോട് ദല്‍ഹി സര്‍ക്കാര്‍. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
’18- 44 വയസുകാര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, ഇപ്പോള്‍ അറിയുന്നത് ജൂണ്‍ പത്തിനു മുന്‍പ് വാക്‌സിന്‍ ലഭിക്കില്ലെന്നാണ്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതില്‍ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ധാരാളമായി ലഭിക്കുന്നുമുണ്ട്,’ സിസോദിയ പറഞ്ഞു.
18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം പേരാണ് ഇനി ദല്‍ഹിയില്‍ വാക്‌സിനെടുക്കാനുള്ളത്. ഇതിനായി 1.84 കോടി ഡോസ് വാക്സിനാണ് ആവശ്യമെന്നും സിസോദിയ പറഞ്ഞു.
അതേസമയം കൊവിഡിനു പിന്നാലെയെത്തിയ ബ്ലാക്ക് ഫംഗസിനെതിരെയുള്ള മരുന്നുകള്‍ക്കും രാജ്യത്ത് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം ദല്‍ഹി ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
നമ്മളൊക്കെ ഈ നരകത്തിലാണ് ജീവിക്കുന്നതെന്നാണ് മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞത്.
മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എന്നാണ് മരുന്ന് ഇറക്കുമതി ചെയ്യുന്നത് എന്നതിനെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും മരുന്നെത്തിക്കാന്‍ എടുക്കുന്ന സമയത്തെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ആവശ്യകത വളരെ കൂടുതലുള്ള സാഹര്യത്തില്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി യുടെ 2.30 ലക്ഷം കുപ്പികള്‍ മാത്രം വാങ്ങുന്നതിന് പിന്നിലെ കാരണം വിശദീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: How Are Private Hospitals Getting Vaccines Says Delhi Govt To Centre