മുംബൈ: കൊവിഡ് രോഗത്തിനെതിരെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുമ്പോഴും ചില സെലിബ്രിറ്റികള്‍ മരുന്നുകള്‍ കൊവിഡ് രോഗികള്‍ക്ക് വിതരണം ചെയ്യുന്നത് എവിടെ നിന്നെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി.
ഇങ്ങനെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ആര് ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു.
‘ഓരോ പൗരന്‍മാരുടെയും ജീവന്‍ വിലപ്പെട്ടതാണ്. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ട് കാര്യമില്ല. നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്ത അവസ്ഥ വളരെ ദു:ഖകരമാണ്’, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് മരുന്നും മറ്റ് മെഡിക്കല്‍ സേവനങ്ങളും എത്തിക്കുന്ന നടന്‍ സോനു സൂദിന്റെ സൂദ് ചാരിറ്റി ഫൗണ്ടേഷനും കോണ്‍ഗ്രസ് എം.എല്‍.എ സീഷന്‍ സിദ്ദീഖിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ മറുപടി നല്‍കിയിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഇവരില്‍ നിന്ന് വിശദീകരണം ഉടന്‍ തേടണമെന്നും റിപ്പോര്‍ട്ട് കോടതിയ്ക്കു മുന്നില്‍ ഹാജരാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
‘ഈ വ്യക്തികള്‍ നല്‍കുന്ന മരുന്നുകള്‍ ശരിയായ ഗുണനിലവാരമുള്ളതാണെന്ന് ആരാണ് ഉറപ്പ് നല്‍കുന്നത്? മരുന്നുകള്‍ വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്. അവ ശേഖരിക്കുന്നത് സംസ്ഥാനവും. പിന്നെ എവിടുന്നാണ് ഈ ഈ വ്യക്തികള്‍ക്ക് മരുന്ന് ലഭിക്കുന്നത്? അതാണ് ഞങ്ങളുടെ ഉത്കണ്ഠ,’ കോടതി പറഞ്ഞു.
വിഷയത്തില്‍ ഒരു സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരാഴ്ചത്തെ സമയം നല്‍കിയിരിക്കുന്നതായി കോടതി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക