മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥാകൃത്തായ ഉദയകൃഷ്ണന് തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്‌സിലെ എ.ആര്‍ റഹ്മാന്റെ സാന്നിധ്യമെന്നും നടക്കില്ലെന്ന് കരുതിയിരുന്ന കാര്യം ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാധിച്ചെടുത്തതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലബ് ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ഉദയനോട് എ.ആര്‍ റഹ്മാനെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമാണെന്ന് പറഞ്ഞു. നമുക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റുന്ന ആളല്ല എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം റഹ്മാന്‍ ഏറെ ഷൈ ആയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ വലിയ സംവിധായകര്‍ വരെ ശ്രമിച്ചിച്ചിട്ട് നടന്നിട്ടില്ല. എന്നാല്‍ ഉദയന്‍ അതില്‍ തന്നെ ഉറച്ചുനിന്നു.
ലാല്‍ സാറിനോട് കഥ പറഞ്ഞപ്പോള്‍, ഇങ്ങനെ ക്ലൈമാക്‌സ് തീരുമാനിച്ച് മുന്നോട്ടുപോയാല്‍ എങ്ങനെ നടക്കുമെന്ന് അദ്ദേഹവും ചോദിച്ചു. റഹ്മാന്‍ നോ പറയുകയാണെങ്കില്‍ മറ്റൊരു ബദല്‍ വേണെമെന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കില്‍ പ്രോജക്ട് അവസാനിപ്പിക്കേണ്ട കാര്യമില്ലല്ലോയെന്നും ഞാനും ഉദയനോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മറ്റു ചിലരെ ഓപ്ഷനായി വെച്ചു.
അപ്പോഴും ഉദയന്‍ റഹ്മാന്‍ വരും, എല്ലാം നടക്കും എന്നുതന്നെ പറയുകയാണ്. പുലിമുരുകനില്‍ ലാല്‍ സാറും പുലിയുമായുള്ള കോമ്പിനേഷനു വേണ്ടി തായ്‌ലാന്റിലും സൗത്ത് ആഫ്രിക്കയിലും വരെ പോയ കക്ഷിയാണ് ഉദയന്‍. ഇയാള്‍ ഒരു കാര്യം പറഞ്ഞാല്‍ മാറില്ല.
ഞാന്‍ പലവഴിക്കും റഹ്മാനെ സമീപിക്കാന്‍ ശ്രമിച്ചു നോക്കി. അപ്പോഴാണ് നടന്‍ റഹ്മാന്‍ വഴി എ.ആര്‍ റഹ്മാനെ ബന്ധപ്പെടാന്‍ ശ്രമിച്ചാലോ എന്ന് ലാല്‍ സാര്‍ നിര്‍ദേശിക്കുന്നത്. റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് എ.ആര്‍ റഹ്മാന്റെ ഭാര്യ.
നടന്‍ റഹ്മാന്‍ എന്റെ അടുത്ത സുഹൃത്താണ്. റഹ്മാനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സിനിമയുടെയും എ.ആര്‍ റഹ്മാനുള്ള ഭാഗത്തിന്റെയുമൊക്കെ ചുരുക്കരൂപം അയക്കാന്‍ പറഞ്ഞു. അത് അയച്ച ശേഷം ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി. റഹ്മാന്‍ എന്ന റഫറന്‍സ് വെച്ചുതന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. വലിയ റിസ്‌കായിരുന്നു അത്.
എന്നാല്‍ ഞങ്ങളുടെ റിക്വസ്റ്റ് എ.ആര്‍ റഹ്മാന്‍ നിരസിച്ചു. എന്നാലും ഒരിക്കല്‍ കൂടി ശ്രമിച്ചു. എ.ആര്‍ റഹ്മാനുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗിന് അവസരം കിട്ടി. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് രണ്ട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വലിയ മോഹന്‍ലാല്‍ ഫാനാണ്. അഭിനേതാവെന്ന നിലയില്‍ ലാല്‍ സാറിനോട് വലിയ ബഹുമാനമാവും ആരാധനയുമാണെന്ന് പറഞ്ഞു.
പിന്നെ, സ്വന്തമായി സംഗീതം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് മലയാളത്തിലാണ് പല പടങ്ങളിലും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തതെന്നും പിന്നീട് യോദ്ധ ചെയ്‌തെന്നുമെല്ലാം അദ്ദേഹം പറഞ്ഞു. അങ്ങനെ അവസാനം എ.ആര്‍ റഹ്മാന്‍ ആറാട്ടില്‍ അഭിനയിക്കാന്‍ സമ്മതിച്ചു.
അപ്പോഴും കടമ്പകള്‍ തീര്‍ന്നില്ല. അദ്ദേഹത്തിന്റെ പരിപാടികളും വര്‍ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്പനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂര്‍ത്തിയാക്കി. അത് നമ്മളുടെ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കി ആറാട്ടില്‍ എ.ആര്‍ റഹ്മാനെ കൊണ്ടുവരാന്‍ സാധിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ലാല്‍ സാറും എ.ആര്‍ റഹ്മാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം നമുക്ക് ആറാട്ടില്‍ കാണാന്‍ സാധിക്കും,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഐ.എ.എസ് ഓഫീസറായിട്ടാണ് താരം എത്തുന്നത്.
നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.
ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: How A R Rahman agreed to act in Arattu movie, Director B Unnikrishanan opens up