| Friday, 15th September 2017, 4:54 pm

18 മാസം നീണ്ട ഐസിസ് തടവിനെ ഫാദര്‍ ടോം ഉഴുന്നാല്‍ അതിജീവിച്ചതെങ്ങനെ?: സുഹൃത്ത് സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

 “557 ദിവസം തീവ്രവാദികളുടെ തടവില്‍ അദ്ദേഹത്തെ അതിജീവിക്കാന്‍ സഹായിച്ചത് ആ മനശക്തിയാണ്. ആ മനസാന്നിധ്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.


ചൊവ്വാഴ്ച ഫാദം ടോം ഉഴുന്നാല്‍ മോചിതനായി എന്നറിഞ്ഞയുടന്‍ ഫാദര്‍ ജോര്‍ജ് മുട്ടത്തുപറമ്പില്‍ പോയത് ബംഗളുരുവിലെ സെലസ്റ്റിയന്‍ പ്രൊവിന്‍സ് ഹൗസിലെ ചാപ്പലിലേക്കാണ്. നന്ദിയറിയിച്ച് പ്രാര്‍ത്ഥിക്കാന്‍.

“ചാപ്പലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മനസു നിറയെ യെമനില്‍ ഞങ്ങള്‍ ഒരുമിച്ചു കഴിഞ്ഞ ദിനങ്ങളിലെ ഓര്‍മ്മയായിരുന്നു.” അദ്ദേഹം പറയുന്നു.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ അനുസരിച്ച് 2010ല്‍ ഉഴുന്നാലും മുട്ടത്തുപറമ്പിലും യെമനിലേക്കു പോയത്. അവിടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാല് വൃദ്ധസദനങ്ങളുണ്ടായിരുന്നു.

ഫാദര്‍ ജോര്‍ജ് പുതുശേരി, ഫാദര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവരുമുണ്ടായിരുന്നു ഇവര്‍ക്കൊപ്പം. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തി യെമനില്‍ കഴിയുന്നവര്‍ക്ക് മതപരമായ സേവനങ്ങള്‍ അവര്‍ ചെയ്തുകൊടുത്തു.

“1987 മുതലുളളതാണ് ഞങ്ങളുടെ സൗഹൃദം. നാലുവര്‍ഷത്തെ തിയോളജി കോഴ്‌സിനായി ബംഗളുരുവിലെ ക്രിസ്തു ജ്യോതി കോളജില്‍ ചേര്‍ന്നപ്പോള്‍ തുടങ്ങിയതാണത്. അദ്ദേഹം (ഉഴുന്നാല്‍) എന്നേക്കാള്‍ രണ്ടുവര്‍ഷം സീനിയര്‍ ആയിരുന്നു. അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.” ജോര്‍ജ് മുട്ടത്തുപറമ്പില്‍ ഓര്‍ക്കുന്നു.

 ഫാദര്‍ ജോര്‍ജ് മുട്ടത്തുപറമ്പില്‍

“1988ലാണ് ഉഴുന്നാല്‍ പൗരോഹിത്യം സ്വീകരിച്ചത്. 1990ല്‍ ഞാനും ആ വഴി പിന്തുടര്‍ന്നു.”

പൗരോഹിത്യം സ്വീകരിച്ചതിനു പിന്നാലെ ഇരുവരും കര്‍ണാടകയിലെ വ്യത്യസ്ത മേഖലകളിലായി പ്രവര്‍ത്തനം. എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ബംഗളുരുവിലെ സെല്‍സിയന്‍ പ്രൊവിന്‍സ് ഹൗസില്‍ ഒത്തുചേരും.

പക്ഷേ യെമനിലെ ഉത്തരവാദിത്തങ്ങള്‍ അവരെ ഒരിക്കല്‍കൂടി ഒരുമിപ്പിച്ചു.

“ഉഴുന്നാലിന് വൈകിയാണ് വിസ ലഭിച്ചത്. അതുകൊണ്ട് യെമന്‍ യാത്ര ഞങ്ങള്‍ ഒരുമിച്ചായിരുന്നില്ല.” മുട്ടത്തുപറമ്പില്‍ പറയുന്നു. “ജൂണ്‍ 29നാണ് ഞാന്‍ അവിടെ എത്തിയത്. ഒരാഴ്ച കഴിഞ്ഞ് ഉഴുന്നാലും.”

“വെവ്വേറെ പ്രവിശ്യകളിലാണ് ജോലി ചെയ്തിരുന്നതെങ്കിലും മാസത്തില്‍ ഒരിക്കല്‍ തലസ്ഥാനമായ സനായില്‍ ഒരുമിച്ചുകൂടുമായിരുന്നു.”

2014ല്‍ ഉഴുന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നശേഷം ക്രിസ്തു ജ്യോതി തിയോളജി കോളജില്‍ അഡ്മിനിസ്‌ട്രേറ്ററായി ചേര്‍ന്നു. എന്നാല്‍ 2015ല്‍ യെമനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മേഖലയിലെ ക്രിസ്ത്യന്‍ സമുദായത്തെ സഹായിക്കാനായി വീണ്ടും തിരിച്ച് യെമനിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചു.

സര്‍ക്കാര്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യെമനിലെത്താനായി അദ്ദേഹം സ്വയം യു.എന്നിന്റെ മെഡിക്കല്‍ എയ്ഡ് ജീവനക്കാരനായി അവതരിപ്പിക്കുകയായിരുന്നു. “അദ്ദേഹത്തിന്റെ മനക്കരുത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അത്. ഇത്തരമൊരു റിസ്‌ക് ഏറ്റെടുക്കാന്‍ ആരും തയ്യാറാവില്ല.” മുട്ടത്തുപറമ്പില്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രസിഡന്റ് അബ്ദ് റബ് മന്‍സൂര്‍ ഹാദിയും ഹൂത്തി വിമതരെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 7500ലേറെ ആളുകള്‍ കൊല്ലപ്പെടുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുകയും ചെയ്തിരുന്നു. യെമനിലെ സ്ഥിതി മോശമായതോടെ പുതുശേരിയും ജോണും 2016ന്റെ തുടക്കത്തില്‍ ഇന്ത്യയിലേക്കു മടങ്ങി. എന്നാല്‍ മുട്ടത്തുപറമ്പിലും ഉഴുന്നാലും അവിടെ തുടര്‍ന്നു.

“ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. പക്ഷേ എല്ലാ വെല്ലുവിളികളേയും നേരിടാന്‍ ഉഴുന്നാല്‍ എനിക്കു ധൈര്യം തന്നു. ദൈവം നമുക്കൊപ്പമാണ്, അതുകൊണ്ട് ഒന്നും പേടിക്കേണ്ടയെന്ന് പറഞ്ഞ് അദ്ദേഹം ദിവസവും വിളിക്കാറുണ്ടായിരുന്നു.” മുട്ടത്തുപറമ്പില്‍ ഓര്‍ക്കുന്നു.

എന്നാല്‍ 2016 മാര്‍ച്ച് നാലിന് ഏദനിലെ നഴ്‌സിങ് ഹോമില്‍ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ നടത്തിയ റെയ്ഡിനു പിന്നാലെ അവര്‍ അദ്ദേഹത്തെ പിടികൂടി. ആ സംഭവത്തില്‍ ഒരു ഇന്ത്യന്‍ കന്യാസ്ത്രീയുള്‍പ്പെടെ കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഐ.എസ്.ഐ.എസ് തീവ്രവാദികളുടെ തടവിലാകുന്നതുവരെ എല്ലാദിവസവും മുട്ടത്തുപറമ്പിലിനെ ഉഴുന്നാല്‍ ഫോണില്‍ വിളിക്കുമായിരുന്നു. “മാര്‍ച്ച് നാലിലെ തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സിസ്റ്റര്‍ സാലി വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവര്‍ കരയുകയായിരുന്നു. ഉഴുന്നാലിനെ ഈ സംഭവത്തിനുശേഷം കാണാനില്ലെന്നും പറഞ്ഞു. ഞാനാകെ ഞെട്ടി. എന്തു ചെയ്യണമെന്ന് പോലും അറിയില്ല. മൃതദേഹങ്ങള്‍ക്കിടയിലും തിരഞ്ഞെന്നാണ് അവര്‍ പറഞ്ഞത്.”

മാര്‍ച്ച് 30നാണ് മുട്ടത്തുപറമ്പില്‍ തിരിച്ചെത്തിയത്. പാസ്‌പോര്‍ട്ട് പുതുക്കേണ്ടതിനാല്‍ അദ്ദേഹം ഇന്ത്യയില്‍ തുടര്‍ന്നു. “പക്ഷെ എനിക്ക് ദൈവത്തില്‍ വിശ്വാസമായിരുന്നു. അദ്ദേഹം ജീവനോടെ തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

“557 ദിവസം തീവ്രവാദികളുടെ തടവില്‍ അദ്ദേഹത്തെ അതിജീവിക്കാന്‍ സഹായിച്ചത് ആ മനശക്തിയാണ്. ആ മനസാന്നിധ്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.

ഉഴുന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് മുട്ടത്തുപറമ്പില്‍. ” അദ്ദേഹമിപ്പോള്‍ വത്തിക്കാനിലാണ്. ബംഗളുരുവില്‍ അദ്ദേഹം ഉടന്‍ വരുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.”

We use cookies to give you the best possible experience. Learn more