അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണം; യെമനിലെ തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൂത്തികള്‍
World News
അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണം; യെമനിലെ തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൂത്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 9:59 pm

സന: യെമനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണം നടത്തിയതില്‍ അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഹൂത്തി വിമതര്‍. അമേരിക്കയുടെ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കുകളും മറ്റു നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നും ഹൂത്തികള്‍ ശക്തമായി മടങ്ങി വരുമെന്നും ഹൂത്തി വിമതര്‍ അറിയിച്ചു.

അമേരിക്കന്‍ നാവികസേനയുടെ യു.എസ്.എസ് കാര്‍ണിയില്‍ നിന്ന് ഹൂത്തി സൈറ്റുകളിലേക്ക് ടോമാഹോക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹൂത്തികളുടെ ആക്രമണങ്ങള്‍ക്ക് നേരെ കൂടുതല്‍ സ്ട്രൈക്കുകള്‍ക്ക് ഉത്തരവിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹൂത്തികളുടെ സൈനിക സൈറ്റുകളെ ലക്ഷ്യമിട്ട് യു.എസും യു.കെയും സംയുക്തമായി കരയിലൂടെയും കടലിലൂടെയും നടത്തിയ ആക്രമണങ്ങളെ ഒരു ‘ഫോളോ ഓണ്‍ ആക്ഷന്‍’ എന്ന് സേനകള്‍ വിശേഷിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംയുക്താക്രമണത്തില്‍ ഹൂത്തി സേനയുടെ നിയന്ത്രണത്തിലുള്ള 16ലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് യു.എസില്‍ നിന്നും യു.കെയില്‍ നിന്നും 150ലധികം യുദ്ധോപകരണങ്ങള്‍ പ്രയോഗിച്ചതായി യു.എസ് പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട സൈറ്റുകളില്‍ ഹൂത്തികളുടെ ആയുധ ഡിപ്പോകള്‍, ലോഞ്ച് സൈറ്റുകള്‍, എയര്‍ ഡിഫന്‍സ് റഡാറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ നോഡുകള്‍, പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം വ്യാഴാഴ്ച രാത്രി യെമനില്‍ യു.എസും യു.കെയും നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസിലെ എം.പിമാര്‍ രംഗത്തെത്തിയിരുന്നു. ഈ വ്യോമാക്രമണം നിയമവിരുദ്ധവും അമേരിക്കന്‍ ഭരണഘടനയുടെ ലംഘനമാണെന്നും എം.പിമാര്‍ പറഞ്ഞു. യെമനിലെ ആക്രമണത്തിനായി ബൈഡന്‍ നിയമനിർമാണ സഭയുടെ അനുവാദം വാങ്ങിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എം.പിമാരുടെ വിമര്‍ശനത്തിന് പിന്നാലെ വാഷിങ്ടണിലും ന്യൂയോര്‍ക്കിലും നിരവധി പ്രതിഷേധങ്ങളാണ് നടന്നത്. ‘ലെറ്റ് യെമന്‍ ഫ്രീ’, ‘ഹാന്‍ഡ്സ് ഓഫ് യെമന്‍’ തുടങ്ങി നിരവധി മുദ്രാവാക്യങ്ങള്‍ മുഴക്കി ആളുകള്‍ വൈറ്റ് ഹൗസില്‍ മുന്നില്‍ സംഘടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Houthis warn US to expect retaliation for continued airstrikes in Yemen