യു.എസിനെ വിടാതെ ഹൂത്തികള്‍; ചെങ്കടലില്‍ മറ്റൊരു കപ്പല്‍ കൂടി ആക്രമിച്ചു
Trending
യു.എസിനെ വിടാതെ ഹൂത്തികള്‍; ചെങ്കടലില്‍ മറ്റൊരു കപ്പല്‍ കൂടി ആക്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th January 2024, 11:47 am

സനാ: ചെങ്കടലില്‍ യു.എസ് കപ്പലുകള്‍ക്കെതിരായ ആക്രമണം തുടര്‍ന്ന് ഹൂത്തികള്‍. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലായ ജെന്‍കോ പികാര്‍ഡ് ആണ് ആക്രമിക്കപ്പെട്ടത്. സൂയസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.

ജെന്‍കോ പിക്കാര്‍ഡിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തതായി ഹൂത്തി വക്താവ് അറിയിച്ചു.

യെമന്‍ തുറമുഖമായ ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്ക് വെച്ച് യു.എസിന്റെ ഒരു വ്യാപാര കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം ട്രേഡ് ഓര്‍ഗനൈസേഷന് (യു.കെ.എം.ടി.ഒ) റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

കപ്പലിന് നേരെ നടന്നത് ഡ്രോണ്‍ ആക്രമണമാണ്. ആക്രമണത്തില്‍ കപ്പലിന് തീ പിടിച്ചെന്നും തീ അണച്ചെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ തന്നെ ഹൂത്തി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. യു.എസ് ഉടമസ്ഥതയിലുള്ള ജെന്‍കോ പിക്കാര്‍ഡിന് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

‘യെമന്‍ സായുധ സേനയുടെ നാവിക സംഘം അമേരിക്കന്‍ കപ്പലിനെതിരെ ഒരു ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. ഏദന്‍ ഉള്‍ക്കടലിലാണ് ആക്രമണം നടന്നത്.

യെമനെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടതില്ല. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ചെങ്കടലില്‍ ഏത് രീതിയിലുള്ള ഭീഷണികള്‍ ഉയര്‍ന്നാലും അതിനെ പ്രതിരോധിച്ചിരിക്കും,’ യഹ്യ സാരി പറഞ്ഞു.
അതേസമയം കപ്പല്‍ ആക്രമിക്കപ്പെട്ടതായി യു.എസും സ്ഥിരീകരിച്ചിട്ടുണ്ട്.

‘കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല, പക്ഷേ ചില നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കപ്പല്‍ നിലവില്‍ കടല്‍പ്പാതയില്‍ തന്നെയാണ്,’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു

ഒക്ടോബറില്‍ ഇസ്രഈയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ചെങ്കടലില്‍ ഹൂത്തികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഇസ്രഈല്‍ കപ്പലുകളും ഇസ്രഈലിന് സഹായം നല്‍കുന്ന രാജ്യങ്ങളുടെ കപ്പലുകളുമാണ് ചെങ്കടലില്‍ ഹൂത്തികള്‍ ആക്രമിക്കുന്നത്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുന്നതുവരെ ഈ ആക്രമണം തുടരുമെന്നും ഹൂത്തികള്‍ അറിയിച്ചിട്ടുണ്ട്.

ഹൂത്തികളുടെ ആക്രമണത്തിന് പിന്നാലെ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും വേഗതയേറിയ ചരക്ക് പാതയായ സൂയസ് കനാല്‍ ഒഴിവാക്കിക്കൊണ്ടാണ് നിലവില്‍ പ്രമുഖ ഷിപ്പിങ് കമ്പനികള്‍ യാത്ര നടത്തുന്നത്. ലോകത്തിലെ വാണിജ്യ ഷിപ്പിങ്ങിന്റെ 15 ശതമാനവും നടക്കുന്നത് സൂയസ് കനാലിലൂടെയാണ്.

ചെങ്കടലിലെയും ബാബ്-അല്‍ മന്ദാബ് കടലിടുക്കിലെയും സമുദ്ര വാണിജ്യം സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ യു.എസും യുകെയും കഴിഞ്ഞ വ്യാഴാഴ്ച ഹൂത്തികള്‍ക്കെതിരെ പ്രത്യാക്രമണം ആരംഭിച്ചിരുന്നു.

Content Highlight: Houthis strike another US vessel