സനാ: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്ന് യെമനിലെ ഹൂത്തി വിമത സംഘം. ഗ്രീക്ക് ഉടമസ്ഥയിലുള്ള കല്‍ക്കരി കപ്പലിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹൂത്തി വക്താക്കള്‍ തന്നെ പുറത്തുവിട്ടു.
ഹൂത്തികളുടെ ആക്രമണത്തില്‍ ഗ്രീക്ക് കപ്പല്‍ മുങ്ങിയെന്നും ഒരു ജീവനക്കാരനെ കാണാതായെന്നും മാരിടൈം അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കപ്പലാണ് ചെങ്കടലില്‍ ആക്രമിക്കപ്പെടുന്നത്.
Yemen’s Houthis have released videos believed to show the moment they attacked a Greek-owned coal carrier ship in the Red Sea. Maritime officials said the ship had sunk and one crew member was missing. pic.twitter.com/QfO5loA3lv
രണ്ടാമത്തെ കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഏഷ്യന്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
‘ഇത് അസ്വീകാര്യമായ സാഹചര്യമാണ്. കപ്പലുകള്‍ക്ക് നേരെയുള്ള ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം,’ എന്ന് വേള്‍ഡ് ഷിപ്പിങ് കൗണ്‍സില്‍, യൂറോപ്യന്‍ കമ്മ്യൂണിറ്റി ഷിപ്പ് ഓണേഴ്സ് അസോസിയേഷനുകള്‍, ഏഷ്യന്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളായ നാവികരെ സംരക്ഷിക്കുന്നതിനും ചെങ്കടലിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതിനും നടപടിയെടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം ആരംഭിക്കുന്നത്. ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യ ഇസ്രഈല്‍ അവസാനിപ്പിക്കുമ്പോള്‍ ചെങ്കടലിലെ ആക്രമണം തങ്ങളും നിര്‍ത്തുമെന്നാണ് ഹൂത്തികള്‍ പറയുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം അറുപതോളം ആക്രമണങ്ങളാണ് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ടത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമുദ്രമേഖല നേരിടുന്ന ഏറ്റവും കഠിനമായ പോരാട്ടമാണ് ഇതെന്ന് ആഗോള തലത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൂത്തികളെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഒരു സംയുക്ത സേന രൂപീകരിച്ചിരുന്നെങ്കിലും ആക്രമങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത.
Content Highlight: Houthis sink Greek-owned coal ship in Red Sea