ജെറുസലേം: ഇസ്രഈലി തുറമുഖ നഗരമായ എയ്ലാറ്റില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികള്‍. ഇസ്രഈല്‍ തുറമുഖ നഗരമായ എയ്‌ലാറ്റും ചെങ്കടലിലെ ഒരു വാണിജ്യ കപ്പലും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമത സംഘം പറഞ്ഞു. ഗസക്കെതിരായി ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് യമനിലെ ഹൂത്തികള്‍ ഇസ്രഈല്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം ആരംഭിച്ചത്.
എയ്ലാറ്റിലും ‘അധിനിവേശ ഫലസ്തീനിലെ മറ്റ് പ്രദേശങ്ങളിലും’ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ ചൊവ്വാഴ്ച പറഞ്ഞു. മൂന്ന് മുന്നറിയിപ്പ് കോളുകള്‍ നിരസിച്ചതിന് പിന്നാലെ ചെങ്കടലിലെ ഒരു എം.എസ്.സി യുണൈറ്റഡ് കപ്പലിന് നേരെയും മിസൈലുകള്‍ വിക്ഷേപിച്ചതായി യഹ്‌യ സരിയ പറഞ്ഞു.
സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന എം.എസ്.സി യുണൈറ്റഡ് കപ്പലിന് നേരെ ആക്രമണം നടന്നെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണെന്ന് എം.എസ്.സി മെഡിറ്ററേനിയന്‍ സ്ഥിരീകരിച്ചു.
വിഷയത്തില്‍ അന്വേഷണം നടത്തുകയാണന്നും ചെങ്കടലിലെ യു.എസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തിന് മുന്‍പില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഷിപ്പിംഗ് കമ്പനി പറഞ്ഞു.
യെമന്‍ തീരത്ത് ഒരു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണവും സ്‌ഫോടനവും നടന്നതായി ബ്രിട്ടീഷ് മാരിടൈം ഗ്രൂപ്പ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ആക്രമണം സ്ഥിരീകരിച്ച് എം.എസ്.സി യുണൈറ്റഡ് രംഗത്തെത്തിയത്.
യെമനിലെ ഹൊദൈദ തുറമുഖത്തിന് 60 നോട്ടിക്കല്‍ മൈല്‍ (111 കിലോമീറ്റര്‍) അകലെയാണ് സംഭവം നടന്നതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ) അറിയിച്ചു.
‘ഒരു വാണിജ്യ ഷിപ്പിംഗ് കപ്പല്‍ രണ്ട് ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കപ്പല്‍ സുരക്ഷിതമായി യാത്ര തുടരുന്നുണ്ട്. അമേരിക്ക രൂപീകരിച്ച നാവിക സഖ്യവുമായി അവര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഗസക്കെതിരായ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുമാണ് ചെങ്കടലില്‍ ഹൂത്തികള്‍ ആക്രമണം തുടരുന്നത്.
വടക്കന്‍ യെമനിലെ വിശാലമായ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തികള്‍ ഡസന്‍ കണക്കിന് രാജ്യങ്ങളുമായി ബന്ധമുള്ള 10 വാണിജ്യ ഷിപ്പിംഗ് കപ്പലുകളെ ലക്ഷ്യമിട്ട് നൂറിലധികം ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് അറിയിച്ചിട്ടുണ്ട്.
ഹൂത്തികളുടെ ആക്രമണത്തില്‍ നിന്ന് വാണിജ്യ കപ്പലുകളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ യു.എസ് അടുത്തിടെ ഒരു സുരക്ഷാ സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും ചെങ്കടലില്‍ ഇസ്രഈല്‍ കപ്പലുകള്‍ക്കും ഇസ്രഈല്‍ തുറമുഖത്തേക്ക് എത്തുന്ന കപ്പലുകള്‍ക്ക് നേരേയും ഹൂത്തികള്‍ ആക്രമണം തുടരുന്നുണ്ട്.
Content Highlight: Houthis say they carried out drone attack on Israeli port of Eilat