| Saturday, 20th January 2024, 1:43 pm

റഷ്യയുടേയും ചൈനയുടേയും കപ്പലുകള്‍ ഞങ്ങള്‍ തടയില്ല, ചെങ്കടലിലൂടെ അവര്‍ക്ക് സുരക്ഷിതമായി കടന്നുപോകാം: ഹൂത്തികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: ഇസ്രഈൽ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കപ്പലുകളെ ചെങ്കടലിലൂടെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുമെന്ന് യെമനിലെ ഹൂത്തി വിമതസംഘം. തങ്ങൾ ലക്ഷ്യമിടുന്ന രാജ്യങ്ങളിൽ റഷ്യയും ചൈനയും ഉൾപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. ഇസ്രഈലിനേയും സഖ്യകക്ഷികളെയും ആക്രമിക്കുമെന്നാണ് ഹൂത്തികൾ പ്രഖ്യാപിച്ചിരുന്നത്.

ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നത്. ഗസയിലെ ഇസ്രഈൽ ഉപരോധം നീക്കുകയും ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇസ്രഈലുമായി ബന്ധമുള്ള എല്ലാ കപ്പലുകളെയും ലക്ഷ്യംവെക്കുന്നത് തുടരുമെന്ന് ഹൂത്തികൾ പറഞ്ഞു.

‘ഇസ്രഈലി കപ്പലുകളെയോ ഇസ്രഈലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെയോ ചെങ്കടലിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ല. അവർക്കെതിരായ ആക്രമണങ്ങൾ തുടരും.

റഷ്യയും ചൈനയും ഉൾപ്പെടെയുള്ള ഒരു രാജ്യത്തിന്റെയും കപ്പലുകൾക്ക് ഭീഷണിയുണ്ടാകില്ല. ചെങ്കടലിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിന് അവർക്ക് വഴിയൊരുക്കും. കാരണം സുരക്ഷിത യാത്രക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ് യെമൻ,’റഷ്യൻ പത്രമായ ഇസ്വെസ്റ്റിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൂത്തി പൊളിറ്റ് ബ്യൂറോ അംഗമായ മുഹമ്മദ് അൽ-ബുഹെയ്‌തി പറഞ്ഞു.

ഏതെങ്കിലും ഒരു പ്രത്യേക കപ്പൽ പിടിച്ചെടുക്കുക എന്നതല്ല തങ്ങളുടെ ലക്ഷ്യം, മറിച്ച് ജൂതരാഷ്ട്രത്തിന്റെ സാമ്പത്തിക ചെലവ് വർധിപ്പിച്ച് ഗസയിലെ കൂട്ടക്കൊല തടയുക എന്നതാണ് എന്നും അദേഹം കൂട്ടിച്ചേർത്തു.

Content Highlight : Houthis pledge safe passage for Russian and Chinese ships

v

We use cookies to give you the best possible experience. Learn more