ചെങ്കടലില്‍ ഇനി യു.എസ് കപ്പലുകള്‍ സുരക്ഷിതരായിരിക്കില്ല; വെറുതെ വിടില്ലെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്
World
ചെങ്കടലില്‍ ഇനി യു.എസ് കപ്പലുകള്‍ സുരക്ഷിതരായിരിക്കില്ല; വെറുതെ വിടില്ലെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 2:14 pm

സന: ചെങ്കടല്‍ മേഖലയിലെ അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതര്‍. ഇറാന്‍ സഖ്യസേനയ്ക്കെതിരെ യു.എസും യുകെയും നടത്തിയ വ്യോമാക്രമണങ്ങങ്ങളാണ് ഹൂത്തികളെ പ്രകോപിപ്പിച്ചത്.

‘അമേരിക്ക അതിന്റെ സമുദ്ര സുരക്ഷ നഷ്ടപ്പെടുത്തുന്നതിന്റെ അവസാനവക്കിലാണ്” എന്നാണ് ഹൂത്തി വക്താവ് നസ്റുല്‍ദീന്‍ അമര്‍ പ്രതികരിച്ചത്. ഹമാസിനോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയില്‍ ഇസ്രഈലി കപ്പലുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നാണ് ഹൂത്തി സംഘം ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ യെമനിലെ പുതിയ യു.എസ്-യു.കെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യാക്രമണം അര്‍ഹിക്കുന്നു എന്ന് നസ്റുല്‍ദീന്‍ അമര്‍ തിങ്കളാഴ്ച അല്‍ ജസീറയോട് പറഞ്ഞു.

ഏദന്‍ ഉള്‍ക്കടലിലെ യു.എസിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പല്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ച് ഹൂത്തി സംഘം തിങ്കളാഴ്ച തന്നെ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളപായമോ വലിയ നാശനഷ്ടമോ സംഭവിക്കാത്ത മിസൈല്‍ ആക്രമണത്തിന് ശേഷം ‘ജിബ്രാള്‍ട്ടര്‍ ഈഗിള്‍’ ചരക്ക് കപ്പല്‍ യാത്ര തുടരുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (SENTCOM ) പ്രസ്താവനയിറക്കി. തെക്കന്‍ ചെങ്കടലില്‍ പ്രവര്‍ത്തിക്കുന്ന ‘യു.എസ്.എസ് ലാബൂണ്‍’ യുദ്ധക്കപ്പലിലേക്ക് യെമനിലെ ഹൂത്തി നിയന്ത്രിത പ്രദേശത്ത് നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഒരു യു.എസ് യുദ്ധവിമാനത്തെ വെടിവച്ചിട്ടതായും SENTCOM അവകാശപ്പെട്ടു.

ഒക്ടോബറില്‍ ഇസ്രാഈല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ചെങ്കടലില്‍ ഡസന്‍ കണക്കിന് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങലാണ് ഹൂത്തികള്‍ നടത്തിയത്. യുദ്ധം അവസാനിക്കുന്നതുവരെ ആക്രമണം തുടരുമെന്നും ഫലസ്തീന്‍ എന്‍ക്ലേവിലേക്ക് ആവശ്യ സഹായങ്ങള്‍ എത്തിക്കുമെന്നും സംഘം പ്രസ്താവനയില്‍ പറഞ്ഞു. സൂയസ് കനാലിലേക്കുള്ള ചെങ്കടല്‍ പാത ഒഴിവാക്കിക്കൊണ്ടാണ് പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ ഇതിനോട് പ്രതികരിച്ചത്. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും വേഗതയേറിയ ചരക്ക് പാതയാണ് സൂയസ് കനാല്‍.

വാണിജ്യ ഷിപ്പിംഗ് ഗതാഗതത്തിനായി ചെങ്കടലിനെ സുരക്ഷിതമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ യു.എസും യു.കെയും ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ബോംബിംഗ് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ യെമനിലെ ഹൂത്തികളുടെ ലക്ഷ്യകേന്ദ്രങ്ങളില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങള്‍ എഴുപതോളം ആക്രമണങ്ങളാണ് നടത്തിയത്. വ്യോമാക്രമണം ഉദ്ദേശിച്ച ഫലമുണ്ടാക്കി എന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. എന്നാല്‍ വിമത ഗ്രൂപ്പിന്റെ സൈനിക ശേഷിയെ കാര്യമായി ദുര്‍ബലപ്പെടുത്തുന്നതില്‍ ആക്രമണം പരാജയപ്പെട്ടുവെന്ന് ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Houthis issue new threat to American ships